വി. പ്രോഡക്ട് മസാല ഉത്പന്നങ്ങളുമായി വീട്ടമ്മമാർ.
ജോൺസൺ വേങ്ങത്തടം
കൊല്ലം: കൈപ്പുണ്യവും വിശ്വാസ്യതയുമാണ് ഈ വീട്ടമ്മമാരുടെ കൈമുതൽ. വിവിധ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്തുള്ള മിശ്രിതങ്ങൾ,അവ ഭക്ഷണത്തിനു രുചിയും സുഗന്ധവും നൽകുന്നവ പായ്ക്കറ്റുകളിലാക്കി ഇവർ നിങ്ങളുടെ മുന്നിലെത്തിക്കുന്നു.
ഡോണ്‍ബോസ്കോ സലേഷ്യന്‍ സഭ ഫിഷര്‍മെൻ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ കീഴിലുള്ള പള്ളിത്തോട്ടം ഫിഷർമെൻ കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റി(എഫ്സിഡിഎസ്)യിലാണ് കലർപ്പില്ലാത്തതും മായമില്ലാത്തതുമായി മസാലപ്പൊടികൾ വി പ്രോഡക്്ട് എന്ന പേരിൽ എത്തുന്നത്. സോജ ലാസർ, സിന്ധു റുബൻസ്, മായ അജിത്ത്, ജസീന ജറോം, സിമി ഷിബു, ആശ വിഷ്ണു എന്നിവരാണ് ഈ ഉത്പന്നങ്ങൾക്കു പിന്നിലുള്ളവർ.
സെബാസ്റ്റ്യൻ ജോസഫാണ് ഉത്പന്നങ്ങൾ വിവിധ സ്ഥാപനങ്ങളിലെത്തിക്കുന്നത്. ഇതിന്റെ മാർക്കറ്റിംഗ് ഹെഡ് ജോബിൻ സെബാസ്റ്റ്യനാണ്.ഒരു വീട്ടിലേക്ക് ആവശ്യമായ എല്ലാ പൊടികളും ഇവിടെനിന്നും പായ്ക്കറ്റുകളാക്കി നിങ്ങളുടെ അടുക്കളയിലെത്തിക്കും. മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗോതന്പ് പൊടി, അരിപ്പൊടി, ഗരംമസാല, മീറ്റ് മസാല, ഉലുവ, ജീരകം, ചിക്കൻ, സന്പാർ പൊടി തുടങ്ങി എല്ലാവിധപൊടികളും മസാലകളും ഇവിടെ പായ്ക്കറ്റുകളാക്കി തരും. 100 ഗ്രാം മുതൽ ഒരു കിലോ പായ്ക്കറ്റുകൾ ലഭിക്കും. അച്ചാറുകൾ വേണോ അതും ഇവിടെയുണ്ട്.
ഓർഡർ അനുസരിച്ചും അച്ചാറുകൾ ഉണ്ടാക്കി നൽകുന്നു. ബീഫ്, ഫിഷ്, നാരങ്ങ, മാങ്ങ തുടങ്ങിയ അച്ചാറുകളെല്ലാം ഇവർ ഉണ്ടാക്കി തരും. തേങ്ങച്ചമ്മന്തി, ചെമ്മീൻചമ്മന്തികളും സുലഭം. ശർക്കരയും പുളിയും ഇവിടെ ലഭ്യമാണ്.പരസ്യത്തിന്റെ മേന്പൊടി ചേർക്കാതെ ഗുണമേന്മയിൽ ഊന്നിയുള്ള ഉത്പന്നങ്ങളാണ് നിങ്ങളുടെ മുന്നിലെത്തുന്നത്. മാർക്കറ്റുകളിൽനിന്നും മുളക് ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങി കഴുകി ഉണക്കി പൊടിച്ചു പായ്ക്കറ്റുകളിലാക്കിയാണ് ഇവർ തരുന്നത്.
മായം കലരാത്ത മുളക്, കുരുമുളക്, മഞ്ഞൾ പൊടികൾ ലഭിക്കുമെന്ന് ഉറപ്പില്ലാത്ത കാലത്താണ് ഈ വീട്ടമ്മമാർ കലർപ്പില്ലാത്ത മസാലപ്പൊടികൾ നൽകുന്നത്.
വൻലാഭമൊന്നും ഇവരും ഇവരെ നയിക്കുന്ന സൊസൈറ്റിയും പ്രതീക്ഷിക്കുന്നില്ല. ഡയറക്ടർ ഡയറക്ടര്‍ ഫാ. സജി ഇളമ്പാശേരില്‍ വീട്ടമ്മമാർക്ക് തൊഴിൽ, മാസവരുമാനം, മായമില്ലാത്ത പ്രോഡക്ട് എന്നിവ മാത്രമാണ് ലക്ഷ്യം വച്ചിരിക്കുന്നത്.
ആശുപത്രി കാന്റീനുകൾ, ഹോട്ടലുകൾ, വീടുകൾ, കാറ്ററിംഗ് യൂണിറ്റുകൾ എന്നിവ കേന്ദ്രീകരിച്ചാണ് വില്പന. ഇതുകൂടാതെ വിവിധ ആഘോഷങ്ങളിലും ഫെസ്റ്റിവൽ സീസണുകളിലും സ്റ്റാളുകളുമുണ്ട്.
ഒരു പ്രാവശ്യം വാങ്ങിയാൽ വീണ്ടും ഇവിടെനിന്നും വാങ്ങുന്നുവെന്നതാണ് പ്രത്യേകത. വിദേശനാടുകളിലേക്കു പോകുന്നവർ ഇവിടെനിന്നും വാങ്ങി പോകുന്നതും മായമില്ലാത്ത പൊടികൾ കിട്ടുന്നതുകൊണ്ടുമാത്രമാണ്.