മുൻഗാമിയുടെ ചാരത്തിൽനിന്നും പുനർജ·മെടുക്കുന്ന ഫീനിക്സ് പക്ഷികൾ തളർച്ചയില്ലാത്ത പോരാട്ടത്തിന്റെയും പ്രതീക്ഷയുടെയും പ്രതീകങ്ങളാണ്. പനമരം ചെറുകാട്ടൂർ ഗ്രാമത്തിനും പറയാനുണ്ട് ഒരു ഫീനിക്സ് പക്ഷിക്കൂട്ടത്തിന്റെ കഥ.
പച്ചക്കറിതൈ നഴ്സറിയിലേക്കും പിന്നീട് ജൈവവളത്തിന്റെയും ജൈവ ബൂസ്റ്റർ നിർമാണത്തിലേക്കും കടന്ന അഞ്ചംഗ വനിതാസംഘത്തിന്റെ കഥ. 2017 ൽ ഫീനിക്സ് കുടുംബശ്രീ യൂണിറ്റിന്റെ നേതൃത്തിൽ ബീന സണ്ണി, റെജീന ജോസഫ്, രാജി ജോണ്സണ്, അന്നക്കുട്ടി, ചിന്നമ്മ എന്നിവർ ചേർന്ന് തുടങ്ങിയ സംരംഭം ഇന്നു വിജയത്തിന്റെ പാതയിലാണ്.
2017ൽ കുടുംബശ്രീ ജില്ലാ മിഷന്റെ സാന്പത്തികസഹായവും തനതു ഫണ്ടും ഉപയോഗിച്ച് ഇവർ ആരംഭിച്ച ജീവൻ ബ്രാൻഡ് ജൈവവള വിപണിയിൽ ശ്രദ്ധേയമാണ്.
ജൈവളത്തിനു പുറമേ ചെടികളുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ആവശ്യമായ ബയോ ബൂസ്റ്ററുകളും വിപണിയിൽ എത്തിക്കുന്നു. എല്ലാ ഉത്പന്നങ്ങളും ജീവൻ എന്ന ബ്രാൻഡിലാണ് വിപണനം ചെയ്യുന്നത്.
ജീവൻ ബ്രാൻഡ്
വയനാട് ജില്ലയിലെയും സമീപ ജില്ലകളിലെയും കൃഷിഭവനുകൾ വഴി വിതരണം ചെയ്യുന്നതിനാവശ്യമായ പച്ചക്കറി തൈകൾ ഉത്പാദിപ്പിക്കുകയായിരുന്നു വനിതാ സംഘത്തിന്റെ ആദ്യലക്ഷ്യം. ഈ ദൗത്യം വിജയത്തിൽ എത്തിയതോടെ ജൈവവളം, ബൂസ്റ്റർ മേഖലയിലേക്ക് സംഘം ഒരു ചുവടുകൂടി മുന്നോട്ട് വച്ചു.
വയനാട്ടിലും വയനാട്ടിൽനിന്ന് കർണാടകയിലും ഇഞ്ചിക്കൃഷി നടത്തുന്ന കർഷകരാണ് ഇവരുടെ ജീവൻ ജൈവളത്തിന്റെയും ജീവൻ ബൂസ്റ്ററിന്റെയും പ്രധാന ഉപഭോക്താക്കൾ. ഇലയിലേക്കു നേരിട്ടു തളിക്കാവുന്നതും ചെടിയുടെ ചുവട്ടിൽ ഒഴിക്കാവുന്നതുമായ ബയോ ബൂസ്റ്ററുകളാണ് ഉത്പാദിപ്പിക്കുന്നത്.
പ്രയോഗശേഷം ഏഴു ദിവസത്തിനുള്ളിൽ തന്നെ റിസൽട്ട് ലഭിക്കും. കൃഷിവകുപ്പിന്റെ കോഴിക്കോട്ടെ ലാബിൽ പരിശോധന നടത്തിയശേഷമാണ് ബൂസ്റ്ററുകൾ വിപണിയിൽ എത്തിക്കുന്നത്. പഴങ്ങൾ ഫെർമന്റേഷൻ നടത്തിയാണ് ഇവ തയാറാക്കുന്നത്.
ഒരു ലിറ്റർ ബൂസ്റ്റർ 100 ലിറ്റർ വെള്ളത്തിൽ നേർപ്പിച്ചാണ് ചെടികളിൽ പ്രയോഗിക്കുന്നത്. ബൂസ്റ്റർ പ്രയോഗത്തിലൂടെ ചെടികൾ അതിവേഗം കരുത്തോടെ വളരുന്നത് കർഷകർ ശ്രദ്ധിച്ചതോടെ ഇതിന് ആവശ്യക്കാർ ഏറി.
നഴ്സറി, വളം, ബൂസ്റ്റർ എന്നിവയുടെ ലാഭം സംഘത്തിന്റെ വിപുലീകരണത്തിനായാണ് ഉപയോഗിക്കുന്നത്. പനമരത്ത് നഴ്സറിയും വളം ഔട്ട്ലറ്റും നേരത്തെ ഉണ്ടായിരുന്നു. കോവിഡ് മഹാമാരി വന്നതോടെ ഔട്ട്ലറ്റ് പൂട്ടി.
ഈ പ്രതിസന്ധിയെയും ഇവർ അതിജീവിച്ചു. ഇപ്പോൾ സംഘത്തിന്റെ ഓഫീസ് മുഖേനെ നേരിട്ടാണ് ഉത്പന്നങ്ങൾ വിതരണം ചെയ്യുന്നത്. ഓർഡർ അനുസരിച്ച് സാധനങ്ങൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകും. ഇതിനാവശ്യമായ വണ്ടിയും സംഘത്തിനുണ്ട്.
നഴ്സറിയുടെയും വളം ഉത്പാദന യൂണിറ്റിന്റെയും ദിനേനയുള്ള പ്രവർത്തനങ്ങൾ അഞ്ചുപേരും ചേർന്നാണ് ചെയ്യുന്നത്. ചിലരുടെ ഭർത്താക്കൻമാർ സഹായത്തിന് എത്താറുണ്ടെന്നും സംഘത്തിന്റെ മേൽനോട്ടം വഹിക്കുന്ന ബീന പറഞ്ഞു.

ജൈവളത്തിനു വലിയ ഓർഡറുകൾ ലഭിക്കുകയാണെങ്കിൽ ജെസിബിയുടെയും മറ്റു യന്ത്രങ്ങളുടെയും സഹായത്തോടെയാണ് ജോലികൾ ചെയ്യുന്നത്. നഴ്സറിയിൽ പുതിയ തൈകൾ നടുന്പോൾ പ്രദേശത്തെ പണിക്കാരുടെ സേവനം തേടുന്നുണ്ട്.
നഴ്സറിയും ജൈവ വളം-ബൂസ്റ്റർ നിർമാണവുമായി മാത്രം ഒതുങ്ങിക്കൂടുന്നവരല്ല പനമരത്തെ പുലികൾ. രാവിലെ വീട്ടിലെയും സ്വന്തം ഭൂമിയിലെയും കൃഷിപ്പണികൾ ഇവർതന്നെയാണ് ചെയ്യുന്നത്. കാപ്പി, കൊക്കോ, തെങ്ങ് കൃഷികൾ എല്ലാവർക്കുമുണ്ട്.
ചിലർ വീട്ടിൽ കോഴിയും മീനും വളർത്തുന്നുണ്ട്. ബീനയുടെ വീട്ടിൽ ഒരു പടുതാക്കുളവും രണ്ടു സാധാരണ കുളവുമുണ്ട്. പടുതാക്കുളത്തിൽ അനാബസും മറ്റു രണ്ടു കുളത്തിൽ ചെന്പല്ലിയും കട്ലയുമാണ് വളർത്തുന്നത്. മീനുകൾക്ക് തീറ്റ നൽകാനും കുളം വൃത്തിയാക്കാനും ഭർത്താവ് സണ്ണി സഹായിക്കാറുണ്ടെന്നും അവർ പറഞ്ഞു.
ചെണ്ടുമല്ലികൃഷിയിലും വിജയം
ഓണത്തിനു പൂക്കൾ വാങ്ങാൻ വയനാട്ടുകാരെ ഇത്തവണ ഗുണ്ടൽപേട്ടയിലേക്ക് വിടാതെ പനമരത്തു തളച്ചിടാനും പെണ്പുലികൾക്കായി. കർണാടകത്തിൽനിന്ന് നാലു രൂപ നിരക്കിൽ ചെണ്ടുമല്ലി തൈകൾ എത്തിച്ച് അഞ്ചംഗസംഘം നടത്തിയ കൃഷി വൻവിജയമായിരുന്നു.
പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ സഹായത്തോടെ മൂന്ന് ഏക്കർ സ്ഥലത്താണ് കൃഷി ചെയ്തത്. സബ്സിഡിയോടെയായിരുന്നു കൃഷി. മഞ്ഞയും ചുമപ്പും ചെണ്ടുമല്ലികളാണ് കൃഷി ചെയ്തത്. കിലോയ്ക്ക് അറുപതു രൂപ നിരക്കിൽ വിൽപനക്കാർ തോട്ടത്തിൽനിന്ന് പൂ വാങ്ങി.
ഓണച്ചന്തവഴിയും പൂക്കൾ വിറ്റഴിച്ചു. മഞ്ഞപ്പൂക്കൾക്കാണ് കൂടുതൽ ഡിമാൻഡ്. കോഴിക്കോട്, തൃശൂർ ജില്ലകളിലേക്കും പൂക്കൾ കയറ്റിയയച്ചു. വരും വർഷങ്ങളിൽ പൂക്കൃഷി വ്യാപകമാക്കുകയാണ് ഇവരുടെ ലക്ഷ്യം.
ഫോണ്: 9645600879.
Tags : Agriculture