കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഭാവിയില്‍ മഴ കുറയുകയും താപനില വര്‍ധിക്കുകയും ചെയ്യുമെന്ന് പഠന റിപ്പോര്‍ട്ട്. തരിശുനിലങ്ങളുടെ വീണ്ടെടുക്കല്‍ സാധ്യതകള്‍, കാലാവസ്ഥാ വ്യതിയാന സാഹചര്യങ്ങളും പൊരുത്തപ്പെടല്‍ മാര്‍ഗങ്ങളും എന്നീ വിഷയങ്ങളെ മുന്‍നിര്‍ത്തി സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് ആന്‍ഡ് മാനേജ്മെന്റ് (സിഡബ്ല്യുആര്‍ഡിഎം) മുഖേന ജില്ലാപഞ്ചായത്ത് തയാറാക്കിയ പഠനറിപ്പോര്ട്ടുകളിലാണ് ഈ കണ്ടെത്തല്‍.
ജില്ലയിലെ നെല്‍വയലുകളുടെ ശാസ്ത്രീയ പഠനം നടത്തി തരിശുനിലങ്ങള്‍ കൃഷിക്ക് ഉപയോഗപ്പെടുത്താനുള്ള സാധ്യതകള്‍ പരിശോധിക്കാനാണ് പഠനം നടത്തിയത്. സാറ്റ്ലൈറ്റ് ഡാറ്റ, ഗൂഗിള്‍ എര്‍ത്ത് പ്രോ തുടങ്ങിയവ ഉപയോഗിച്ച് ശേഖരിച്ച വിവരങ്ങള്‍, ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ച, ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അഭിപ്രായങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ജില്ലയിലെ നെല്‍വയലുകളുടെയും അവയിലെ തരിശ് ഭൂമിയുടെയും വിശദാംശങ്ങള്‍, കൃഷിയോഗ്യമായ 2,165 ഹെക്ടര്‍ നെല്‍വയലുകള്‍/പാടശേഖരങ്ങള്‍ എന്നിവയിലെ പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്.
ജില്ല അഭിമുഖീകരിക്കുന്ന കാലാവസ്ഥ സംബന്ധമായ അപകട സാധ്യതകളെക്കുറിച്ചും മഴയുടെയും താപനിലയുടെയും ഭാവിയിലെ മാറ്റങ്ങളെക്കുറിച്ചുമാണ് രണ്ടാമത്തെ പഠനം. ജില്ലയില്‍ ഭാവിയില്‍ മഴ കുറയുകയും താപനില വര്‍ധിക്കുകയും ചെയ്യുമെന്നും പഠനത്തില്‍ കണ്ടെത്തി. മാറിയ കാലാവസ്ഥ, ജലസ്രോതസുകളുടെ ലഭ്യതയെ എങ്ങനെ ബാധിക്കുമെന്നും പഠനം വിശകലനം ചെയ്യുന്നു. മണ്ണൊലിപ്പ് സാധ്യതകള്‍ വിശകലനം ചെയ്യുകയും മുന്‍ഗണനാ തലങ്ങളെ അടിസ്ഥാനമാക്കി അനുയോജ്യമായ ശിപാര്‍ശകള്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്.
റിപ്പോര്‍ട്ടിന്റെ പ്രകാശനം ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അബ്ദുൾ മജീദ്, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എം. രാജീവ് എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസ്, സെക്രട്ടറി ടി.ജി. അജേഷ്, സ്ഥിരംസമിതി അധ്യക്ഷരായ വി.പി. ജമീല, കെ.വി. റീന, നിഷ പുത്തന്‍പുരയില്‍, പി. സുരേന്ദ്രന്, മെമ്പര്‍മാരായ സുരേഷ് കൂടത്താംകണ്ടി, ഐ.പി. രാജേഷ്, നാസര്‍ എസ്റ്റേറ്റ്മുക്ക്, എം.പി. ശിവാനന്ദന്, മുക്കം മുഹമ്മദ് തുടങ്ങിയവര്‍ പങ്കെടുത്തു.