കോഴിക്കോട് ഗോകുലം
Saturday, December 7, 2024 12:29 AM IST
കോഴിക്കോട്: ഐ ലീഗ് 2024-25 സീസണിൽ തട്ടകത്തിലെ ആദ്യ ജയത്തിനായി ഗോകുലം കേരള എഫ്സി ഇന്നു കളത്തിൽ.
ഹോം ഗ്രൗണ്ടായ കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഗോകുലം ഐസ്വാൾ എഫ്സിയുമായി 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. സീസണിലെ രണ്ടാം ഹോം മത്സരത്തിനാണ് ഗോകുലം കേരള ഇന്നു കളത്തിലെത്തുന്നത്. ഗോവയിലെ പാരന്പര്യ ക്ലബ്ബായ ചർച്ചിൽ ബ്രദേഴ്സ് ആണ് ഇന്നു ഗോകുലത്തിന്റെ എതിരാളികൾ. രാത്രി 7.00നാണ് കിക്കോഫ്.
മൂന്നു റൗണ്ട് പോരാട്ടം പൂർത്തിയായപ്പോൾ ഒരു ജയവും രണ്ടു സമനിലയുമായി അഞ്ചു പോയിന്റ് നേടിയ ഗോകുലം കേരള ആറാം സ്ഥാനത്താണ്. ഒരു ജയം, ഒരു തോൽവി, ഒരു സമനില എന്നിങ്ങനെ നാലു പോയിന്റുള്ള ചർച്ചിൽ ബ്രദേഴ്സ് ഏഴാമതും.
മൂന്നു മത്സരങ്ങളിൽനിന്ന് മൂന്നു ഗോൾ നേടിയ വെയ്ഡ് ലെക്കെയാണ് ചർച്ചിലിന്റെ ആക്രമണം നയിക്കുന്നത്. ഗോകുലത്തിന്റെ പോരാട്ടം നയിക്കുന്നത് ഒരു ഗോൾ വീതം നേടിയ ഇഗ്നാസിയൊ അബെലെഡോ റൂട്ട്, മാർട്ടിൻ ഷാവേസ്, അതുൽ ഉണ്ണികൃഷ്ണൻ തുടങ്ങിയവരാണ്. കഴിഞ്ഞ മത്സരത്തിൽ എസ് സി ബംഗളൂരുവിനെ കീഴടക്കിയതിന്റെ (3-1) ആവേശത്തിലാണ് ചർച്ചിൽ.