വന്യജീവികൾ കാടുനിറഞ്ഞപ്പോൾ അന്നം തേടി മലമുകളിൽ കൃഷിയിറക്കിയ കർഷകർ സർക്കാരുകളുടെ വിരോധികളായി മാറിയോ. 1972ലെ വനം-വന്യജീവി സംരക്ഷണനിയമത്തിന്റെ ചുവടുപിടിച്ച് ആളെക്കൊല്ലി മൃഗങ്ങളെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംരക്ഷിച്ചുവരുന്നു.
ഇതിനു പ്രതിവിധിയായി അടുത്തിടെ സംസ്ഥാന മന്ത്രിസഭ വനം-വന്യജീവി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നു. നിയമസഭയുടെ പരിഗണനയിലുള്ള ബില്ലിൽ കേന്ദ്രനിയമത്തിലെ ഷെഡ്യൂൾ രണ്ടിൽപെട്ട ഉപദ്രവകാരികളായ ജീവികളെ വധിക്കാൻ ചീഫ് വൈൽഡ്ലൈഫ് വാർഡന് ഉത്തരവിടാൻ വ്യവസ്ഥയുണ്ട്.
ജില്ലാ കളക്ടർ അല്ലെങ്കിൽ ഫോറസ്റ്റ് ചീഫ് കണ്സർവേറ്ററുടെ റിപ്പോർട്ടിൻമേലാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിടേണ്ടത്. ഉത്തരവ് അനുസരിച്ച് ഏതു വ്യക്തിക്കും ആ വന്യജീവിയെ വധിക്കാനും പിടികൂടാനും അനുമതിയുണ്ട്.
വനത്തിനു പുറത്ത് ആ വന്യജീവി മനുഷ്യനെ ആക്രമിക്കുകയാണെങ്കിൽ ഉത്തരവിടാം. ഒരു പ്രദേശത്ത് മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മൃഗങ്ങളെ ക്ഷുദ്രജീവികളായി പ്രഖ്യാപിച്ച് ആറുമാസത്തേക്ക് കൊല്ലാനുള്ള വ്യവസ്ഥയും ഭേദഗതിയിലുണ്ട്.
ഷെഡ്യൂൾ രണ്ടിൽ പെട്ട വന്യജീവികളുടെ എണ്ണം ക്രമാതീതമായി പെരുകി മനുഷ്യ ജീവനും അല്ലെങ്കിൽ സ്വത്തിനും (കാർഷിക വിളകൾക്കും) ഭീഷണിയുണ്ടെങ്കിൽ അതിന്റെ പ്രജജനം ശാസ്ത്രീയമായ മാർഗത്തിൽ നിയന്ത്രിക്കാനും ചീഫ് വൈൽഡ് ലൈഫ് വാർഡന് അധികാരം നൽകുന്നു.
നിലവിലെ നിയമസഭാ സമ്മേളത്തിൽ ബിൽ പരിഗണിക്കുന്നുണ്ടെങ്കിലും വിശദമായ ചർച്ചയ്ക്കുശേഷം മാത്രമേ ബിൽ പാസാകാൻ സാധ്യതയുള്ളൂ. ഭേദഗതി പാസാക്കിയാലും കേന്ദ്രനിയമത്തെ മറികടക്കാൻ സംസ്ഥാന നിയമത്തിനു കഴിയുമോയെന്നു കണ്ടറിയണം. തെരുവു നായ വിഷയത്തിൽ കേന്ദ്രത്തിന്റെ ഇരട്ടത്താപ്പ് നാം കണ്ടതാണ്. പരമോന്നതകോടതിയിൽ കേരളത്തിന്റെ പുതിയ ഭേദഗതി ചോദ്യം ചെയ്യപ്പെട്ടേക്കാം.
വന്യജീവി സംരക്ഷണ നിയമം 1972 സെക്ഷൻ രണ്ടു പ്രകാരം ഷെഡ്യൂൾ ഒന്നിലും രണ്ടിലും പെടുന്ന എല്ലാ ജീവികളെയും വന്യമൃഗമായി കണക്കാക്കുന്നു. മൃഗങ്ങളെ നാട്ടിൽ കണ്ടാലും വന്യമൃഗമായിതന്നെ പരിഗണിക്കും. അതിനാൽ പുതിയ നിയമത്തിൽ നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ ക്ഷുദ്രജീവി ഗണത്തിൽപെടുത്തണമെന്നാണ് കർഷകരുടെ ആവശ്യം.
2016നും 2023നും ഇടയിൽ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തിൽ 909 പേർ കൊല്ലപ്പെട്ടു. 55,839 ആക്രമണത്തിൽ 7492 പേർക്ക് ഗുരുതരമായി പരിക്കേറ്റു. വളർത്തുമൃഗങ്ങളെ കൊന്നുതിന്നും കൃഷി നശിപ്പിച്ചും വന്യജീവികൾ കാർഷിക മേഖലയ്ക്കു വരുത്തി വച്ച നഷ്ടം ആയിരക്കണക്കിന് കോടി രൂപയ്ക്കു മുകളിലാണ്.
ഉൾക്കാട്ടിൽ ആനയും കടുവയും ഉൾപ്പെടെയുള്ള വന്യജീവികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിനാൽ ഇവയുടെ ആവാസ വ്യവസ്ഥയിൽ അസന്തുലിതാവസ്ഥയുണ്ടാകുന്നു. ഇക്കാരണത്താൽ വന്യജീവികൾ മനുഷ്യവാസ കേന്ദ്രങ്ങളിലേക്ക് തീറ്റയും ഇരയും തേടി എത്തുകയാണ്.
കേരളത്തിൽ ഇത്തരത്തിൽ ഒരു പ്രശ്നം സംഭവിക്കുമെന്ന് നേരത്തേതന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കണ്ണൂർ, വയനാട്, ഇടുക്കി ജില്ലകളിലെ ജനവാസ മേഖലയിൽ വന്യജീവി ആക്രമണം പതിവായി മാറിയിരിക്കുന്നു. എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലും സമീപപ്രദേശങ്ങളിലും വന്യജീവി ശല്യം അടുത്തയിടെ രൂക്ഷമായി.
വനഭൂമിയുമായി ചേർന്നു കിടക്കുന്ന ജനവാസ മേഖലയിലെ കൃഷിയിടങ്ങളിൽ കപ്പ, ചേന, കാച്ചിൽ, വാഴ പോലുള്ള കൃഷി കർഷകർ പൂർണമായി ഉപേക്ഷിച്ചു. വന്യജീവി സംരക്ഷണത്തിന് സർക്കാർ നിർദേശിച്ച സോളാർ ഫെൻസിംഗ്പോലുള്ള മാർഗങ്ങൾ പാടെ തകർന്നു.
കാട്ടാന ശല്യം മൂലം പ്രദേശത്തെ കർഷകർ റബർകൃഷി പോലും ഉപേക്ഷിച്ചമട്ടാണ്. നേരത്തെ കാട്ടുപന്നിയെയും കുരങ്ങനെയും മാത്രം പേടിച്ചാൽ മതിയായിരുന്നെങ്കിൽ ഇപ്പോൾ സ്ഥിതി മാറി. ഉൾക്കാട്ടിൽ കടുവകളുടെ എണ്ണം വർധിച്ചതിനാൽ ഇവ തമ്മിലുള്ള അതിർത്തിത്തർക്കവും രൂക്ഷമായിട്ടുണ്ട്.
തർക്കത്തിൽ പരാജയപ്പെടുന്ന മൃഗങ്ങൾ സുരക്ഷിതത്വം തേടി ജനവാസ മേഖലയിലേക്കാണ് ഇറങ്ങുന്നത്. ആക്രമണങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം നിഷ്ക്രിയ നിലപാടാണ് സ്വീകരിച്ചുവരുന്നത്.
ഇതിനെ മറികടക്കാനാണ് സംസ്ഥാനങ്ങൾ 1972ലെ കേന്ദ്ര വന്യജീവി നിയമത്തിൽ ഭേദഗതി കൊണ്ടുവരുന്നത്. കർണാടകം, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ കേന്ദ്രനിയമത്തിൽ നേരത്തെ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്.
സംസ്ഥാനത്തെ 75 നിയമസഭ മണ്ഡലപരിധിയിൽ വരുന്ന 273 ഗ്രാമപഞ്ചായത്തുകൾ മനുഷ്യ-വന്യജീവി സംഘർഷ ബാധിത പ്രദേശമായും 30 ഗ്രാമ പഞ്ചായത്തുകളെ ഹോട്ട് സ്പോട്ടുകളായും കണക്കാക്കിയിട്ടുണ്ട്.
വന്യജീവി സംഘർഷത്തിന്റെ രീതി, തോത്, നാശനഷ്ടങ്ങൾ, പരിഹാരക്രിയയുടെ വ്യാപ്തി, സംഘർഷ സാധ്യത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് ഇനം തിരിച്ചത്. മാനന്തവാടി, സുൽത്താൻ ബത്തേരി, കുട്ടന്പുഴ, മാങ്കുളം, നൂൽപ്പുഴ, പനമരം, തവിഞ്ഞാൽ, തിരുനെല്ലി, ഇടിമിന്നൽ എന്നിവ തീവ്ര സംഘർഷ ബാധിത പ്രദേശങ്ങളാണ്.
അഗളി, ആറളം, ആര്യങ്കാവ്, അയ്യന്പുഴ, കാന്തല്ലൂർ, കേളകം, കോടശേരി, കൂവപ്പടി, കോട്ടപ്പാടി, കൊട്ടിയൂർ, കുളത്തൂപ്പുഴ, മീനങ്ങാടി, മുള്ളംകൊല്ലി, പയ്യാവൂർ, പെരിങ്ങമല, പിണ്ടിമന, പൂത്താടി, പുൽപ്പള്ളി, ഷോളയാർ, വെള്ളമുണ്ട, വേങ്ങൂർ എന്നിവയാണ് സംഘർഷ ബാധിത പ്രദേശം.
അശാസ്ത്രീയമായ വികസനവും നിർമാണപ്രവർത്തികളും മനുഷ്യ-വന്യജീവി സംഘർഷത്തിനു പ്രധാനകാരണമെന്നാണ് മാറി മാറി വരുന്ന കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പറയുന്നത്.
വന്യജീവികളുടെ ആവാസവ്യവസ്ഥയിലേക്ക് കന്നുകാലികൾ കടന്നു കയറി തീറ്റയ്ക്കുവേണ്ടി മത്സരം നടത്തുന്നത്, വനത്തിലൂടെയുള്ള റോഡുകൾ, വനാതിർത്തിയോട് ചേർന്നുള്ള ഭൂമിയിലെ കൃഷി രീതികൾ, വനഭൂമിയോടു ചേർന്നുകിടക്കുന്ന എസ്റ്റേറ്റുകളിലെ അടിക്കാടു വെട്ടാത്തത് എന്നിവ മനുഷ്യ-വന്യജീവി സംഘർഷത്തിനു കാരണമാകുന്നതായി വിദഗ്ധസമിതി കണ്ടെത്തിയിരുന്നു.
വനത്തിൽ വന്യജീവികളുടെ എണ്ണം പെരുകുന്നില്ലെന്നും ചിലപ്രദേശങ്ങളിൽ മാത്രം ഇത്തരം പ്രതിഭാസം കാണുന്നുണ്ടെന്നുമാണ് നിരീക്ഷണം. 2022 ലെ വന്യജീവി സംരക്ഷണ ഭേഗതി നിയമത്തിൽ രണ്ടു ഷെഡ്യൂളുകളിലാണ് (ഒന്ന്, രണ്ട്) വന്യജീവികളെ പെടുത്തിയിരിക്കുന്നത്.
ഷെഡ്യൂൾ ഒന്നിൽ വേട്ടയാടൽ, വ്യാപാരം എന്നിവ പൂർണമായി നിരോധിച്ചിരിക്കുന്നു. ഷെഡ്യൂൾ രണ്ടിലെ മൃഗങ്ങളുടെ വേട്ടയാടലിനും വ്യാപാരത്തിനും കർശന നിയന്ത്രണമുണ്ട്. ഷെഡ്യൂൾ മൂന്നിൽ സംരക്ഷിത സസ്യങ്ങളും നാലിൽ അന്താരാഷ്ട്ര തലത്തിൽ വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളുമാണുള്ളത്.
1972ലെ നിയമത്തിലെ ആറ് ഷെഡ്യൂളുകൾ ആദ്യ നാലിലും വന്യജീവി വിഭാഗങ്ങളായിരുന്നു. ഇതിനെ 2022ലെ നിയമത്തിൽ രണ്ട് ഷെഡ്യൂളുകളിൽ ആക്കി. 1972 നിയമത്തിലെ അഞ്ചാം ഷെഡ്യൂളിലെ വർമിൻ വിഭാഗത്തെയും (വേട്ടയാടാൻ അനുവാദം) രണ്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തി.
അതിനാൽ, പുതിയ നിയമപ്രകാരം ഒന്നാം ഷെഡ്യൂളിലെ മൃഗങ്ങളെ പിടികൂടണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് ആവശ്യമാണ്. രണ്ടാം ഷെഡ്യൂളിലെ വന്യജീവികൾ മനുഷ്യന്റെ ജീവനോ സ്വത്തിനോ ഭീഷണിയാകുന്ന സാഹചര്യത്തിൽ പിടിക്കുന്നതിനോ ഇല്ലായ്മചെയ്യുന്നതിനോ ചീഫ് വൈൽഡ് ലൈഫ് വാർഡന് ഉത്തരവ് ഇടാം.
എന്നിരുന്നാലും അപടകാരികളായ ജീവികളെ വേട്ടയാടാൻ കർഷകർക്ക് അനുമതി നൽകണമെന്നാണ് പൊതുജനാഭിപ്രായം. ഇതിനു കേന്ദ്രത്തിന്റെ അനുമതി ആവശ്യമായതിനാൽ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് ഉത്തരവ് മാതൃകയിൽ സംസ്ഥാന സർക്കാർ ഉത്തരവ് ഇറക്കണമെന്നും ആവശ്യമുണ്ട്.
ചില പ്രദേശങ്ങളിൽ മാത്രം വന്യജീവികൾ പെരുകുന്നതു നിയന്ത്രിക്കുന്നതിനുള്ള മാർഗം സ്വീകരിക്കണം. ശാസ്ത്രീയ പ്രജനന നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഇത് എത്രകണ്ടു ഫലപ്രദമാകുമെന്നതു സംശയമാണ്.
ദേശീയ മൃഗമായ കംഗാരുവിനെപ്പോലും ഒരു നിശ്ചിതകാലം വേട്ടയാടാൻ ഓസ്ട്രേലിയയിൽ വ്യവസ്ഥയുണ്ട്. ഇത്തരത്തിൽ കർഷ സൗഹൃദമായ ഒരു നിയമമാണ് കേരളത്തിനും ആവശ്യം. നിയമത്തിന്റെ പിൻബലത്തിൽ സ്വതന്ത്രമൃഗവേട്ട അനുവദിക്കണമെന്നല്ല, ഒരു വർഷക്കാലം നട്ടുപരിപാലിച്ച കൃഷി നശിപ്പിക്കുന്ന മൃഗങ്ങളെ തുരത്തണമെന്നു മാത്രമാണ് കർഷകരുടെ ആവശ്യം.
ആന, പുലി, കാട്ടുപോത്ത്, പന്നി എന്നിവ കൃഷി ഭൂമിയിൽ നാശം വിതച്ചാൽ തക്കതായ നഷ്ടപരിഹാരവും കർഷകർക്കു ലഭിക്കണം. കണക്കുകളിൽ നഷ്ടപരിഹാരം നൽകുന്നുണ്ടെങ്കിലും അധ്വാനത്തിന്റെ നാമമാത്രമായ നഷ്ടപരിഹാരം മാത്രമേ ലഭിക്കുന്നുള്ളൂയെന്നാണ് പരാതി.
വന്യജീവിയെ സംരക്ഷിക്കുന്നതു പോലെ മണ്ണിൽ പൊന്നുവിളയിച്ചിരുന്ന കർഷകരെക്കൂടി അധികാരികൾ സംരക്ഷിക്കണമെന്നുമാത്രമാണ് അപേക്ഷ.
Tags : Agriculture