ബാഴ്സ കുടുങ്ങി; റയൽ ജയിച്ചു
Monday, December 9, 2024 1:40 AM IST
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയെ 2-2നു സമനിലയിൽ കുടുക്കി റയൽ ബെറ്റിസ്. അതേസമയം, എവേ പോരാട്ടത്തിൽ റയൽ മാഡ്രിഡ് 3-0നു ജിറോണയെ കീഴടക്കി. മറ്റു മത്സരങ്ങളിൽ സെൽറ്റ വിഗൊ 2-0നു മയ്യോർക്കയെയും ലാസ് പാൽമസ് 2-1നു വയ്യഡോലിഡിനെയും വയ്യക്കാനോ 1-0നു വലെൻസിയയെയും തോൽപ്പിച്ചു.
റോബർട്ട് ലെവൻഡോവ്സ്കി (39’), ഫെറാൻ ടോറസ് (82’) എന്നിവരുടെ ഗോളുകളിലൂടെ രണ്ടു പ്രാവശ്യം ലീഡ് നേടിയശേഷമാണ് ബാഴ്സലോണ സമനിലയിൽ കുടുങ്ങിയത്. സൂപ്പർ താരങ്ങളായ ജൂഡ് ബെല്ലിങ്ഗം (36’), കിലിയൻ എംബപ്പെ (62’) എന്നിവർ എവേ പോരാട്ടത്തിൽ റയൽ മാഡ്രിഡിനുവേണ്ടി വലകുലുക്കി. ആർദ ഗുളറിന്റെ (55’) വകയായിരുന്നു റയലിന്റെ മറ്റൊരു ഗോൾ.
ജയത്തോടെ റയൽ മാഡ്രിഡ് (36 പോയിന്റ്) ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ബാഴ്സലോണയുമായുള്ള (38) പോയിന്റ് വ്യത്യാസം രണ്ടാക്കി കുറച്ചു. ബാഴ്സ 17ഉം റയൽ 16ഉം മത്സരങ്ങളാണ് പൂർത്തിയാക്കിയത്. 15 മത്സരങ്ങളിൽ 32 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്ത്.