പൊതുസമ്മേളനം കെ.എൽ. പൗലോസ് ഉദ്ഘാടനം ചെയ്യുന്നു.
പുൽപ്പള്ളി: സിപിഎം പോളിറ്റ്ബ്യൂറോ അംഗവും കേരള മുഖ്യമന്ത്രിയുമായ പിണറായി വിജയൻ അഴിമതിക്കാരായ മക്കൾ ജയിലിലടക്കപ്പെടാതിരിക്കാൻ സിപിഎം പാർട്ടിയെ കാവിവൽക്കരിച്ച് ആർഎസ്എസിന് അടിയറ വയ്ക്കുകയാണെന്ന് കെപിസിസി ജനറൽ സിക്രട്ടറി കെ.എൽ. പൗലോസ് ആരോപിച്ചു.
മുള്ളൻകൊല്ലിയിൽ മീനങ്ങാടി ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശബരിമല സ്വർണ കൊള്ളയ്ക്കെതിരേയും ബ്രഹ്മഗിരി നിക്ഷേപ തട്ടിപ്പിനെതിരേയും നടത്തിയ പ്രകടനവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയന്റെ പാത പിന്തുടർന്നുകൊണ്ടു വയനാട്ടിലെ സിപിഎം നേതാക്കളും വയനാട് ഇതുവരെ കണ്ടിട്ടില്ലാത്ത വൻ അഴിമതിക്ക് അടിമപ്പെട്ടിരിക്കുകയാണ്. 120 കോടിയുടെ ബ്രഹ്മഗിരിതട്ടിപ്പിൽ ഒ.ആർ. കേളുവും ജില്ലയിലെ പ്രധാന സിപിഎം നേതാക്കളും കുറ്റക്കാരാണ്. സഖാവ് വർഗീസ് വൈദ്യർ സദുദ്ദേശത്തോടെ ആരംഭിച്ച ഉദ്യമമാണ് ജില്ലയിലെ എല്ലാ സിപിഎം നേതാക്കളും ചേർന്ന് തകർത്തു കളഞ്ഞത്.
വിലക്കയറ്റവും നികുതി വർധനയും അഴിമതിയും ധൂർത്തും മൂലം കേരളത്തിലെ ജനജീവിതം ദുസഹമാക്കിയ പിണറായിയുടെ ഭരണത്തെ താഴെയിറക്കാൻ ജനങ്ങൾ കാത്തിരിക്കുകയാണ്. കോടാനുകോടി ഭക്തജനങ്ങളുടെ ആരാധന സങ്കേതമായ ശബരിമല ധർമ്മശാസ്താവിന്റെ സന്നിധിയിൽ നിന്നും കോടികളുടെ സ്വർണം ഈ സർക്കാരിന്റെ കാലത്ത് കടത്തി കൊണ്ടുപോയത് വിശ്വാസികൾ പൊറുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൊതു സമ്മേളനത്തിന് മുന്നോടിയായി മുള്ളൻകൊല്ലി ടൗണിൽ ആയിരങ്ങൾ പങ്കെടുത്ത പൊതുസമ്മേളനവും നടത്തി. മീനങ്ങാടി ബ്ലോക്ക് പ്രസിഡന്റ് വർഗീസ് മുരിയൻകാവിൽ അധ്യക്ഷത വഹിച്ചു. ഐ.സി. ബാലകൃഷ്ണൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി. കെ.കെ. വിശ്വാനാഥൻ, എൻ.യു. ഉലഹന്നാൻ, ബീന ജോസ്, ഇ.എ. ശങ്കരൻ, കെ.പി. മധു, പി.ഡി. ജോണി, കെ.ജി. ബാബു, എം.എസ്. പ്രഭാകരൻ, സണ്ണി ചാമക്കാല, ഗിരിജ കൃഷ്ണൻ, ടി.എസ്. ദ്വിലീപ് കുമാർ, പി.കെ. വിജയൻ, സുനിൽ പാലമറ്റം എന്നിവർ പ്രസംഗിച്ചു.
Tags : K.L. Paulos O.R. Kelu