കോട്ടയം: താഴത്തങ്ങാടിയാറിന്റെ ഇരുകരകളിലുമായി ആയിരങ്ങളുടെ ആര്‍പ്പോ...ഇറോ... വിളികളുടെ ആവേശത്തിനിടയിലൂടെ കാരിച്ചാലും വീയപുരവും നടുഭാഗവും നിരണവും തലവടിയും...വലിയദിവാൻജിയും ഓളങ്ങള്‍ കീറിമാറ്റി കുതിച്ചുപായും. ഓളപ്പരപ്പിലെ ആവേശത്തുഴച്ചിലിന് ഇന്നു താഴത്തങ്ങാടി ആറ്റില്‍ തുടക്കമാകും. ചാമ്പ്യന്‍സ് ബോട്ട് ലീഗിന്റെ സംസ്ഥാനതല ഉദ്ഘാടനവും 123-ാമത് കോട്ടയം മത്സരവള്ളം കളിയുമാണ് താഴത്തങ്ങാടിയാറ്റില്‍ നടക്കുന്നത്.
സ്റ്റില്‍ സ്റ്റാര്‍ട്ടിംഗ് സംവിധാനം, മൂന്ന് ട്രാക്കുകള്‍, ഫോട്ടോ ഫിനിഷിംഗ്, റിമോട്ട് മാഗ്നെറ്റിക് ടൈമിംഗ് സിസ്റ്റം എന്നിവ വള്ളംകളിയില്‍ ക്രമീകരിച്ചിട്ടുണ്ട്. മുഖ്യപവലിയനില്‍ 400 പേര്‍ക്ക് ഇരുന്നു വള്ളംകളി കാണാം. ഉദ്ഘാടനവേളയിലും ഇടവേളകളിലും വള്ളംകളിയുടെ മാറ്റുകൂട്ടാന്‍ നൃത്തരൂപങ്ങള്‍, ശിങ്കാരിമേളം, ജല അഭ്യാസപ്രകടനങ്ങള്‍ എന്നിവയുമുണ്ട്.
ഉച്ചകഴിഞ്ഞ് രണ്ടിന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് വള്ളംകളിയും ബോട്ട് ലീഗിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി വി.എന്‍. വാസവന് അധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണം: തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. കളക്ടര്‍ ജോണ്‍ വി. സാമുവല്‍ പതാക ഉയര്‍ത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മാലിന്യമുക്ത പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. ഫ്രാന്‍സിസ് ജോര്‍ജ് എംപി ജലഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ പോലീസ് ചീഫ് എ. ഷാഹുല്‍ ഹമീദ് സമ്മാനദാനം നിര്‍വഹിക്കും.
വള്ളംകളിയുടെ ഭാഗമായി ഇന്ന് ഉച്ചകഴിഞ്ഞ് ഒന്നു മുതല്‍ ആറുപുഴ-ആലുംമൂട്-കുളപ്പുര റോഡില്‍ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സ്വകാര്യവാഹനങ്ങള്‍ ഉപ്പൂട്ടിക്കവല, ഇടയ്ക്കാട്ടുപള്ളി റോഡരികിലും ഇല്ലിക്കല്‍ മൈതാനത്തും പാര്‍ക്കിംഗ് ചെയ്യണം. വള്ളംകളിക്ക് തടസമായി ആറ്റില്‍ മറ്റ് വള്ളങ്ങളോ, ബോട്ടുകളോ പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. തടസം സൃഷ്ടിക്കുന്ന ജലവാഹനങ്ങളെ പോലീസ് നീക്കം ചെയ്യും.
താഴത്തങ്ങാടി വള്ളംകളിയുടെ ചരിത്രം
കേരളത്തിലെ ഏറ്റവും പുരാതന വള്ളംകളിയായ താഴത്തങ്ങാടി വള്ളംകളി ആരംഭിച്ചിട്ട് 137 വര്‍ഷങ്ങള്‍ പിന്നിടുന്നു. കേരള ചരിത്രത്തില്‍ ആദ്യമായി കളിവള്ളങ്ങളെ മത്സരാടിസ്ഥാനത്തില്‍ അണിനിരത്തി ജലമേളകള്‍ക്കു തുടക്കംകുറിച്ചത് താഴത്തങ്ങാടിയിലാണ്. താഴത്തങ്ങാടിയുടെ പൈതൃകവും പാരമ്പര്യവും മതസൗഹാര്‍ദവും വിളിച്ചോതുന്ന വള്ളംകളി ആരംഭിക്കുന്നത് 1887ല്‍ കോട്ടയത്തിന്റെ ആദ്യ ദിവാന് പേഷ്കാറായിരുന്ന ടി. രാമറാവുന്റെ കാലത്താണ്.
1956ല്‍ കേരളം സന്ദര്‍ശിച്ച എത്യോപന്‍ ചക്രവര്‍ത്തി ഹെയ്ലി ലെലാസി താഴത്തങ്ങാടി വള്ളംകളിയില്‍ മുഖ്യാതിഥിയായി സന്നിഹിതനായിട്ടുണ്ട്. വള്ളംകളിയില്‍ ആകൃഷ്ടനായ അദ്ദേഹത്തിന്റെ പേരിലുള്ള ട്രോഫിയിലായിരുന്നു പിന്നീട് മത്സരവള്ളംകളി സംഘടിപ്പിക്കപ്പെട്ടത്.
ഇടക്കാലത്ത് മുടങ്ങിയപ്പോയ വള്ളംകളി കഴിഞ്ഞ 26 വര്‍ഷമായി കോട്ടയം വെസ്റ്റ് ക്ലബിന്റെ നേതൃത്വത്തിലാണ് നടത്തിവരുന്നത്. കോട്ടയം വെസ്റ്റ് ക്ലബ്ബ് ടൂറിസം വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍, കോട്ടയം നഗരസഭ, തിരുവാര്‍പ്പ് പഞ്ചായത്ത് തുടങ്ങിയവയുടെ സഹകരണത്തോടെ ചാമ്പ്യന്‍സ് ബോട്ട് ലീഗിൽ ഉള്‍പ്പെടുത്തി 123-ാമത് വള്ളംകളിയാണ് ഈ വർഷം സംഘടിപ്പിക്കുന്നത്.
കോട്ടയം ടൗണില്‍ ഗതാഗത ക്രമീകരണങ്ങള്‍
താഴത്തങ്ങാടി വള്ളംകളിയുമായി ബന്ധപ്പെട്ട് 16ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ കോട്ടയം ടൗണില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങള്‍.
കോട്ടയം ടൗണിൽനിന്നും കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംഗ്ഷന്, തിരുവാതുക്കല്‍, ഇല്ലിക്കല്‍ വഴി പോകേണ്ടതാണ്.
കുമരകം ഭാഗത്തുനിന്നും കോട്ടയം ടൗണിലേക്കു വരുന്ന വലിയ വാഹനങ്ങള്‍ ഇല്ലിക്കല്‍, തിരുവാതുക്കല്‍, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാമ്പടം, പുളിമൂട് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
കുമരകം ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങള്‍ ഇല്ലിക്കല്‍ ജംഗ്ഷനിൽ നിന്നും തിരുവാതുക്കലെത്തി പതിനാറില്‍ചിറ, സിമന്റ് ജംഗ്ഷൻ വഴി പോകേണ്ടതാണ്.
ചങ്ങനാശേരി ഭാഗത്തുനിന്നും കുമരകം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ സിമന്റ് ജംഗ്ഷനിൽ നിന്നു തിരിഞ്ഞ് പതിനാറില്‍ചിറ, തിരുവാതുക്കല്‍, ഇല്ലിക്കല്‍ ജംഗ്ഷൻ വഴി പോകേണ്ടതാണ്.
കുമ്മനം, കല്ലുമട ഭാഗത്തുനിന്നും കുമ്മനംപാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകേണ്ടതാണ്.