ഗ്രീസ്മാൻ ഗോളിൽ അത്ലറ്റിക്കോ
Monday, December 9, 2024 11:57 PM IST
മാഡ്രിഡ്: രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ നേടിയ ആന്റോയൻ ഗ്രീസ്മാന്റെ മികവിൽ അത്ലറ്റിക്കോ മാഡ്രിഡിനു ജയം.
സ്വന്തം കളത്തിൽ സെവിയ്യയ്ക്കെതിരേ നടന്ന ലാ ലിഗ ഫുട്ബോളിൽ 3-1നു പിന്നിൽനിന്നശേഷമാണ് അത്ലറ്റിക്കോ 4-3ന്റെ ജയവുമായി കളംവിട്ടത്. 10-ാം മിനിറ്റിൽ റോഡ്രിഗോ ഡി പോൾ അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു.
രണ്ടു മിനിറ്റിനുശേഷം ഡോഡി ലൂക്ബാകിയോ സെവിയ്യയ്ക്കു സമനില നൽകി. 32-ാം മിനിറ്റിൽ ഐസക് റൊമേരിയോ സെവിയ്യയെ മുന്നിലെത്തി. 57-ാം മിനിറ്റിൽ യുവാൻലു സാഞ്ചസ് സന്ദർശകരുടെ ലീഡ് രണ്ടാക്കി ഉയർത്തി.
അഞ്ചു മിനിറ്റ് കഴിഞ്ഞ് ഗ്രീസ്മാൻ ഒരുഗോൾ മടക്കി സെവിയ്യയുടെ ലീഡ് കുറച്ചു. സാമുവൽ ലിനോ (79’) അത്ലറ്റിക്കോയ്ക്കു സമനില നല്കി. സ്റ്റോപ്പേജ് ടൈമിന്റെ നാലാം മിനിറ്റിൽ ഗ്രീസ്മാൻ അത്ലറ്റിക്കോയെ മുന്നിലെത്തിച്ചു. ജയത്തോടെ 35 പോയിന്റായ അത്ലറ്റിക്കോ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. ബാഴ്സലോണയും റയൽ മാഡ്രിഡുമാണ് ഒന്നും രണ്ടും സ്ഥാനത്ത്.
മറ്റ് മത്സരങ്ങളിൽ റയൽ സോസിദാസ് 3-0ന് ലെഗനെസിനെയും അത്ലറ്റിക് ക്ലബ് 2-0ന് വിയ്യാറയലിനെയും പരാജയപ്പെടുത്തി. ഒസാസുന-അലാവ്സ് മത്സരം 2-2ന് സമനിലയിൽ പിരിഞ്ഞു.