കടുത്തുരുത്തി: ശബരിമല മണ്ഡലകാല തീര്‍ഥാടനത്തിന് മുന്നോടിയായി കടുത്തുരുത്തി തളിയില്‍ മഹാദേവക്ഷേത്രത്തില്‍ അടിസ്ഥാന സൗകര്യ വികസനയോഗം നടത്തി.
മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ് എന്‍.ബി. സ്മിത അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ രശ്മി വിനോദ്, നോബി മുണ്ടയ്ക്കന്, ടോമി നിരപ്പേല്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജീവല്‍ പ്രകാശ്, സെക്രട്ടറി ജയന് പി. കുരിക്കല്‍, ശ്രീവത്സം വേണുഗോപാല്‍,
ആയാംകുടി വാസുദേവന്‍ നമ്പൂതിരി, രാജീവ് ശാരദമന്ദിരം, സി.കെ. ശശി, മോഹന്‍ദാസ് കൈമള്‍, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ രഞ്ചു ബാലന്, ജല അഥോറിറ്റി എഇ സോണിയ, പോലീസ് ഉദ്യോഗസ്ഥര്‍, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
യോഗത്തിലുണ്ടായ പ്രധാന നിര്‍ദേശങ്ങള്‍: കടുത്തുരുത്തി തളിയില്‍ ക്ഷേത്രം-കുന്നശേരിക്കാവ്-മുട്ടുചിറ റോഡും സമീപത്തെ വഴികളും കുഴികളടച്ചു സഞ്ചാരയോഗ്യമാക്കും, കോട്ടയം-എറണാകുളം മെയിന്‍ റോഡിന് ഇരുവശവും വളര്‍ന്നു നില്ക്കുന്ന പള്ളയും പുല്ലും നീക്കം ചെയ്യും, കടുത്തുരുത്തി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൗണിലും സമീപ പ്രദേശങ്ങളിലും വഴിവിളക്കുകള്‍ തെളിക്കുന്നതിന് നടപടി സ്വീകരിക്കും,
തളിയില്‍ ക്ഷേത്രത്തിലേക്ക് വരുന്ന കളരിക്കല്‍ റോഡ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നവീകരിക്കും, പാര്‍ക്കിംഗ് പ്രശ്നം പരിഹരിക്കുന്നതിന് പഞ്ചായത്ത് വക സ്ഥലം ഉപയോഗിക്കുന്നതു സംബന്ധിച്ചു പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുക്കും, കേരള ജലഅഥോറിറ്റിയുടെ കുടിവെള്ള വിതരണം കടുത്തുരുത്തി ടൗണിലും സമീപ പ്രദേശങ്ങളിലും തടസമില്ലാതെ നടത്തും,
വൈദ്യുതി വിതരണം മുടക്കം കൂടാതെയും തടസങ്ങളില്ലാതെയും ലഭ്യമാക്കുന്നതിന് കെഎസ്ഇബി ജാഗ്രതയോടെ പ്രവര്‍ത്തിക്കും,
മണ്ഡലകാല തിരക്കേറിവരുന്ന സമയങ്ങളില്‍ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കുന്ന കാര്യം ജില്ലാ പോലീസ് മേധാവിയുമായി ചര്‍ച്ച ചെയ്ത് ആവശ്യമായ നടപടിയെടുക്കും, അഗ്നിരക്ഷാസേനയുടെ സേവനം മുഴുവന്സമയത്തും ലഭ്യമാക്കും, കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ തളിയില്‍ ക്ഷേത്ര കവാടത്തോടു ചേര്‍ന്നുള്ള ബസ് സ്റ്റോപ്പ് തിരക്കേറിയ സമയത്ത് ജംഗ്ഷന്റെ മുകള്‍ ഭാഗത്തേക്ക് മാറ്റും.