താമരശേരി: അമ്പായത്തോടിലെ കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ്കട്ട് സ്ഥാപനത്തിലെ ഫാക്ടറിക്ക് തീവച്ചതില്‍ സമരസമിതിക്ക് പങ്കില്ലെന്ന് സമരസമിതി ചെയര്മാന് കുടുക്കില്‍ ബാബു വ്യക്തമാക്കി. പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയ അതേ നിമിഷം തന്നെ ഫാക്ടറിയില്‍ തീവയ്പ് ഉണ്ടായിട്ടുണ്ട്. ഇതിനു പിന്നില്‍ അട്ടിമറി സംശയിക്കുന്നതായും അദ്ദേഹം ആരോപിച്ചു.
നിലവില്‍ ഫാക്ടറിക്ക് പുറത്തെ സിസി ടിവി ദൃശ്യങ്ങള്‍ മാത്രമാണ് പുറത്തുവിട്ടിട്ടുള്ളത്. ഫാക്ടറിക്ക് അകത്തെ ദൃശ്യങ്ങളും പുറത്തുവിടാന്‍ തയാറാകണം. സമരസമിതിയില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടിക്കാരുമുണ്ട്. ജനാധിപത്യ രൂപത്തിലാണ് സമരം മുന്നോട്ട് പോയത്. സമരം നടന്ന സ്ഥലവും ഫാക്ടറിയും തമ്മില്‍ ഏറെ ദൂരമുണ്ട്. ഫാക്ടറിക്ക് പോലീസ് സംരക്ഷണവുമുണ്ട്. പിന്നെ എങ്ങനെ അക്രമി സംഘം ഫാക്ടറിക്ക് അകത്തു കടന്നുവെന്നതും ദുരൂഹമാണ്.
സമരം പൊളിക്കാനായി ചിലർ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണോ തീവയ്പ് എന്നതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്നും സമരസമിതി ആവശ്യപ്പെട്ടു. പരിസ്ഥിതി മലീനികരണം അടക്കമുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷമായി ഫ്രഷ്കട്ടിനെതിരേ നാട്ടുകാര്‍ സമരത്തിലാണ്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പോലീസ് സംരക്ഷണത്തിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചുവന്നിരുന്നത്.
അതിനിടെ ഇക്കഴിഞ്ഞ ചൊവ്വാഴ്ച സ്ത്രീകളും കുട്ടികളുമടക്കമുള്ള വന്‍ ജനാവലി സമരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ലാത്തിച്ചാര്‍ജില്‍ നാട്ടുകാര്‍ക്കും കല്ലേറില്‍ എസ്പി അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റു. ഫ്രഷ്കട്ടിലെ നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സമരത്തിനിടെ പുറത്തുനിന്നുള്ളവര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയെന്നാണ് സിപിഎം അടക്കമുള്ള രാഷ്ട്രീയപാര്‍ട്ടികളും ഫ്രഷ്കട്ട് ഉടമകളും ആരോപിക്കുന്നത്.
ജില്ലാ കളക്ടര്‍ 29ന് സര്‍വകക്ഷി യോഗം വിളിക്കും
താമരശേരി: ഫ്രഷ്കട്ട് കോഴി അറവുമാലിന്യ സംസ്കരണ കേന്ദ്രവുമായി ബന്ധപ്പെട്ട വിഷയത്തില്‍ 29ന് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുമെന്ന് ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു.
യോഗത്തിന് മുമ്പ് മാലിന്യ സംസ്കരണ കേന്ദ്രം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ശുചിത്വമിഷന്, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്കി.
സര്‍വകക്ഷിയോഗം വിളിക്കണമെന്ന് എം.കെ. രാഘവന് എംപിയും ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷം കെട്ടടങ്ങിയതോടെ ഫാക്ടറി വീണ്ടും പഴയരീതിയില്‍ പ്രവര്‍ത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഉടമകള്‍.
സംഘര്‍ഷവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കൂടുതല്‍ അറസ്റ്റിനൊരുങ്ങുകയാണ് പോലീസ്. ഇന്നലെ മൂന്ന് പേരെക്കൂടി പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രണ്ടുപേര്‍ അറസ്റ്റിലായിരുന്നു.
Tags : Fresh Cut strike Kozhikode