നാനി വിരമിക്കൽ പ്രഖ്യാപിച്ചു
Monday, December 9, 2024 11:57 PM IST
ലിസ്ബണ്‍: പോർച്ചുഗീസ് ഫുട്ബോൾ താരം നാനി വിരമിക്കൽ പ്രഖ്യാപിച്ചു. മുപ്പത്തിയെട്ടുകാരനായ നാനി വിംഗറായാണ് കളിച്ചത്. 2016 യൂറോ കപ്പ് നേടിയ പോർച്ചുഗൽ ടീമിൽ അംഗമായിരുന്നു. 2007ൽ സ്പോർട്ടിംഗിൽനിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിലെത്തി.
യുണൈറ്റിനൊപ്പം 2007 മുതൽ 2015വരെയുള്ള കാലമാണ് താരത്തിന്റെ സുവർണ കാലഘട്ടം. ക്ലബ്ബിനായി 230 മത്സരങ്ങളിൽനിന്ന് 41 ഗോളുകൾ നേടി. യുണൈറ്റഡിനൊപ്പം ആദ്യ സീസണിൽ ചാന്പ്യൻസ് ലീഗ് നേടി.
പിന്നെ എട്ടു സീസണുകളിലായി നാലു പ്രീമിയർ ലീഗ്, രണ്ട് ലീഗ് കപ്പ് എന്നിവയും സ്വന്തമാക്കി. 2010-11 സീസണിൽ ക്ലബ്ബിന്റെ പ്ലെയേഴ്സ് പ്ലെയർ ഓഫ് ദി ഇയർ, പിഎഫ്എയുടെ പ്രീമിയർ ലീഗ് ടീം ഓഫ് ദി ഇയർ എന്നീ നേട്ടങ്ങൾ കൈവരിച്ചു.
2014-15 സീസണിൽ വായ്പയിൽ തിരിച്ച് സ്പോർട്ടിംഗിലെത്തി. അവിടെനിന്ന് ഫെനർബാച്ചെയിലെത്തി. വലൻസിയ, ലാസിയോ, ഒർലാൻഡോ സിറ്റി, വെനേസിയ, മെൽബണ്‍ വിക്ടറി, അദാന ഡെമിർസ്പോർ എന്നീ ക്ലബ്ബുകളിൽ കളിച്ച നാനി ഈ വർഷമാണ് ഹോം ടൗണ്‍ ക്ലബ്ബായ എസ്റ്റർല അമദോറയിലെത്തിയത്.
പോർച്ചുഗലിനായി 112 മത്സരങ്ങളിൽനിന്ന് 24 ഗോളുകൾ നേടി.