പിങ്ക് തന്ത്രം...
Friday, December 6, 2024 12:19 AM IST
അഡ്ലെയ്ഡ്: തന്ത്രമോ, നിലനിൽപ്പിന്റെ പ്രശ്നമോ... ക്രിക്കറ്റ് ലോകത്തിൽ ഈ രണ്ടു തരത്തിലുള്ള ചർച്ചകളും സജീവം. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ ഓപ്പണിംഗ് സ്ഥാനം ഉപേക്ഷിച്ച് മധ്യനിരയിലേക്ക് ഇറങ്ങുന്നതിനെ കുറിച്ചായിരുന്നു തന്ത്രമോ നിലനിൽപ്പിന്റെ പ്രശ്നമോ എന്ന ചർച്ചകൾ.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യൻ ആരാധകരും ക്രിക്കറ്റ് ലോകവും ഉറ്റുനോക്കിയ ഓപ്പണിംഗ് സ്ഥാനത്തിൽ തീർപ്പുകൽപ്പിച്ച് ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രസ്തവനയെത്തി; ‘കെ.എൽ. രാഹുൽ ഇന്ത്യൻ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യും.
മധ്യനിരയിൽ ഏതെങ്കിലും ഒരു സ്ഥാനത്തു ഞാൻ ബാറ്റ് ചെയ്യും’. ഇന്ത്യ x ഓസ്ട്രേലിയ പിങ്ക് ബോൾ ടെസ്റ്റ് ക്രിക്കറ്റ് ഇന്ന് അഡ്ലെയ്ഡിലെ ഓവൽ സ്റ്റേഡിയത്തിൽ നടക്കും. ഇന്ത്യൻ സമയം രാവിലെ 9.30നാണ് ടോസ്. അഞ്ചു മത്സര പരന്പരയിലെ രണ്ടാം മത്സരമാണ്. പരന്പരയിൽ ഇന്ത്യ 1-0നു മുന്നിലാണ്.
രോഹിത് സ്പീക്കിംഗ്
‘അവർ രണ്ടുപേരും (കെ.എൽ. രാഹുൽ, യശസ്വി ജയ്സ്വാൾ) ഉജ്വല ബാറ്റിംഗാണ് കാഴ്ചവച്ചത്. എന്റെ നവജാത കുഞ്ഞിനെ കൈയിലെടുത്തുകൊണ്ടാണ് വീട്ടിൽവച്ച് കെ.എൽ (രാഹുൽ) ബാറ്റ് ചെയ്യുന്നത് ഞാൻ കണ്ടത്. അതിഗംഭീരമായ ഇന്നിംഗ്സായിരുന്നു.
ആ കൂട്ടുകെട്ട് (ഓപ്പണിംഗ് സഖ്യം) മാറ്റേണ്ട ആവശ്യമില്ലെന്ന് എനിക്കു തോന്നി. വ്യക്തിപരമായി അത്ര സുഖകരമായ തീരുമാനം അല്ല, പക്ഷേ ടീമിനുവേണ്ടി ഏറ്റവും മികച്ച നീക്കമാണിത്’ - ഇന്ത്യയുടെ ഓപ്പണിംഗ് സഖ്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായി രോഹിത് ശർമ പറഞ്ഞു.
പെർത്ത് ടെസ്റ്റിൽ രാഹുൽ-ജയ്സ്വാൾ ഓപ്പണിംഗ് സഖ്യം രണ്ടാം ഇന്നിംഗ്സിൽ 201 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതായിരുന്നു ഇന്ത്യയുടെ ജയത്തിൽ നിർണായകം.
കടം വീട്ടണം
2020ൽ അഡ്ലെയ്ഡ് ഓവലിൽ ഒന്നാം ഇന്നിംഗ്സിൽ ലീഡ് നേടിയിട്ടും ഇന്ത്യ പിങ്ക് ബോൾ ടെസ്റ്റിൽ ഓസീസിനു മുന്നിൽ തോൽവി വഴങ്ങിയിരുന്നു. രണ്ടാം ഇന്നിംഗ്സിൽ 36 റണ്‍സിനു പുറത്തായതോടെയായിരുന്നു അത്. ആ കടം വീട്ടുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനായി ഏതു തന്ത്രവും പയറ്റാൻ ടീം ഒരുക്കമാണെന്നതാണ് രോഹിത് ശർമ മധ്യനിരയിലേക്ക് ഇറങ്ങിയത് സൂചിപ്പിക്കുന്നത്.
അഡ്ലെയ്ഡിൽ ഇതുവരെ നടന്ന ഏഴു പിങ്ക് ബോൾ ടെസ്റ്റിൽ ഒന്നിൽപോലും ഓസ്ട്രേലിയ പരാജയപ്പെട്ടിട്ടില്ല. 12 പിങ്ക് ബോൾ ടെസ്റ്റ് കളിച്ച ഓസ്ട്രേലിയ ഒരു തോൽവി മാത്രമാണ് വഴങ്ങിയത്. ഇന്ത്യയാകട്ടെ ഇതുവരെ നാലു പിങ്ക് ബോൾ ടെസ്റ്റ് കളിച്ചു. അതിൽ ഒരെണ്ണം തോറ്റു. വിദേശത്ത് ആദ്യ പിങ്ക് ബോൾ ജയത്തിനായാണ് രോഹിത് ശർമയും സംഘവും ഇന്നു മുതൽ അഡ്ലെയ്ഡിൽ ഇറങ്ങുക.
ഹാപ്പി ബെർത്ത് ഡേ...
ഇന്ത്യയുടെ പേസ് ഐക്കണ്‍ ജസ്പ്രീത് ബുംറയ്ക്ക് ഇന്നു 31-ാം ജന്മദിനം. അഡ്ലെയ്ഡ് ടെസ്റ്റിൽ വിക്കറ്റ് കൊയ്ത്തു നടത്തി ജന്മദിനം ആഘോഷമാക്കാനാണ് ഇന്നു മുതൽ ബുംറ മൈതാനത്തെത്തുക. പെർത്തിൽ നടന്ന ഒന്നാം ടെസ്റ്റിൽ ഇന്ത്യയെ നയിച്ചത് ബുംറയായിരുന്നു. കുടുംബകാര്യങ്ങൾക്കുവേണ്ടി സ്വദേശത്തായിരുന്ന രോഹിത് ശർമയുടെ അഭാവത്തിലായിരുന്നു ബുംറ ഇന്ത്യൻ ക്യാപ്റ്റൻസി ഏറ്റെടുത്തത്.
പെർത്ത് ടെസ്റ്റിൽ രണ്ട് ഇന്നിംഗ്സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തിയ ബുംറയായിരുന്നു പ്ലെയർ ഓഫ് ദ മാച്ച്.
50 വിക്കറ്റിന് അരികെ
2024 കലണ്ടർ വർഷത്തിൽ 50 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളർ എന്ന നേട്ടത്തിനു തൊട്ടരികെയാണ് ജസ്പ്രീത് ബുംറ. 49 വിക്കറ്റ് ഇതുവരെ ബുംറ ഈ കലണ്ടർ വർഷത്തിൽ വീഴ്ത്തി. രണ്ടു പ്രാവശ്യം നാലു വിക്കറ്റ് നേട്ടവും മൂന്നു പ്രാവശ്യം അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി.
2024 കലണ്ടർ വർഷത്തിൽ വിക്കറ്റ് വേട്ടയിൽ രണ്ടാമതുള്ളത് ഇന്ത്യയുടെ ആർ. അശ്വിനാണ്, 46 വിക്കറ്റ്. ടെസ്റ്റ് കരിയറിൽ 41 മത്സരങ്ങളിലെ 79 ഇന്നിംഗ്സിൽനിന്ന് 181 വിക്കറ്റും ബുംറയ്ക്കുണ്ട്. ഏകദിനത്തിൽ 89 മത്സരങ്ങളിൽനിന്ന് 149ഉം ട്വന്റി-20യിൽ 70 മത്സരങ്ങളിൽനിന്ന് 89ഉം വിക്കറ്റ് ജസ്പ്രീത് ബുംറ ഇതുവരെ നേടി.
ബ്രാഡ്മാന്റെ ഒപ്പം എത്താൻ കോഹ്ലി
ഇന്ത്യൻ സൂപ്പർ ബാറ്റർ വിരാട് കോഹ്ലി ഓസ്ട്രേലിയൻ ഇതിഹാസ താരം സർ ഡോണ്‍ ബ്രാഡ്മാന്റെ അപൂർവ റിക്കാർഡിനരികെ. ഏതെങ്കിലും ഒരു രാജ്യത്തിനെതിരേ എവേ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന ബ്രാഡ്മിന്റെ റിക്കാർഡിന് ഒപ്പമെത്താൻ വിരാട് കോഹ്ലിക്ക് ഒരു സെഞ്ചുറികൂടി മതി.
പെർത്തിൽ രണ്ടാം ഇന്നിംഗ്സിൽ 100 നോട്ടൗട്ടിലൂടെ ഓസ്ട്രേലിയയ്ക്കെതിരേ അവരുടെ നാട്ടിൽ കോഹ്ലിയുടെ സെഞ്ചുറി നേട്ടം 10 ആയിരുന്നു. 1930-48 കാലഘട്ടത്തിൽ ഓസ്ട്രേലിയയ്ക്കുവേണ്ടി കളിച്ച ഡോണ്‍ ബ്രാഡ്മാൻ ഇംഗ്ലണ്ടിനെതിരേ എവേ ടെസ്റ്റുകളിൽ 11 സെഞ്ചുറി നേടിയതാണ് നിലവിലെ റിക്കാർഡ്.
ബ്രാഡ്മാൻ 19 മത്സരങ്ങളിൽനിന്നാണ് 11 സെഞ്ചുറി നേടിയത്. കോഹ്ലി 43 ടെസ്റ്റിൽനിന്ന് 10 സെഞ്ചുറി ഓസ്ട്രേലിയൻ മണ്ണിൽ സ്വന്തമാക്കി. ഓസ്ട്രേലിയൻ മുൻ താരം ജാക് ഹോബ്സ്, ഇന്ത്യൻ മുൻതാരം സച്ചിൻ തെണ്ടുൽക്കർ എന്നിവർ ഒന്‍പതു സെഞ്ചുറി വീതവുമായി മൂന്നാം സ്ഥാനത്താണ്.
പിങ്ക് ബോൾ ടെസ്റ്റ് ചരിത്രത്തിൽ ഇന്ത്യക്കുവേണ്ടി ഏറ്റവും കൂടുതൽ റണ്‍സ് നേടിയ റിക്കാർഡ് വിരാട് കോഹ്ലിക്കു സ്വന്തം, 277 റണ്‍സ്. രോഹിത് ശർമ (173), ശ്രേയസ് അയ്യർ (155) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ.