ബംഗളൂരുവിൽ ബ്ലാസ്റ്റേഴ്സ്
Saturday, December 7, 2024 12:29 AM IST
ബംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോളിൽ ഇന്നു സതേണ്‍ ഡെർബി. ചിരവൈരികളായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയും ബംഗളൂരു എഫ്സിയും ഇന്ന് ഏറ്റുമുട്ടും. ബംഗളൂരുവിന്റെ തട്ടകമായ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.
ബംഗളൂരുവിനെതിരേ എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ ജയിച്ചിട്ടില്ല എന്നതാണ് ചരിത്രം. ഇതു തിരുത്തിക്കുറിക്കുക എന്ന ലക്ഷ്യത്തോടെയാണ് മൈക്കൽ സ്റ്റാറെയുടെ ശിക്ഷണത്തിൽ ബ്ലാസ്റ്റേഴ്സ് ഇന്നു ബംഗളൂരുവിൽ ഇറങ്ങുന്നത്.
2024-25 ഐഎസ്എൽ സീസണിൽ 10 മത്സരങ്ങൾ പൂർത്തിയാക്കിയ കേരള ബ്ലാസ്റ്റേഴ്സ് 11 പോയിന്റുമായി 10-ാം സ്ഥാനത്താണ്. സീസണിൽ ഇതുവരെ ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചിട്ടില്ല എന്നതാണ് വാസ്തവം. അതേസമയം, 10 മത്സരങ്ങളിൽനിന്ന് 20 പോയിന്റുമായി ബംഗളൂരു എഫ്സി രണ്ടാം സ്ഥാനത്തുണ്ട്.
അഞ്ചു ഗോൾ നേടിയ വെറ്ററൻ താരം സുനിൽ ഛേത്രിയാണ് ബംഗളൂരുവിന്റെ ടോപ് സ്കോറർ. ജെസ്യൂസ് ഹിമെനെസാണ് (ഏഴു ഗോൾ) കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണം നയിക്കുന്നത്. നോഹ് സദൗയിയും (നാലു ഗോളും മൂന്ന് അസിസ്റ്റും) ബ്ലാസ്റ്റേഴ്സിന്റെ കരുത്താണ്.