കയ്പമംഗലം: ദേശീയപാത നിർമ്മാണത്തെ തുടർന്ന് രൂപപ്പെട്ട ശക്തമായ വെള്ളക്കെട്ട് പരിഹരിച്ചില്ല; കരാർകമ്പനിയുടെ വാഹനങ്ങൾ നാട്ടുകാർ തടഞ്ഞു.
നാഷണൽ ഹൈവേ നിർമാണത്തെ തുടർന്ന് പോളക്കുളം മേഖലയിൽ നിരവധി തോടുകളാണ് മൂടിപ്പോയത്. ഇതേ തുടർന്ന് പ്രദേശത്ത് ശക്തമായ വെള്ളക്കെട്ട് രൂപപ്പെടുകയും പല വീടുകളിലും വെള്ളം കയറുകയും ചെയ്തു . പല തവണ നാട്ടുകാർ ആവശ്യപ്പെട്ടിട്ടും ഇതേവരെ പ്രശ്നത്തിന് പരിഹാരം കാണാൻ കരാർ കമ്പനി തയാറായില്ല.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയ്യുന്ന കനത്ത മഴയെ തുടർന്ന് നിരവധി വീടുകളിൽ വെള്ളക്കെട്ട് രൂക്ഷമായി. ഇതോടെ പ്രദേശവാസികളുടെ ദുരിതം വർധിച്ചു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പ്രസ്തുത വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കരാർ കമ്പനിയുടെ ധാർഷ്ട്യം തുടരുകയായിരുന്നു. ഇതേ തുടർന്ന് മുൻ പഞ്ചായത്ത് മെമ്പർ സുനിൽ പി. മേനോന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ദേശീയ പാത നിർമാണ കമ്പനിയുടെ വാഹനങ്ങൾ തടഞ്ഞിട്ടു.
പ്രതിഷേധം ശക്തമായതോടെ മതിലകം പോലീസ് സ്ഥലത്തെത്തി റോഡ് ഉപരോധക്കാരുമായും കരാർ കമ്പനി പ്രതിനിധിയുമായും ചർച്ച നടത്തി.
ദേശീയപാത നിർമ്മാണത്തിന്റെ കോൺട്രാക്റ്റ് എടുത്ത ശിവാലയ കമ്പനി മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് തോടുകളും ഇന്നും നാളെയുമായി വൃത്തിയാക്കാമെന്ന് ചർച്ചക്കൊടുവിൽ സമ്മതിക്കുകയായിരുന്നു. ഇതേ തുടർന്ന് നാട്ടുകാർ തങ്ങളുടെ പ്രതിഷേധം പിൻവലിച്ചു.
പി.ആർ. രാജേഷ്, ജോഷി ചെന്നറ, എൻ.എം.ഷമിതൻ, രവി തേവാലിൽ, എം.എച്ച്.ഷറഫു, ലിന്റൻ ആന്റണി, പ്രിയ ബിജോയ്, പി.എ. അഖിൽ, സുഭാഷ് വാസു എന്നിവർ പ്രതിരോധ സമരത്തിന് നേതൃത്വം നൽകി. കയ്പമംഗലം പഞ്ചായത്തിലും സമാന വിഷയത്തിൽ പ്രശ്ന പരിഹാരം കാണാത്തതിനെ തുടർന്ന് പഞ്ചായത്തംഗങ്ങൾ പ്രതിഷേധം നടത്തിയിരുന്നു.
Tags : nattuvishesham local news