പൂഞ്ഞാർ: ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കാലോത്സവം "കലയാട്ടം' പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്കൂളിൽ നാളെ ആരംഭിക്കും.
ഉപജില്ലയിലെ 70 സ്കൂളുകളിൽ നിന്നായി 3500ലധികം പ്രതിഭകൾ മറ്റുരയ്ക്കുന്ന കലോത്സവം 19നു രാവിലെ ഒന്പതിന് മാണി സി. കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ പി. ആർ. അശോകവർമരാജ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എഇഒ ഷംലബീവി, പഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ, ഈരാറ്റുപേട്ട മുനിസിപ്പൽ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദർ, പി.ആർ. അനുപമ, രമാ മോഹൻ, ബി. അജിത്കുമാർ, മിനി സാവിയോ തുടങ്ങിയവർ പങ്കെടുക്കും.
11 വേദികളിലായി നടക്കുന്ന മത്സരങ്ങൾ 21നു സമാപിക്കും. വൈകുന്നേരം നാലിനു നടക്കുന്ന സമാപന സമ്മേളനം സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് ഗീതാ നോബിൾ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെംബർ ഷോൺ ജോർജ്, ജെസി ഷാജൻ തുടങ്ങിയവർ പങ്കെടുക്കും.
കലോത്സവ മാനുവലിൽ പുതുതായി ഉൾപ്പെടുത്തിയ ഗോത്രകലകളായ മംഗലംകളി, പണിയനൃത്തം, മലപുലയാട്ടം, ഉരുളനൃത്തം, പളിയനൃത്തം എന്നിവയിലും മത്സരാർഥികൾ പങ്കെടുക്കും. കലോത്സവ പ്രോഗ്രാം നോട്ടീസ് ജനറൽ കൺവീനർ ആർ. ജയശ്രീക്ക് കൈമാറി എഇഒ ഷംലബീവി പ്രകാശനം ചെയ്തു.
പത്രസമ്മേളനത്തിൽ എഇഒ ഷംലബീവി, ജനറൽ കൺവീനർ ആർ. ജയശ്രീ, ജോയിന്റ് കൺവീനർ എ.ആർ. അനുജവർമ, പ്രോഗ്രാം കമ്മിറ്റി കൺവീനർ ആർ. ധർമകീർത്തി, എൻ.കെ. സജിമോൾ, വിൻസെന്റ് മാത്യൂസ്, ജോസിറ്റ് ജോൺ തുടങ്ങിയവർ പങ്കെടുത്തു.