മാടപ്പള്ളി പഞ്ചായത്തില്‍ ഡ്രോണ്‍ സര്‍വെ ആരംഭിച്ചു
മാടപ്പള്ളി: ഗ്രാമപഞ്ചായത് നടപ്പാക്കുന്ന സമഗ്ര ജിഐഎസ് മാപ്പിംഗ് പദ്ധതിയുടെ ഭാഗമായുള്ള ഡ്രോണ്‍ സര്‍വെ ആരംഭിച്ചു. നൂതന സാങ്കേതിക വിദ്യകളായ ഡ്രോണ്‍, ഡിജിപിഎസ്, ജിപിഎസ്, പ്രത്യേകം രൂപപ്പെടുത്തിയ മൊബൈല്‍ ആപ്പ് തുടങ്ങിയവയുടെ സഹായത്തോടെ പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ പൊതു, സ്വകാര്യ ആസ്തികളും അവയുടെ അടിസ്ഥാന വിവരങ്ങളോടെ മാപ് ചെയ്യുകയും അവ വിശകലന സൗകര്യത്തോടു കൂടിയ വെബ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുകവഴി ആവശ്യമായ വിവരങ്ങള്‍ ആവശ്യമുള്ള രീതിയില്‍ ജീവനക്കാരുടെയും ജനപ്രധിനിതികളുടെയും വിരല്‍ത്തുമ്പില്‍ എത്തിക്കുകയാണ് പദ്ധതി വഴി ലക്ഷ്യം വയ്ക്കുന്നത്.
പഞ്ചായത്തു പരിധിയില്‍ ആകാശത്തു അഞ്ചു ദിവസം ഡ്രോണ്‍ സര്‍വെ ഉണ്ടാകുമെന്നും ആരും ഇതുകൊണ്ട് ആശങ്കപ്പെടേണ്ടതില്ലെന്നും പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. പദ്ധതിയുമായി മുഴുവന്‍ ജനങ്ങളും സഹകരിക്കണമെന്നും പദ്ധതിയുടെ ഭാഗമായുള്ള കെട്ടിട സര്‍വെയുമായി പഞ്ചായത്ത് നിയോഗിക്കുന്ന ആളുകള്‍ സമീപിക്കുമ്പോള്‍ പൂര്‍ണവും സത്യസന്ധവും കൃത്യവുമായ വിവരങ്ങള്‍ നല്‍കണമെന്നും അധികൃതര്‍ അറിയിച്ചു.
ആധുനിക വിവരസാങ്കേതികവിദ്യയുടെ സഹായത്താല്‍ നടപ്പാക്കുന്ന ഈ പദ്ധതി പ്രകാരം പഞ്ചായത്ത് പരിധിയിലെ മുഴുവന്‍ കെട്ടിടങ്ങളും ഫോട്ടോ ഉള്‍പ്പടെയുള്ള സമ്പൂര്‍ണ വിവരങ്ങള്‍ ഉള്‍പ്പെടുത്തി മാപ്പ് ചെയ്യുന്നതോടൊപ്പം റോഡ്, പാലം, കല്‍വര്‍ട്ട്, ഡ്രൈനേജ്, കനാല്‍, ലാന്‍ഡ്മാര്‍ക്ക്, തണ്ണീര്‍ത്തടങ്ങള്‍, സൂക്ഷ്മതല ഭൂവിനിയോഗ മാപ്പുകള്‍ എന്നിവ ഒരു വെബ്പോര്‍ട്ടലില്‍ ആവശ്യാനുസരണം സേര്‍ച്ച് ചെയ്തു പരിശോധിക്കാന്‍ കഴിയുംവിധമാണ് തയാറാക്കുന്നത്.
ആധുനികതയിലൂന്നിയ ആസൂത്രണം, കൃത്യതയാര്‍ന്ന പദ്ധതി വിഭാവനനിര്വഹണം, ക്ഷേമപദ്ധതികള്‍ ഏറ്റവും അര്‍ഹരിലേക്ക് എത്തിക്കുക, അടിസ്ഥാന സൗകര്യ വികസനം എന്നിവ ഏറ്റവും കൃത്യതയോടെ നടപ്പാക്കാന്‍ സഹായിക്കുന്നതോടൊപ്പം കൃഷി, വ്യവസായം, ആരോഗ്യം, ദുരന്തനിവാരണം തുടങ്ങിയ മേഖലകളിലെ പദ്ധതികള്‍ കാര്യക്ഷമമായി പ്രാവര്‍ത്തികമാക്കാനും സര്‍വേ സഹായിക്കും.
പഞ്ചായത്തിന്റെ സമഗ്ര വികസനം ശാസ്ത്രീയമായി സാധ്യമാക്കാന്‍ പദ്ധതി സഹായകമാകുമെന്നും കെ-സ്മാര്‍ട്ട് ഉള്‍പ്പടെയുള്ള പദ്ധതികള്‍ക്ക് ഇത് ഏറെ പ്രയോജനപ്രദമാണെന്നും പഞ്ചായത്ത് അറിയിച്ചു.