തവിടുപൊടി ;പിങ്ക് ബോൾ ടെസ്റ്റിൽ ഇന്ത്യക്കു 10 വിക്കറ്റ് തോൽവി
Monday, December 9, 2024 1:40 AM IST
അഡ്ലെയ്ഡ്: പെർത്തിലെ ഒന്നാം ടെസ്റ്റിൽ നേടിയ 295 റണ്‍സിന്റെ ജയം അഡ്ലെയ്ഡ് ഓവലിൽ പിങ്ക് ബോൾ കൊണ്ടും നേടാമെന്ന ഇന്ത്യൻ മോഹങ്ങൾക്കു മിന്നൽ പ്രഹരം. ഇന്ത്യ x ഓസ്ട്രേലിയ അഞ്ചു മത്സര പരന്പരയിലെ രണ്ടാം മത്സരമായ പിങ്ക് ബോൾ ടെസ്റ്റിൽ ആതിഥേയർ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കി.
1031 പന്തുകൾ മാത്രമാണ് അഡ്ലെയ്ഡ് ഓവലിൽ അരങ്ങേറിയ ഡേ-നൈറ്റ് ടെസ്റ്റിൽ എറിഞ്ഞത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കുറവ് പന്തുകൾ എറിഞ്ഞ, അതിവേഗത്തിൽ അവസാനിച്ച മത്സരമായി ഇത്. ഓസ്ട്രേലിയയ്ക്കു മുന്നിൽ വെറും 19 റണ്‍സിന്റെ വിജയ ലക്ഷ്യം മാത്രമാണ് ഇന്ത്യക്കു വയ്ക്കാൻ സാധിച്ചത്. 3.2 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ ഓസീസ് ലക്ഷ്യം സ്വന്തമാക്കി.
ഒന്നാം ഇന്നിംഗ്സിൽ 141 പന്തിൽ 140 റണ്‍സ് നേടിയ ഓസ്ട്രേലിയൻ ബാറ്റർ ട്രാവിസ് ഹെഡാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇതോടെ പരന്പര 1-1 സമനിലയിൽ എത്തി. മൂന്നാം ടെസ്റ്റ് 14 മുതൽ ബ്രിസ്ബെയ്നിലെ ഗാബ സ്റ്റേഡിയത്തിൽ നടക്കും.
പിങ്ക് കംഗാരു
പിങ്ക് ബോൾ (ഡേ-നൈറ്റ്) ടെസ്റ്റ് ക്രിക്കറ്റിലെ അതികായത്വം ഓസ്ട്രേലിയ തുടർന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം പിങ്ക് ബോൾ ടെസ്റ്റായിരുന്നു ഇത്തവണത്തേത്. അഡ്ലെയ്ഡ് ഓവലിൽ പിങ്ക് ബോളിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ലെന്ന നേട്ടം കംഗാരുക്കൾ നിലനിർത്തി. അഡ്ലെയ്ഡ് ഓവലിൽ അരങ്ങേറിയ എട്ട് ഡേ-നൈറ്റ് ടെസ്റ്റിലും ഓസ്ട്രേലിയ ജയം സ്വന്തമാക്കി.
ഡേ-നൈറ്റ് ടെസ്റ്റ് ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ അവസാനിച്ച നാലാമതു മത്സരമാണിത്. അഡ്ലെയ്ഡിൽ ഇന്ത്യ രണ്ട് ഇന്നിംഗ്സിലുമായി 486 പന്തുകൾ മാത്രമാണ് ബാറ്റ് ചെയ്തത്.
ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യയുടെ 19-ാമത് പത്തു വിക്കറ്റ് തോൽവിയാണ്. ഇംഗ്ലണ്ട് മാത്രമാണ് (25) ഇക്കാര്യത്തിൽ ഇന്ത്യക്കു മുന്നിലുള്ളത്. അതേസമയം, ടെസ്റ്റിൽ ഏറ്റവും കൂടുതൽ 10 വിക്കറ്റ് ജയം ഓസ്ട്രേലിയയ്ക്കു (32) സ്വന്തം.
16.1 ഓവറിൽ തീർന്നു
പിങ്ക് ബോൾ ടെസ്റ്റിന്റെ മൂന്നാംദിനമായ ഇന്നലെ വെറും 16.1 ഓവർ മാത്രമാണ് മത്സരം നീണ്ടത്. രണ്ടാംദിനം അവസാനിച്ചപ്പോൾ ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ 24 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 128 റണ്‍സ് എടുത്തിരുന്നു. ഇന്നലെ 12.5 ഓവറിനുള്ളിൽ ശേഷിച്ച വിക്കറ്റുകൾകൂടി ഇന്ത്യക്കു നഷ്ടമായി. ഋഷഭ് പന്തിനു രണ്ടാദിവസത്തെ സ്കോറിനു കൂടി ഒരു റണ്‍ പോലും ചേർക്കാൻ സാധിച്ചില്ല. 28 റണ്‍സുമായി മിച്ചൽ സ്റ്റാർക്കിന്റെ പന്തിൽ സ്മിത്തിനു ക്യാച്ച് നൽകി പന്ത് മടങ്ങി. 47 പന്തിൽ 42 റണ്‍സ് നേടിയ നിതീഷ് കുമാർ റെഡ്ഡിയായിരുന്നു ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. 175 റണ്‍സിൽ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് അവസാനിച്ചു.
പാറ്റ് കമ്മിൻസ് 57 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴത്തി. 2018നുശേഷം കമ്മിൻസിന്റെ 12-ാമത് അഞ്ചു വിക്കറ്റ് നേട്ടമാണ്. 19 റണ്‍സ് എന്ന നിസാര ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഓസ്ട്രേലിയ 3.2 ഓവറിൽ ജയമാഘോഷിച്ചു. ഓപ്പണർമാരായ നഥാൻ മക്സ്വീനി (10), ഉസ്മാൻ ഖ്വാജ (9) എന്നിവർ പുറത്താകാതെ നിന്നു.
അപൂർവനേട്ടത്തിൽ നിതീഷ്
അഡ്ലെയ്ഡ് ഓവലിൽ ഇന്ത്യയുടെ രണ്ട് ഇന്നിംഗ്സിലും ടോപ് സ്കോററായത് ഏഴാം നന്പറായി ക്രീസിലെത്തിയ നിതീഷ് കുമാർ റെഡ്ഡി. ആദ്യ ഇന്നിംഗ്സിൽ 54 പന്തിൽ 42 റണ്‍സ് നേടിയ നിതീഷ്, രണ്ടാം ഇന്നിംഗ്സിൽ 47 പന്തിൽ 42 റണ്‍സ് സ്വന്തമാക്കി.
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കുവേണ്ടി ഏഴോ അതിൽ താഴെയോ ഉള്ള ബാറ്റിംഗ് പൊസിഷനിലെത്തി രണ്ട് ഇന്നിംഗ്സിലും ടോപ് സ്കോററാകുന്ന നാലാമത് കളിക്കാരനാണ് നിതീഷ് കുമാർ. 1961ൽ ചന്ദു ബോർഡ്, 2011ൽ എം.എസ്. ധോണി, 2018ൽ ആർ. അശ്വിൻ എന്നിവരായിരുന്നു മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയവർ. ഇംഗ്ലണ്ടിനെതിരേയായിരുന്നു മൂവരും ടോപ് സ്കോറർമാരായത്.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 180
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: 337
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാൾ സി കാരെ ബി ബോലണ്ട് 24, രാഹുൽ സി കാരെ ബി കമ്മിൻസ് 7, ഗിൽ ബി സ്റ്റാർക്ക് 28, കോഹ്ലി സി കാരെ ബി ബോലണ്ട് 11, പന്ത് സി സ്മിത്ത് ബി സ്റ്റാർക്ക് 28, രോഹിത് ബി കമ്മിൻസ് 6, നിതീഷ് സി മക്സ്വീനി ബി കമ്മിൻസ് 42, അശ്വിൻ സി കാരെ ബി കമ്മിൻസ് 7, ഹർഷിത് സി ഖ്വാജ ബി കമ്മിൻസ് 0, ബുംറ നോട്ടൗട്ട് 2, സിറാജ് സി ഹെഡ് ബി ബോലണ്ട് 7, എക്സ്ട്രാസ് 13, ആകെ 36.5 ഓവറിൽ 175.
വിക്കറ്റ് വീഴ്ച: 1-12, 2-42, 3-66, 4-86, 5-105, 6-128, 7-148, 8-153, 9-166, 10-175.
ബൗളിംഗ്: സ്റ്റാർക്ക് 14-1-60-2, കമ്മിൻസ് 14-0-57-5, ബോലണ്ട് 8.5-0-51-3.
ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സ്: മക്സ്വീനി 10 നോട്ടൗട്ട്, ഖ്വാജ 9 നോട്ടൗട്ട്, ആകെ 3.2 ഓവറിൽ 19.
ബൗളിംഗ്: ബുംറ 1-0-2-0, സിറാജ് 1.2-0-9-0, നിതീഷ് 1-0-8-0.