സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ; കേരള ടീം ഇന്നു യാത്രതിരിക്കും
Wednesday, December 11, 2024 12:18 AM IST
കൊച്ചി: എട്ടാം സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം ലക്ഷ്യംവച്ച് കേരള ടീം ഇന്നു രാത്രി പുറപ്പെടും. 78-ാമത് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് പോരാട്ടം നടക്കുന്ന ഹൈദരാബാദിലേക്ക് കേരള ടീം ഇന്നു യാത്രതിരിക്കും. കോഴിക്കോടു നടന്ന പ്രാഥമിക റൗണ്ടിലെ അതേ ടീമുമായാണ് കേരളം യാത്രതിരിക്കുന്നത്.
കേരളത്തിന്റെ ആദ്യ മത്സരം ഞായറാഴ്ച ഗോവയ്ക്ക് എതിരേയാണ്. നിലവിലെ റണ്ണേഴ്സ് അപ്പാണ് ഗോവ. ഗ്രൂപ്പ് ബിയിൽ ഡൽഹി, ഗോവ, മേഘാലയ, ഒഡീഷ, തമിഴ്നാട് ടീമുകളാണ് കേരളത്തിന്റെ ഒപ്പമുള്ളത്. നിലവിലെ ചാന്പ്യന്മാരായ സർവീസസ് ഉൾപ്പെടെയുള്ള ടീമുകൾ ഗ്രൂപ്പ് എയിലാണ്. ഇരു ഗ്രൂപ്പിലെയും ആദ്യ നാലു സ്ഥാനക്കാർ ക്വാർട്ടറിലേക്കു മുന്നേറും. 31നാണ് കിരീട പോരാട്ടം.
കാസർഗോഡ്, മംഗലാപുരം, കൊച്ചി
കോഴിക്കോടു നടന്ന പ്രാഥമിക റൗണ്ടിനുശേഷം കേരള ടീമിന്റെ മുന്നൊരുക്കങ്ങൾക്കു വേദിയായത് കാസർഗോഡും മംഗലാപുരവും തുടർന്നു കൊച്ചിയും. നവംബറിലെ പ്രാഥമിക റൗണ്ടിനുശേഷം കേരള ടീമിന്റെ ആദ്യഘട്ട ക്യാന്പ് കാസർഗോഡ് നടന്നു. തൃക്കരിപ്പൂരിലായിരുന്നു ക്യാന്പ്. ചരിത്രത്തിൽ ആദ്യമായാണ് സന്തോഷ് ട്രോഫി ടീമിന്റെ ക്യാന്പ് കാസർഗോഡ് നടക്കുന്നത്.
മംഗലാപുരം യേനപ്പൊയ സർവകലാശാല ഗ്രൗണ്ടിലായിരുന്നു രണ്ടാംഘട്ട പരിശീലനം. ദിവസേന രണ്ടുനേരമായിരുന്നു പരിശീലനം. ജിമ്മിലും നീന്തൽക്കുളത്തിലും ടർഫിലും ബീച്ചിലുമെല്ലാമായി പരിശീലനം അരങ്ങേറി.
ഞായറാഴ്ചയാണ് മംഗലാപുരത്തുനിന്നു ടീം കൊച്ചിയിൽ എത്തിയത്. മഹാരാജാസ് കോളജ് ഗ്രൗണ്ടിലായിരുന്നു ടീമിന്റെ പരിശീലനം.
മൂന്നു മത്സരം; 18 ഗോൾ
കോഴിക്കോട് കോർപറേഷൻ ഗ്രൗണ്ടിൽ അരങ്ങേറിയ പ്രാഥമിക യോഗ്യതാ റൗണ്ടിൽ മൂന്നു മത്സരങ്ങളിലായി കേരളം അടിച്ചുകൂട്ടിയത് 18 ഗോളുകൾ. ഒരു ഗോൾ പോലും വഴങ്ങിയുമില്ല. യോഗ്യതാ റൗണ്ട് കളിച്ച 35 ടീമുകളിൽ ഏറ്റവും കൂടുതൽ ഗോളടിച്ച ടീമാണ് കേരളം. റെയിൽവേസിനെതിരേ 1-0നും ലക്ഷദ്വീപിനെതിരേ 10-0നും പോണ്ടിച്ചേരിക്കെതിരേ 7-0നുമായിരുന്നു പ്രാഥമിക റൗണ്ടിൽ കേരളത്തിന്റെ ജയം.
കേരള ടീം
ഗോൾ കീപ്പർമാർ- എസ്. ഹജ്മൽ (പാലക്കാട്), കെ. മുഹമ്മദ് അസ്ഹർ (മലപ്പുറം), കെ. മുഹമ്മദ് നിയാസ് (പാലക്കാട്).
പ്രതിരോധനിര: ജി. സഞ്ജു (ക്യാപ്റ്റൻ, എറണാകുളം), എം. മനോജ് (തിരുവനന്തപുരം), മുഹമ്മദ് അസ്ലം (വയനാട്), ജോസഫ് ജസ്റ്റിൻ (എറണാകുളം), ആദിൽ അമൽ (മലപ്പുറം), പി.ടി. മുഹമ്മദ് റിയാസ് (പാലക്കാട്), മുഹമ്മദ് മുഷറഫ് (കണ്ണൂർ).
മധ്യനിര: നിജോ ഗിൽബർട്ട് (തിരുവനന്തപുരം), മുഹമ്മദ് അർഷാഫ് (മലപ്പുറം), ക്രിസ്റ്റി ഡേവിസ് (തൃശൂർ), പി.പി. മുഹമ്മദ് റോഷൽ (കോഴിക്കോട്), നസീബ് റഹ്മാൻ (പാലക്കാട്), സൽമാൻ കള്ളിയത്ത് (മലപ്പുറം), മുഹമ്മദ് റിഷാദ് ഗഫൂർ (മലപ്പുറം).
മുന്നേറ്റനിര: ഗനി അഹമ്മദ് നിഗം (കോഴിക്കോട്), ടി. ഷിജിൻ (തിരുവനന്തപുരം), വി. അർജുൻ (കോഴിക്കോട്), മുഹമ്മദ് അജ്സൽ (കോഴിക്കോട്), ഇ. സജീഷ് (പാലക്കാട്).