ലോക ചെസ് ചാന്പ്യൻഷിപ്പ് ക്ലൈമാക്സിലേക്ക്, ഇനി രണ്ടു ഗെയിം
Wednesday, December 11, 2024 12:18 AM IST
സോബിച്ചൻ തറപ്പേൽ
ഫിഡെ 2024 ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ നാലാം ഘട്ട മത്സരങ്ങൾ ഇന്ന് ആരംഭിക്കുന്പോൾ പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്. മത്സരത്തിലെ നാലാം വിശ്രമ ദിനവും കഴിഞ്ഞ് ഇന്നു 13-ാം ഗെയിമിന് നിലവിലെ ചാന്പ്യൻ ചൈനയുടെ ഡിങ് ലിറനും ഇന്ത്യൻ കൗമാര പ്രതിഭ ഡി. ഗുകേഷും കരുക്കൾ നീക്കും. നിലവിൽ ഇരുവരും ആറു പോയിന്റു വിതം നേടി തുല്യനിലയിലാണ്.
ഒന്നും പന്ത്രണ്ടും ഗെയിമുകൾ ഡിങ് വിജയിച്ചപ്പോൾ മൂന്നും പതിനൊന്നും ഗെയിമുകൾ ഗുകേഷ് നേടി. ജയ പരാജയങ്ങൾ മാറിമറിഞ്ഞ ബാക്കി എട്ടു ഗെയിമുകളും സമനിലയിൽ അവസാനിച്ചിരുന്നു. ഇപ്പോഴുള്ള ടൈ ബ്രേക്കു ചെയ്ത് ഇവരിലൊരാൾ ചാന്പ്യനാകാൻ ഇനി രണ്ടു ഗെയിമുകൾ കൂടി ശേഷിക്കുന്നു.
ഇനിയുള്ള രണ്ടു ഗെയിമുകളിൽ ഒരു വിജയവും ഒരു സമനിലയുമെങ്കിലും നേടുന്നയാൾ ചാന്പ്യനാകും. ഇരുവരും ഓരോ ഗെയിം ജയിച്ചാലും ഇരു ഗെയിമുകളും സമനിലയിലവസാനിച്ചാലും ഏഴു പോയിന്റുമായി സമനിലയിലത്തും. അങ്ങിനെയെങ്കിൽ വെള്ളിയാഴ്ച ടൈബ്രേക്ക് മത്സരങ്ങൾ നടക്കും.
ടൈ ബ്രേക്ക് ഇങ്ങനെ
ആദ്യ ടൈബ്രേക്ക് മത്സരത്തിൽ ഒന്നാം നീക്കം മുതൽ പത്തു സെക്കൻഡ് അഡീഷ്ണലായി ലഭിക്കുന്ന 15 മിനിറ്റ് ഓരോ കളിക്കാരനുമുള്ള നാലു റാപിഡ് ഗെയിമുകളാണ് നടക്കുക. ഇതിൽ രണ്ടര പോയിന്റ് ലഭിക്കുന്നയാൾ വിജയിക്കും. തുടർന്നും സമനിലയാണെങ്കിൽ അഞ്ചു സെക്കൻഡ് ഓരോ നീക്കത്തിനും ഇൻക്രിമെന്റുള്ള 10 മിനിറ്റിന്റെ രണ്ടു റാപ്പിഡ് ഗെയിമുകളാണ് കളിക്കേണ്ടത്. ഇതിൽ ഒന്നര പോയിന്റ് നേടുന്നയാൾ ജേതാവാകും.
റാപിഡ് മാച്ചിലും തുല്യതയാണെങ്കിൽ ബ്ലിറ്റ്സ് ഗെയിമുകളിലേക്കു നീങ്ങും. ആദ്യമായി രണ്ടു സെക്കൻഡ് ഓരോ നീക്കത്തിനും അധികമായി കിട്ടുന്ന മൂന്നു മിനിറ്റുള്ള രണ്ടു ബ്ലിറ്റ്സ് ഗെയിമുകളാണ്. ഇതിൽ ഒന്നര പോയിന്റ് ലഭിക്കുന്നയാൾ ജയിക്കും. ഇവിടെ ഓരോ മത്സരത്തിനും നറുക്കിട്ടാണ് മത്സരാർഥികൾക്കുള്ള കരുക്കളുടെ കളർ തീരുമാനിക്കുക.
വീണ്ടും സമനില വന്നാൽ ഇതേ സമയക്രമത്തിൽ ഒരു ബ്ലിറ്റ്സ് ഗെയിംകൂടെ കളിക്കും. ഇവിടെയും കരുക്കളുടെ കളർ നറുക്കിട്ടു തീരുമാനിക്കും. തുടർന്നും സമനിലയാണെങ്കിൽ എതിർകളർ കരുക്കൾ നൽകിക്കൊണ്ട് ഇതേ സമയക്രമത്തിൽ വിജയിയെ തീരുമാനിക്കുന്നതു വരെ ബ്ലിറ്റ്സ് ഗെയിമുകൾ നടത്തും.
സമ്മാനത്തുക
രണ്ടര മില്യണ്‍ അമേരിക്കൻ ഡോളറാണ് (21.22 കോടി രൂപ) ലോക ചെസ് ചാന്പ്യൻഷിപ്പിന് സമ്മാനമായി നൽകുന്നത്. ഇതിൽ ഓരോ ഗെയിമും ജയിക്കുന്നയാൾക്ക് രണ്ടു ലക്ഷം ഡോളർ (1.69 കോടി രൂപ) വീതം ലഭിക്കും.
ബാക്കി തുക ഇരുവർക്കും തുല്യമായി പങ്കിടും. ടൈബ്രേക്കിലേക്കു മത്സരം കടന്നാൽ ചാന്പ്യന് 1.3 മില്യണ്‍ ഡോളറും റണ്ണേഴ് അപ്പിന് 1.2 മില്യണ്‍ ഡോളറുമാണ് നൽകുക.