കപ്പുയർത്തി കടുവകൾ...
Monday, December 9, 2024 1:40 AM IST
ദുബായ്: എസിസി ഏഷ്യ കപ്പ് അണ്ടർ 19 ഏകദിന ക്രിക്കറ്റ് കിരീടം ബംഗ്ലാദേശ് നിലനിർത്തി. ഫൈനലിൽ ഇന്ത്യയെ 59 റണ്‍സിനു കീഴടക്കിയാണ് കടുവകൾ ട്രോഫിയിൽ തുടർച്ചയായ രണ്ടാം തവണയും മുത്തംവച്ചത്. സ്കോർ: ബംഗ്ലാദേശ് 49.1 ഓവറിൽ 198. ഇന്ത്യ 35.2 ഓവറിൽ 139. ഏഷ്യ കപ്പ് ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കിയതിൽ ഇന്ത്യക്കു (എട്ട്) പിന്നിൽ രണ്ടാം സ്ഥാനത്തും ബംഗ്ലാദേശ് (രണ്ട്) എത്തി.
ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ബംഗ്ലാദേശ് റിസാൻ ഹുസൈൻ (65 പന്തിൽ 47), മുഹമ്മദ് ഷിഹാബ് ജയിംസ് (67 പന്തിൽ 40), ഫരീദ് ഹസൻ (49 പന്തിൽ 39) എന്നിവരുടെ ബാറ്റിംഗിലൂടെയാണ് 198 റണ്‍സ് നേടിയത്. ചെറിയ ലക്ഷ്യത്തിനായി ക്രീസിലെത്തിയ ഇന്ത്യക്കു ബാറ്റിംഗ് പിഴച്ചു.
മുഹമ്മദ് അമനാണ് (65 പന്തിൽ 26) ഇന്ത്യയുടെ ടോപ് സ്കോറർ. ബംഗ്ലാദേശിനുവേണ്ടി അസീസുൾ ഹക്കിം, ഇഖ്ബാൽ ഹസൻ എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇഖ്ബാൽ ബസനാണ് പ്ലെയർ ഓഫ് ദ മാച്ചും ടൂർണമെന്റിന്റെ താരവും.