യുവേഫ സൂപ്പര്‍ കപ്പ് പിഎസ്ജിക്ക്
ഉദിനെ (ഇറ്റലി): 2024-25 സീസണ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളും യൂറോപ്പ ലീഗ് ചാമ്പ്യന്മാരും തമ്മിലുള്ള സൂപ്പര്‍ കപ്പ് പോരാട്ടത്തില്‍ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നു (പിഎസ്ജി) കിരീടം.
ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ പിഎസ്ജി ഷൂട്ടൗട്ടിലേക്കു നീണ്ട പോരാട്ടത്തില്‍ 4-3നു ജയം സ്വന്തമാക്കി. 50 മിനിറ്റിനുള്ളില്‍ രണ്ടു ഗോളിന്റെ ലീഡ് നേടിയശേഷമാണ് യൂറോപ്പ ജേതാക്കളായ ഇംഗ്ലീഷ് ക്ലബ് തോല്‍വി വഴങ്ങിയതെന്നതും ശ്രദ്ധേയം.
സോളാറിനു കീഴില്‍ സൂപ്പര്‍ പോര്
ഒരു വര്‍ഷത്തേക്കു മുഴുവന്‍ ആവശ്യമായ വൈദ്യുതി 2,409 സോളാര്‍ പാനലുകളിലൂടെ ലഭ്യമാക്കുന്ന, ഇക്കോ ഫ്രണ്ട്ലി സ്റ്റേഡിയമായ ബ്ലൂനെര്ജിയില് ടോട്ടന്‍ഹാമിന്റെ ആക്രമണത്തോടെയാണ് സൂപ്പര്‍ കപ്പ് ഫൈനല്‍ തുടങ്ങിയത്. റിച്ചാര്‍ലിസണിന്റെ 20 വാര ദൂരെനിന്നുള്ള ഗോള്‍ ഷോട്ട് പിഎസ്ജി അരങ്ങേറ്റക്കാരന്‍ ഗോളി ലൂക്കാസ് ഷെവലിയര്‍ ക്രോസ് ബാറിനു മുകളിലൂടെ കുത്തിയകറ്റി. 39-ാം മിനിറ്റില്‍ മിക്കി വാന്‍ ഡെ വെനിലൂടെ ഇംഗ്ലീഷ് ക്ലബ് ലീഡ് നേടി.
പല്ഹിഞ്ഞയുടെ ഷോട്ടിനുശേഷം റിബൗണ്ടായെത്തിയ പന്ത് മിക്കി വലയിലാക്കുകയായിരുന്നു. 48-ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ റൊമേരൊ ടോട്ടന്‍ഹാമിന്റെ ലീഡ് 2-0 ആക്കി. ടോട്ടന്‍ഹാമിന്റെ പുതിയ ക്യാപ്റ്റനായ റൊമേരൊ ഹെഡറിലൂടെയായിരുന്നു വല കുലുക്കിയത്.
85-ാം മിനിറ്റില്‍ ബോക്സിനു പുറത്തുനിന്നുള്ള ലോംഗ് ഷോട്ടിലൂടെ ലീ കാങ് ഇന്‍ പിഎസ്ജിക്കായി ഒരു ഗോള്‍ മടക്കി. തുടര്‍ന്ന് ഇഞ്ചുറി ടൈമിന്റെ നാലാം മിനിറ്റില്‍ ഉസ്മാന് ഡെംബെലെയുടെ ക്രോസില്‍നിന്ന് ഗോണ്‍സാലോ റാമോസ് ഹെഡറിലൂടെ പിഎസ്ജിയുടെ സമനില ഗോള്‍ നേടി.
ഷെവലിയർ സേവ്
കരാര്‍ തര്‍ക്കത്തെത്തുടര്‍ന്ന് പിഎസ്ജിവിട്ട ജിയാന്‍ലൂയിജി ഡോണറുമയുടെ പകരക്കാരനായി ഫ്രഞ്ച് ഗോള്‍ കീപ്പര്‍ ലൂക്കാസ് ഷെവലിയറിന്റെ അരങ്ങേറ്റ മത്സരമായിരുന്നു. ഷൂട്ടൗട്ടില്‍ ടോട്ടന്‍ഹാമിന്റെ മൂന്നാം കിക്കെടുത്ത വാന്‍ ഡെ വെന്നിന്റെ ഷോട്ട് ഇടത്തോട്ട് ചാടിയ ലൂക്കാസ് രക്ഷപ്പെടുത്തി. പിഎസ്ജിയുടെ ആദ്യ കിക്കെടുത്ത വിറ്റിഞ്ഞയുടെ ഷോട്ട് പുറത്തേക്കു പാഞ്ഞു.
ടോട്ടന്‍ഹാമിന്റെ നാലാം ഷോട്ട് എടുത്ത ഫ്രഞ്ച് താരം മത്യാസ് ഹെന്റി ടെല്ലിനു പിഴച്ചു. ടെല്ലിന്റെ ഷോട്ട് പുറത്തേക്കു പാഞ്ഞു. ഇതേത്തുടര്‍ന്നു ടെല്ലിനെതിരേ സോഷ്യല്‍ മീഡിയയില്‍ വംശീയാധിക്ഷേപം നടക്കുകയാണെന്നതും ഖേദകരം.
റാമോസ്, ഡെംബെലെ, ലീ കാങ് ഇന്‍, മെന്‍ഡെസ് എന്നിവര്‍ പിഎസ്ജിക്കായി പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചു.
പ്രീമിയർ ലീഗ്, ലാ ലിഗ, ഫ്രഞ്ച് ലീഗ് വൺ കിക്കോഫ്
ലണ്ടന്‍/മാഡ്രിഡ്/പാരീസ്: യൂറോപ്പിലെ വമ്പന്‍ ക്ലബ് ഫുട്ബോള്‍ പോരാട്ടങ്ങള്‍ക്ക് ഇന്നു കിക്കോഫ്. യൂറോപ്പിലെ ടോപ് ഫൈവ് ലീഗുകളില്‍ മുന്‍പന്തിയിലുള്ള ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാ ലിഗ, ഫ്രഞ്ച് ലീഗ് വണ്‍ എന്നിവയ്ക്ക് ഇന്നു പന്തുരുണ്ടു തുടങ്ങും.
ഇപിഎല്‍
അകാലത്തില്‍ പൊലിഞ്ഞ ഡിയേഗോ ജോട്ടയെ അനുസ്മരിച്ചശേഷം, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ ലിവര്‍പൂള്‍ എഫ്സി ഹോം ഗ്രൗണ്ടില്‍ ബേണ്‍മത്തിനെ നേരിടുന്നതോടെയാണ് പോരാട്ടദിനങ്ങള്‍ ആരംഭിക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍, ന്യൂകാസില്‍ യുണൈറ്റഡ് ടീമുകള്‍ നാളെ കളത്തിലിറങ്ങും.
ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ആഴ്സണല്‍ ടീമുകളുടെ മത്സരങ്ങള്‍ ഞായറാഴ്ചയാണ്. ഞായര്‍ ഇന്ത്യന്‍ സമയം രാത്രി ഒമ്പതിന് മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആഴ്സണലും തമ്മിലുള്ളതാണ് 2025-26 സീസണില്‍ ആദ്യ സൂപ്പര്‍ പോരാട്ടം.
ലാ ലിഗ, ലീഗ് വണ്‍
സ്പാനിഷ് ലാ ലിഗയില്‍ ഇന്ത്യന്‍ സമയം രാത്രി 10.30ന് ജിറോണ റയോ വയ്യക്കാനോയെ നേരിടുന്നതോടെയാണ് 2025-26 സീസണിനു തുടക്കമാകുക. നാളെ പുലര്‍ച്ചെ ഒരു മണിക്ക് വിയ്യാറയല്‍ റയല്‍ ഒവീഡോയെയും നേരിടും.
ലാ ലിഗയില്‍ നിലവിലെ ചാമ്പ്യന്മാരായ എഫ്സി ബാഴ്സലോണയുടെ ആദ്യ മത്സരം നാളെ ഇന്ത്യന്‍ സമയം രാത്രി 11ന് മയ്യോര്ക്കയ്ക്കെതിരേയാണ്. റയല്‍ മാഡ്രിഡിന്റെ ആദ്യ മത്സരം ഒസാസുനയ്ക്കെതിരേ ചൊവ്വ അര്‍ധരാത്രി 12.30നാണ്. തിങ്കള്‍ പുലര്‍ച്ചെയാണ് അത്ലറ്റിക്കോ മാഡ്രിഡ് ഇറങ്ങുന്നത്.
ഫ്രഞ്ച് ലീഗ് വണ്ണിലെ ആദ്യ മത്സരം ഇന്ന് അര്‍ധരാത്രി 12.15ന് റെനൈസും മാഴ്സയും തമ്മിലാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ്, സൂപ്പര്‍ കപ്പ് തുടങ്ങിയ അഞ്ച് കിരീടങ്ങള്‍ 2024-25 സീസണില്‍ സ്വന്തമാക്കിയ പിഎസ്ജിയുടെ ആദ്യ മത്സരം ഞായര്‍ അര്‍ധരാത്രി 12.15ന് നാന്സിനെതിരേ നടക്കും.
ജോട്ടയുടെ കുടുംബത്തിനു ചെല്‍സി സഹായം
ലണ്ടന്‍: സ്പെയിനില്വച്ചുണ്ടായ കാര്‍ അപകടത്തില്‍ മരണമടഞ്ഞ ലിവര്‍പൂള്‍ എഫ്സിയുടെ പോര്‍ച്ചുഗീസ് താരം ഡിയേഗോ ജോട്ടയുടെ കുടുംബത്തിനു പ്രീമിയര്‍ ലീഗിലെ സഹ ടീമായ ചെല്‍സി എഫ്സിയുടെ സഹായം.
ഫിഫ 2025 ക്ലബ് ലോകകപ്പ് ജേതാക്കളായ ചെല്‍സി, തങ്ങള്‍ക്കു ലഭിച്ച ബോണസിന്റെ ഒരു പങ്ക് ജോട്ടയുടെ കുടുംബത്തിനു നല്‍കുമെന്ന് അറിയിച്ചു. 28കാരനായ ജോട്ട ജൂലൈ മൂന്നിനാണ് അകാലത്തില്‍ പൊലിഞ്ഞത്.
യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ ഫ്രഞ്ച് ക്ലബ് പിഎസ്ജിയെ 0-3നു കീഴടക്കിയാണ് ചെല്‍സി ഫിഫ ക്ലബ് ലോകകപ്പ് സ്വന്തമാക്കിയത്. അഞ്ച് ലക്ഷം ഡോളര്‍ (4.38 കോടി രൂപ) ജോട്ടയുടെ കുടുംബത്തിനു ചെല്‍സി കൈമാറുമെന്നാണ് സൂചന.
ജോട്ടയോടുള്ള ആദരസൂചകമായി ലിവര്‍പൂള്‍, അദ്ദേഹത്തിന്റെ ജഴ്സി നമ്പറായ 20 പിന്‍വലിച്ചിരുന്നു. ഇന്നാരംഭിക്കുന്ന 2025-26 സീസണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ജോട്ടയെ അനുസ്മരിച്ച് മൗനമാചരിച്ച് തുടങ്ങും.
ഗോഥിയ കപ്പുമായി സ്പെഷല്‍ ഒളിമ്പിക് ടീമെത്തി
കോട്ടയം: സ്വീഡനില്വച്ചു നടന്ന ഗോഥിയ കപ്പ് ഫുട്ബോള്‍ (ലോക സ്പെഷല്‍ ഒളിമ്പിക് യൂത്ത് ഫുട്ബോള്‍) ട്രോഫി സ്വന്തമാക്കിയ ഇന്ത്യന്‍ സംഘം സ്വദേശത്തു മടങ്ങിയെത്തി.
ഫൈനലില്‍ 3-1നു പോളണ്ടിനെ കീഴടക്കിയാണ് ഇന്ത്യന്‍ ടീം കപ്പില്‍ മുത്തംവച്ചത്. 80 രാജ്യങ്ങളില്‍നിന്നായി 1800 താരങ്ങള്‍ മാറ്റുരച്ച പോരാട്ടത്തില്‍ ഇന്ത്യന്‍ സംഘം ചാമ്പ്യന്മാരാകുന്നത് തുടര്‍ച്ചയായ രണ്ടാം തവണയാണ്. ടീമിലെ 10 കളിക്കാരില്‍ മൂന്നു പേര് മലയാളികളാണ്. കേരളത്തിനും
അഭിമാന മുഹൂര്‍ത്തം...
കോട്ടയം സിഎംഐ സെന്റ് ജോസഫ്സ് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സേവാഗ്രാം സ്പെഷല്‍ സ്കൂളിലെ ആരോമല്‍ ജോസഫ്, ഷഹീര്‍ മുഹമ്മദ്, തിരുഹൃദയ സന്യാസിനീ സമൂഹത്തിന്റെ പാലാ പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ആയാംകുടി ആശാനികേതന്‍ സ്പെഷല്‍ സ്കൂളിലെ അബി ജോസ് എന്നിവരായിരുന്നു ഇന്ത്യന്‍ സംഘത്തിലെ മലയാളി സാന്നിധ്യങ്ങള്‍. ടൂര്‍ണമെന്റില്‍ എട്ടു ഗോള്‍ അടിച്ചുകൂട്ടിയ ഷഹീര്‍ മുഹമ്മദാണ് ഇന്ത്യന്‍ ടീമലെ ടോപ് സ്കോറര്‍.
സ്പെഷല്‍ ഒളിമ്പിക്സ് ഇന്ത്യയുടെ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ള ആറ് അവാര്‍ഡുകളുമായി കേരളം ഒന്നാമതാണ്. അലന് സി. വര്‍ഗീസ്, ഷിജോമോന്‍ സി. ജോസ് എന്നിവരാണ് മുഖ്യപരിശീലകര്. എസ്ഒബി കേരള ഡയറക്ടര്‍ ഫാ. റോയി കണ്ണന്‍ചിറ സിഎംഐ, പ്രസിഡന്റ് ഡോ. എം.കെ. ജയരാജ്, പ്രോഗ്രാം മാനേജര്‍ സി. റാണി ജോ, വെട്ടിമുകള്‍ സ്കൂള്‍ പ്രിന്‍സിപ്പലും സ്റ്റേറ്റ് ഡിസെബിലിറ്റി എക്സ്പേര്‍ട്ടുമായ ഫാ. ക്ലീറ്റസ് ടോം ഇടശേരി സിഎംഐ, ആയാംകുടി ആശാനികേതന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ അമല്‍ ജോ എസ്എച്ച് എന്നിവരുടെ തീവ്രപ്രയത്നമാണ് അപൂര്വജയത്തിന് ഊര്‍ജമായത്.
വെസ് പെയ്സ് ഓര്‍മയായി
കോല്‍ക്കത്ത: 1972 മ്യൂണിക് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗവും 1996 ഒളിമ്പിക്സില്‍ വെങ്കലം നേടിയ ടെന്നീസ് താരം ലിയാന്‍ഡര്‍ പെയ്സിന്റെ പിതാവുമായ ഡോ. വെസ് പെയ്സ് (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഏറെനാളായി ചികിത്സയിലായിരുന്നു.
ഇന്ത്യന്‍ ബാസ്കറ്റ്ബോള്‍ ടീം മുന്‍ ക്യാപ്റ്റനായ ജെന്നിഫറാണ് ഭാര്യ. 1945ല്‍ ഗോവയിലായിരുന്നു വെസ് പെയ്സിന്റെ ജനനം.
ഡോക്ടര്‍ സ്പോര്‍ട്സ്
ക്രിക്കറ്റ്, ഫുട്ബോള്‍, റഗ്ബി തുടങ്ങിയ കായിക ഇനങ്ങളിലും വെസ് പെയ്സ് തന്റെ കഴിവു തെളിയിച്ചിരുന്നു. 13 വര്‍ഷം മോഹന്‍ ബഗാനുവേണ്ടി കളിച്ചു. 1968 ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കേണ്ടതായിരുന്നെങ്കിലും അതുണ്ടായില്ല.
എംബിബിഎസ്, മാസ്റ്റര്‍ ഓഫ് സര്‍ജറി ബിരുദങ്ങളുള്ള വെസ് പെയ്സ്, ഓള് ഇന്ത്യ ടെന്നീസ് അസോസിയേഷന്, ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന് എന്നിവിടങ്ങളില്‍ മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ആയിരുന്നു. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് ഒപ്പവും ഇന്ത്യയുടെ ഡേവിസ് കപ്പ് ടെന്നീസ് ടീമിനൊപ്പവും ഡോക്ടറിന്റെ ചുമതല വഹിച്ചു.
ഏഷ്യയിലെ 18 രാജ്യങ്ങളില്‍ സ്പോര്‍ട്സ് മെഡിസിന് പ്രോഗ്രാമുകള്‍ വളര്‍ത്തി. ഏഷ്യന്‍ ക്രിക്കറ്റ് കൗണ്സിലിനൊപ്പവും (എസിസി) പ്രവര്‍ത്തിച്ചു. ഉത്തേജക വിരുദ്ധ പ്രവര്‍ത്തനങ്ങളിലും വെസ് പെയ്സ് മുന്‍പന്തിയിലുണ്ടായിരുന്നു.
കൊച്ചി: രാജഗിരി ഫ്ളഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 38ാമത് ഫാ. ഫ്രാന്‍സിസ് സാലസ് ട്രോഫി സൗത്ത് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍, സെമി ഫൈനല്‍ മത്സരങ്ങള്‍ ഇന്നു നടക്കും.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആതിഥേയരായ കളമശേരി രാജഗിരി സ്കൂളിനൊപ്പം മാന്നാനം സെന്റ് എഫ്രേംസ്, കുന്നംകുളം ഗവ. മോഡല്‍ ബോയ്സ്, തിരുവനന്തപുരം സെന്റ് ജോസഫ്സ്, തൂത്തുക്കുടി ക്രസന്റ് മെട്രിക് എച്ച്എസ്എസ്, പുളിക്കുന്നം സെന്റ് ജോസഫ്സ്, കോഴിക്കോട് സില്‍വര്‍ ഹില്‍, കോട്ടയം ഗിരിദീപം ബഥനി എന്നീ ടീമുകൾ നോക്കൗട്ടില്‍ പ്രവേശിച്ചു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് പ്രോവിഡന്‍സ്, കോട്ടയം മൗണ്ട് കാര്‍മല്‍, തൂത്തുക്കുടി ഹോളിക്രോസ്, പത്തനാപുരം മൗണ്ട് താബോര്‍, ആലപ്പുഴ ജ്യോതിനികേതന്‍, കൊല്ലം എസ്എന്‍ ട്രസ്റ്റ് എന്നിവര്‍ അവസാന ആറില്‍ ഇടംനേടി.
പരമ്പര നേടാന്‍ ഇന്ത്യ എ
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയ എ വനിതകള്‍ക്ക് എതിരായ ഏകദിന ക്രിക്കറ്റ് പരമ്പര സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യ എ ഇന്നു കളത്തില്‍.
മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എ മൂന്നു വിക്കറ്റിനു ജയിച്ചിരുന്നു. ഇന്നു നടക്കുന്ന രണ്ടാം ഏകദിനത്തില്‍ ജയിച്ചാല്‍ ഇന്ത്യ എയ്ക്കു പരമ്പര സ്വന്തമാക്കാം.
ആദ്യ ഏകദിനത്തില്‍ രണ്ടു വിക്കറ്റുമായി മലയാളി താരം മിന്നു മണി ഇന്ത്യക്കായി തിളങ്ങിയിരുന്നു.
കെയ്മര്‍ ചാമ്പ്യന്‍
ചെന്നൈ: ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് 2025 ചെസ് ടൂര്‍ണമെന്റില്‍ ജര്‍മനിയുടെ വിന്‍സെന്റ് കെയ്മര്‍ ചാമ്പ്യന്‍.
എട്ടാം റൗണ്ടില്‍ ഡച്ച് താരം ജോര്‍ദന്‍ വാന്‍ ഫോറസ്റ്റുമായി സമനിലയില്‍ പിരിഞ്ഞ് ആറ് പോയിന്റുമായാണ് കെയ്മര്‍ ചാമ്പ്യനായത്. 4.5 പോയിന്റുള്ള ഇന്ത്യയുടെ അര്ജുന് എറിഗയ്സിയും കാര്ത്തികേയന് മുരളിയും രണ്ടും മൂന്നും സ്ഥാനം നേടി.
മലയാളിതാരം നിഹാല്‍ സരിന് 3.5 പോയിന്റുമായി എട്ടാം സ്ഥാനത്തു ഫിനിഷ് ചെയ്തു.
ചെന്നൈ: ഫിഡെ വനിതാ ലോകകപ്പ് ചെസ് ജേതാവായ ഇന്ത്യയുടെ ദിവ്യ ദേശ്മുഖ്, 2025 വനിതാ സ്പീഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടറില്‍ പുറത്ത്.
ചൈനയുടെ ലോക ഒന്നാം നമ്പറായ ഹൂ യിഫാനോടു പരാജയപ്പെട്ടാണ് ദിവ്യ പുറത്തായത്.
പാക്കിസ്ഥാനെ തകര്‍ത്ത് വെസ്റ്റ് ഇന്‍ഡീസിനു പരമ്പര
തരൗബ (ട്രിനിഡാഡ് ആന്‍ഡ് ടുബാഗൊ): തകര്‍ന്നുകിടക്കുന്നതായി വിലയിരുത്തപ്പെട്ട വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് ഊര്‍ജം പകര്‍ന്ന് പാക്കിസ്ഥാനെതിരായ മൂന്നാം ഏകദിനത്തില്‍ പുരുഷ ടീം കൂറ്റന്‍ ജയം സ്വന്തമാക്കി.
പാക്കിസ്ഥാനെതിരേ മൂന്നു മത്സര ഏകദിന പരമ്പരയിലെ അവസാന പോരാട്ടത്തില്‍ 202 റണ്‍സിനാണ് വിന്‍ഡീസ് ടീമിന്റെ ജയം. ഇതോടെ 2-1നു വെസ്റ്റ് ഇന്‍ഡീസ് പരമ്പര സ്വന്തമാക്കി. വിന്‍ഡീസ് ക്രിക്കറ്റ് പഴയ പ്രതാപം വീണ്ടെടുക്കണമെങ്കില്‍ 100 കാര്യങ്ങള്‍ സംഭവിക്കണമെന്ന് ഇതിഹാസതാരം ബ്രയാന്‍ ലാറ പറഞ്ഞതിന്റെ പിറ്റേദിനമാണ് ഈ ചരിത്ര ജയമെന്നതും ശ്രദ്ധേയം. നിലവിലെ പ്രതിസന്ധിക്ക് ഐപിഎല്‍ കാരണമായതായും ലാറ വിമര്‍ശിച്ചിരുന്നു.
വിന്‍ഡീസ് ക്രിക്കറ്റിനെ രക്ഷിക്കാനും പഴയ ക്ലാസിലേക്കു തിരിച്ചെത്തിക്കാനും ലക്ഷ്യമിട്ട്, ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് (സിഡബ്ല്യുഐ) അടുത്തിടെ അടിയന്തര യോഗം വിളിച്ചിരുന്നു. ബ്രയാന്‍ ലാറ, ക്ലൈവ് ലോയ്ഡ്, വിവ് റിച്ചാര്‍ഡ്സ്, ഡെസ്മണ്ട് ഹെയ്ന്‍സ്, ശിവനരെയ്ന്‍ ചന്ദര്‍പോള്‍, വിന്‍ഡീസ് ടീമിന്റെ നിലവിലെ മുഖ്യപരിശീലകന്‍ ഡാരന്‍ സമി എന്നിവാണ് യോഗത്തില്‍ പങ്കെടുത്തത്. അടിസ്ഥാന സൗകര്യ വികസനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ഐസിസിയില്‍നിന്ന് പ്രത്യേക സാമ്പത്തിക സഹായം ആവശ്യപ്പെടാന്‍പോലും ഈ യോഗത്തില്‍ തീരുമാനമായെന്നതും ശ്രദ്ധേയം.
1991നുശേഷം ആദ്യം
പാക്കിസ്ഥാനെതിരേ വെസ്റ്റ് ഇന്‍ഡീസ് ഏകദിന പരമ്പര സ്വന്തമാക്കുന്നത് 1991നുശേഷം ഇതാദ്യം. നീണ്ട 34 വര്‍ഷത്തിനുശേഷം. 2011നുശേഷം ഏതെങ്കിലും ഫോര്‍മാറ്റില്‍ പാക്കിസ്ഥാനെതിരേ വിന്‍ഡീസിന്റെ പരമ്പര നേട്ടവുമാണിത്.
ആദ്യ ഏകദിനത്തില്‍ പാക്കിസ്ഥാന് അഞ്ച് വിക്കറ്റ് ജയവും രണ്ടാം മത്സരത്തില്‍ വിന്‍ഡീസ് അഞ്ച് വിക്കറ്റ് ജയവും നേടിയതോടെ മൂന്നാം ഏകദിനം നിര്‍ണായകമായി. മൂന്നാം ഏകദിനത്തില്‍ ക്യാപ്റ്റന്‍ ഷായ് ഹോപ്പിന്റെ (94 പന്തില്‍ 120 നോട്ടൗട്ട്) സെഞ്ചുറി മികവില്‍ വിന്‍ഡീസ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സ് നേടി. 24 പന്തില്‍ 43 റണ്‍സുമായി പുറത്താകാതെ നിന്ന എട്ടാം നമ്പര്‍ ബാറ്ററായ ജെസ്റ്റിന് ഗ്രീവ്സിന്റെ ഇന്നിംഗാണ് വിന്‍ഡീസിന്റെ സ്കോര്‍ ഉയര്‍ത്തിയത്.
295 റണ്‍സ് എന്ന ലക്ഷ്യത്തിനായി ക്രീസിലെത്തിയ പാക്കിസ്ഥാന് 29.2 ഓവറില്‍ 92നു പുറത്തായി. സല്മാന് അലി അഗയാണ് (30) ടീമിന്റെ ടോപ് സ്കോറര്‍. 7.2 ഓവറില്‍ 18 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ ജെയ്ഡന്‍ സീല്‍സാണ് പാക്കിസ്ഥാനെ 92നു പുറത്താക്കിയതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
സീല്‍സ് ഷോ
ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ വിന്‍ഡീസ് ബൗളര്‍മാരുടെ മികച്ച പ്രകടനത്തില്‍ മൂന്നാം സ്ഥാനം ജെയ്ഡന്‍ സീല്‍സ് സ്വന്തമാക്കി. വിന്‍സ്റ്റണ്‍ ഡേവിസ് (7/51), കോളിന് ക്രോഫ്റ്റ് (6/15) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍. ഏകദിനത്തില്‍ പാക്കിസ്ഥാനെതിരേ വിന്‍ഡീസിന്റെ ഏറ്റവും മികച്ച ബൗളിംഗും സീല്സിന്റേതാണ്. 23കാരനായ സീല്‍സാണ് പരമ്പരയുടെ താരം. ഷായ് ഹോപ്പ് പ്ലെയര്‍ ഓഫ് ദ മാച്ചായി.
ഇന്ത്യ എ വനിതകള്‍ക്കു ജയം
ബ്രിസ്ബെയ്ന്‍: ഓസ്ട്രേലിയ എയ്ക്ക് എതിരായ മൂന്നു മത്സര ഏകദിന ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എ വനിതകള്‍ക്കു ജയം. താലിയ മഗ്രാത്ത് നയിക്കുന്ന ഓസ്ട്രേലിയ എ ടീമിനെ മൂന്നു വിക്കറ്റിന് രാധ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങിയ ഇന്ത്യ എ കീഴടക്കി.
മൂന്നു മത്സര ട്വന്റി-20 പരമ്പര 3-0നു നഷ്ടപ്പെട്ടശേഷമാണ് ഇന്ത്യ എ ഏകദിന പോരാട്ടത്തിനിറങ്ങിയതും ജയം സ്വന്തമാക്കിയതും. സ്കോര്‍: ഓസ്ട്രേലിയ എ 47.2 ഓവറില്‍ 214. ഇന്ത്യ എ 42 ഓവറില്‍ 215/7. പരമ്പരയിലെ രണ്ടാം ഏകദിനം നാളെ നടക്കും.
മിന്നു മിന്നിച്ചു
ടോസ് നേടിയ ഓസ്ട്രേലിയ എ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. 90 പന്തില്‍ 92 റണ്‍സ് അടിച്ചെടുത്ത അനിക ലിയറോയിഡിന്റെ ബാറ്റിംഗായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു ഭീഷണി.
റേച്ചല്‍ ട്രെനാമാന്‍ 62 പന്തില്‍ 51 റണ്‍സ് നേടി. ഇന്ത്യന്‍ ബൗളര്‍മാരില്‍ മലയാളിയായ മിന്നു മണി മികച്ച പ്രകടനം കാഴ്ചവച്ചു. 10 ഓവറില്‍ 38 റണ്‍സ് വഴങ്ങിയ മിന്നു രണ്ട് വിക്കറ്റ് സ്വന്തമാക്കി. രാധാ യാദവ് 10 ഓവറില്‍ 45 റണ്‍സിന് മൂന്നു വിക്കറ്റ് വീഴ്ത്തി.
വിക്കറ്റ് കീപ്പര്‍ ബാറ്ററായ യാസ്തിക ഭാട്ടിയയാണ് (70 പന്തില്‍ 59) ഇന്ത്യ എയുടെ പ്രത്യാക്രമണം നയിച്ചത്. ഷെഫാലി വര്‍മ (31 പന്തില്‍ 36), ധാര ഗുജ്ജാര്‍ (53 പന്തില്‍ 31), രാഘ്വി ബിസ്റ്റ് (34 പന്തില്‍ 25 നോട്ടൗട്ട്) എന്നിവരും തിളങ്ങി.
ഡോണറുമ പിഎസ്ജി വിട്ടു
പാരീസ്: കരാര്‍ തര്‍ക്കത്തെത്തുടര്‍ന്ന് ഇറ്റാലിയന്‍ ഗോള്‍ കീപ്പര്‍ ജിയാന്‍ലൂയിജി ഡോണറുമ ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ജെര്‍മെയ്നുമായി (പിഎസ്ജി) പിണങ്ങിപ്പിരിഞ്ഞു.
മാഞ്ചസ്റ്റര്‍ സിറ്റി, ചെല്‍സി, മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ഇന്റര്‍ മിലാന് ടീമുകളിലൊന്നിലേക്ക് ഡോണറുമ ചേക്കേറിയേക്കുമെന്നാണ് സൂചന. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഈ റേസില്‍ ഇല്ലെന്നുള്ള റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഏതായാലും കഴിഞ്ഞ രാത്രി നടന്ന യുവേഫ സൂപ്പര്‍ കപ്പിനുള്ള പിഎസ്ജി ടീമില്‍നിന്ന് ഡോണറുമയെ ഒഴിവാക്കിയിരുന്നു.
പിഎസ്ജി x ടോട്ടന്‍ഹാം ഹോട്ട്സ്പുര്‍ യുവേഫ സൂപ്പര്‍ കപ്പ് കിക്കോഫിനു മുമ്പുതന്നെ താന്‍ ക്ലബ് വിടുന്നതായുള്ള പ്രഖ്യാപനം ഡോണറുമ നടത്തി.
അതൃപ്തിയോടെ മടക്കം
“തുടക്കം മുതല്‍ പിഎസ്ജിക്കായി പൂര്‍ണമായി സമര്‍പ്പിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞാന്‍ ടീമിന്റെ ഭാഗമല്ലെന്നു മറ്റു ചിലര്‍ നിശ്ചയിച്ചു’’ എന്ന തുറന്നു പറച്ചിലോടെയാണ് ഡോണറുമ ക്ലബ് വിടുന്നതായി അറിയിച്ചത്.
ഒരു വര്‍ഷം കൂടി കരാര്‍ കാലാവധി ബാക്കിയുള്ള ഡോണറുമ, കരാര്‍ നീട്ടാന്‍ താത്പര്യപ്പെട്ടിരുന്നു. എന്നാല്‍, ക്ലബ്ബിലെ പുതിയ സാമ്പത്തിക ക്രമത്തിനു കീഴില്‍ കരാര്‍ പുതുക്കാന്‍ ഡോണറുമ താത്പര്യപ്പെട്ടില്ല. ടീമില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം (മാസം 8.70 കോടി രൂപ) കൈപ്പറ്റുന്ന താരങ്ങളിലൊരാളായിരുന്നു 26കാരനായ ഡോണറുമ.
ഡോണറുമയെ ഒഴിവാക്കാനായി ഫ്രഞ്ച് ഗോള്‍ കീപ്പറായ ലൂകാസ് ഷെവലിയാറിനെ കഴിഞ്ഞയാഴ്ച പിഎസ്ജി സ്വന്തമാക്കിയിരുന്നു. ഫ്രഞ്ച് ക്ലബ്ബായ ലിലെയില്നിന്ന് 409 കോടി രൂപയ്ക്കാണ് 22കാരനായ ലൂകാസിനെ പിഎസ്ജി സ്വന്തമാക്കിയത്.
2021ല്‍ ഇറ്റാലിയന്‍ ക്ലബ്ബായ എസി മിലാനില്‍നിന്നാണ് ഡോണറുമ പിഎസ്ജിയിലെത്തിയത്. ഇറ്റാലിയന്‍ ദേശീയ ടീമിനൊപ്പം 2020 യൂറോ കപ്പ്, പിഎസ്ജിക്കൊപ്പം 2024-25 യുവേഫ ചാമ്പ്യന്‍സ് ലീഗ്, നാലു തവണ ഫ്രഞ്ച് ലീഗ് വണ്‍ തുടങ്ങിയ കിരീട നേട്ടങ്ങളില്‍ പങ്കാളിയാണ് ഡോണറുമ.
ഖാലിദ് 2027 വരെ തുടരും
മുംബൈ: ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകനായി തെരഞ്ഞെടുക്കപ്പെട്ട ഖാലിദ് ജമീലിന്റെ കരാര്‍ കാലാവധി സംബന്ധിച്ച വിവരം എഐഎഫ്എഫ് (ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്) പുറത്തുവിട്ടു.
2027വരെ നീളുന്ന രണ്ടു വര്‍ഷ കരാറിലാണ് ഖാലിദ് ജമീല്‍ ഒപ്പുവച്ചിരിക്കുന്നത്. ഒരു വര്‍ഷംകൂടി കരാര്‍ നീട്ടാനുള്ള അവസരവുമുണ്ട്. ഐഎസ്എല്‍ ക്ലബ്ബായ ജംഷഡ്പുര്‍ എഫ്സിയുടെ മുഖ്യപരിശീലകനായിരിക്കേയാണ് ജമീലിനെ ഇന്ത്യയുടെ മാനേജരായി തെരഞ്ഞെടുത്തത്.
ജംഷഡ്പുര്‍ എഫ്സിയില്‍നിന്നു രാജിവച്ച്, ഇന്ത്യന്‍ ടീമിന്റെ മുഴുവന്‍ സമയ പരിശീലകനായി ജമീല്‍ പ്രവര്‍ത്തിക്കുമെന്നും എഐഎഫ്എഫ് വൃത്തങ്ങള്‍ അറിയിച്ചു. 15ന് ബംഗളൂരുവിലെ ദ്രാവിഡ്-പദുക്കോണ്‍ സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് എക്സലന്സില്വച്ച് ജമീലിന്റെ ശിക്ഷണത്തിനു കീഴില്‍ ടീമിന്റെ ആദ്യ ട്രെയ്നിംഗ് ക്യാമ്പ് നടക്കും.
സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്ബോള്‍ അസോസിയേഷന് (സിഎഎഫ്എ) നേഷന്‍സ് കപ്പാണ് ജമീലിന്റെ കീഴില്‍ ടീം ഇന്ത്യയുടെ ആദ്യ മത്സരവേദി. ഗ്രൂപ്പ് ബിയില്‍ ഓഗസ്റ്റ് 29നു തജിക്കിസ്ഥാനെയും സെപ്റ്റംബര്‍ ഒന്നിന് ഇറാനെയും സെപ്റ്റംബര്‍ നാലിന് അഫ്ഗാനിസ്ഥാനെയും ഇന്ത്യ നേരിടും. തുടര്‍ന്ന് എഎഫ്സി ഏഷ്യന്‍ കപ്പ് 2027 യോഗ്യതാ റൗണ്ടില്‍ സിംഗപ്പുരിനെതിരേയാണ് (ഒക്ടോബര്‍ 9, 14) ഇന്ത്യയുടെ മത്സരം.
48കാരനായ ഖാലിദ് ജമീല്‍ 1998-2006 കാലഘട്ടത്തില്‍ ഇന്ത്യന്‍ ദേശീയ ടീം ജഴ്സിയില്‍ 40 മത്സരങ്ങള്‍ കളിച്ചു, നാലു ഗോള്‍ സ്വന്തമാക്കി. നീണ്ട 13 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഒരു സ്വദേശി മുഖ്യപരിശീലകനെ ലഭിക്കുന്നത്. സാവിയോ മെദീറയായിരുന്നു (2011-12) ഇന്ത്യന്‍ ടീമിന്റെ അവസാന സ്വദേശി പരിശീലകന്.
രോഹിത് ഇന്ത്യയുടെ 89-ാം ജിഎം
ചെന്നൈ: ഇന്ത്യയുടെ 89-ാം ഗ്രാന്‍ഡ്മാസ്റ്ററായി ചെന്നൈ സ്വദേശിയായ എസ്. രോഹിത് കൃഷ്ണ. കസാക്കിസ്ഥാനില്‍ നടന്ന അല്‍മാട്ടി മാസ്റ്റേഴ്സ് ഖൊനേവ് കപ്പ് ചെസ് ജയിച്ചാണ് 19കാരനായ രോഹിത് കൃഷ്ണ ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി സ്വന്തമാക്കിയത്. 2022 മുതല്‍ ഇന്റര്‍നാഷണല്‍ മാസ്റ്ററായിരുന്നു രോഹിത്.
വിശ്വനാഥന് ആനന്ദാണ് (1988) ഗ്രാന്‍ഡ്മാസ്റ്റര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യക്കാരന്. ഫിഡെ വനിതാ ലോകകപ്പ് ജേതാവായ ദിവ്യ ദേശ്മുഖാണ് ഇന്ത്യയുടെ 88-ാം ജിഎം. ഇന്ത്യക്ക് 89 ഗ്രാന്‍ഡ്മാസ്റ്റേഴ്സ് ഉള്ളതില്‍ നാലുപേര്‍ വനിതകളാണ്.
ഗിരിദീപം, എസ്എന്‍ ജയിച്ചു
കൊച്ചി: കളമശേരി രാജഗിരി ഫ്ലഡ്ലിറ്റ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആരംഭിച്ച 38-ാമത് ഫാ. ഫ്രാന്‍സിസ് സാലസ് ട്രോഫിക്കുവേണ്ടിയുള്ള സൗത്ത് ഇന്ത്യ ഇന്റര്‍ സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന്റെ ആദ്യദിനത്തില്‍ കോട്ടയം ഗിരിദീപം സ്കൂളിനും കൊല്ലം എസ്എന്‍ ട്രസ്റ്റ് എച്ച്എസ്എസിനും ജയം.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗ്രൂപ്പ് ഡിയിൽ നടന്ന ആദ്യ മത്സരത്തില്‍ കോട്ടയം ഗിരിദീപം സ്കൂള്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ (55-54) കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ കോണ്‍വന്റ് സ്കൂളിനെ പരാജയപ്പെടുത്തി. പെൺകുട്ടികളുടെ ഗ്രൂപ്പ് സി വിഭാഗത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ കൊല്ലം എസ്എന്‍ ട്രസ്റ്റ് ഹൈസ്കൂള്‍ കൊരട്ടി ലിറ്റില്‍ ഫ്ലവര്‍ കോണ്‍വന്റ് സ്കൂളിനെ (64-63) തോൽപ്പിച്ചു.
ഫെഡറര്‍ റിട്ടേണ്‍സ്
ഷാങ്ഹായ്: സ്വിസ് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ കോര്‍ട്ടിലേക്കു തിരിച്ചെത്തുന്നു. 2025 ഷാങ്ഹായ് മാസ്റ്റേഴ്സില്‍ പങ്കെടുക്കുമെന്ന് ഫെഡറര്‍ അറിയിച്ചു. ഒക്ടോബര്‍ 10ന് റോജര്‍ ആന്‍ഡ് ഫ്രണ്ട്സ് സെലിബ്രിറ്റി ഡബിള്‍സ് ഇവന്റില്‍ ഫെഡറര്‍ പങ്കെടുക്കും. 44കാരനായ സ്വിസ് താരം 2017നുശേഷം ആദ്യമായാണ് ഷാങ്ഹായില്‍ മത്സരിക്കാനെത്തുന്നത്.
ലിയോ വൂ എന്നറിയപ്പെടുന്ന ചൈനീസ് നടന് വു ലി, ഇപ് മാന്‍ ഫെയിം ഡോണി യെന്‍, ഗ്രാന്സ്ലാം ഡബിള്‍സ് രണ്ടു തവണ ജേതാവായ വനിതാ താരം ഹെങ് ജി തുടങ്ങിയവര്‍ സെലിബ്രിറ്റി മത്സരത്തില്‍ പങ്കെടുക്കും.
അള്‍ട്ടിമേറ്റില്‍ ഡുപ്ലാന്റിസ് ‘സ്റ്റാര്‍ അത്ലറ്റ് ’
സൂറിച്ച്: അടുത്ത വര്‍ഷം സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന പ്രഥമ ലോക അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിലെ സ്റ്റാര്‍ അത്ലറ്റായി സ്വീഡിഷ് പോള്‍വോള്‍ട്ടര്‍ അര്‍മാന്‍ഡ് ഡുപ്ലാന്റിസിനെ പ്രഖ്യാപിച്ചു.
വേള്‍ഡ് അത്ലറ്റിക്സാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുക. 16 ട്രാക്ക്, 10 ഫീല്‍ഡ് എന്നിങ്ങനെ 26 വ്യക്തിഗത ഇനങ്ങളും 4x100 മിക്സഡ് റിലേ ഉള്‍പ്പെടെ രണ്ട് റിലേ പോരാട്ടങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ അരങ്ങേറും. വേള്‍ഡ് അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അംബാസഡര്‍ റോളും ഡുപ്ലാന്റിസിനാണ്.
2026 സെപ്റ്റംബറില്‍ ബുഡാപെസ്റ്റില്‍ അരങ്ങേറാനിരിക്കുന്ന പ്രഥമ വേള്‍ഡ് അത്ലറ്റിക്സ് അള്‍ട്ടിമേറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 10 മില്യണ്‍ ഡോളര്‍ (87.45 കോടി രൂപ) സമ്മാനത്തുകയായി വിതരണം ചെയ്യും. 1.5 ലക്ഷം ഡോളറാണ് (1.31 കോടി രൂപ) ഓരോ ഇനത്തിലെയും സ്വര്‍ണ മെഡല്‍ ജേതാവിനുള്ള സമ്മാനത്തുക.
ബുഡാപെസ്റ്റില്‍ ചൊവ്വാഴ്ച നടന്ന ഗ്യൂലയ് ഇസ്ത്വാന് മെമ്മോറിയല്‍ ഹംഗേറിയന്‍ അത്ലറ്റിക്സ് ഗ്രാന്‍ഡ്പ്രീയില്‍ പുരുഷ പോള്‍വോള്‍ട്ടില്‍ പുതിയ ലോക റിക്കാര്‍ഡോടെ (6.29 മീറ്റര്‍) ഡുപ്ലാന്റിസ് സ്വര്‍ണം സ്വന്തമാക്കിയിരുന്നു. 13-ാം തവണയാണ് 25കാരനായ ഡുപ്ലാന്റിസ് പോള്‍വോള്‍ട്ടില്‍ ലോകറിക്കാര്‍ഡ് തിരുത്തുന്നത്.
കോമണ്‍വെല്‍ത്ത്: ഐഒഎ അംഗീകരിച്ചു
ന്യൂഡല്‍ഹി: 2030 കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇന്നലെ ചേര്‍ന്ന പ്രത്യേത ജനറല്‍ മീറ്റിംഗില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐഒഎ) അംഗീകാരം നല്കി.
അഹമ്മദാബാദ് വേദിയാക്കി 2030 കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്താനായി ഇതിനോടകം ഇന്ത്യ താത്പര്യം അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഓഗസ്റ്റ് 31നു മുമ്പായി രാജ്യം ഔദ്യോഗികമായി അന്തിമ ബിഡ് സമര്‍പ്പിക്കേണ്ടതുണ്ട്.
2030 കോമണ്‍വെല്‍ത്തിനായുള്ള ശ്രമത്തില്‍നിന്നു കാനഡ പിന്മാറിയത് ഇന്ത്യന്‍ മോഹങ്ങള്‍ക്കു ഗുണകരമാണ്. കോമണ്‍വെല്‍ത്ത് ഗെയിംസ് ഡയറക്ടര്‍ ഡാരന്‍ ഹാള്‍ അടക്കമുള്ള ഔദ്യോഗിക സംഘം അടുത്തിടെ അഹമ്മദാബാദ് സന്ദര്‍ശിച്ചിരുന്നു. 2010ല്‍ ഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ചിട്ടുണ്ട്.
ഐസിസി വനിതാ ഏകദിന ലോകകപ്പ് വേദിയായി തിരുവനന്തപുരം കാര്യവട്ടം പരിഗണനയിൽ
തിരുവനന്തപുരം: ഇന്ത്യ ആതിഥ്യം വഹിക്കുന്ന 2025 ഐസിസി വനിതാ ഏകദിന ലോകകപ്പ് മത്സരങ്ങള്‍ തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്നേക്കുമെന്നു സൂചന. സെപ്റ്റംബര്‍ 30 മുതല്‍ നവംബര്‍ രണ്ടുവരെയാണ് ലോകകപ്പ്. 1978, 1997, 2013 വര്‍ഷങ്ങളിലും ഇന്ത്യ വനിതാ ഏകദിന ലോകകപ്പിനു വേദിയായിട്ടുണ്ട്.
ഇന്ത്യയും ശ്രീലങ്കയും സംയുക്തമായാണ് ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. പാക്കിസ്ഥാന്റെ മത്സരങ്ങള്‍ കൊളംബോയിലാണ് അരങ്ങേറുക.
ഒരു സെമി ഫൈനല്‍ മത്സരവും പ്രാഥമിക റൗണ്ട് മത്സരവും തിരുവനന്തപുരത്ത് നടക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോകകപ്പിന് മുന്നോടിയായുള്ള രണ്ട് സന്നാഹമത്സരങ്ങള്‍ക്കും (സെപ്റ്റംബര്‍ 25, 27) കാര്യവട്ടം വേദിയായേക്കും. ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. ഔദ്യോഗിക അറിയിപ്പ് വരുന്നതോടെ ഒരുക്കങ്ങള്‍ തുടങ്ങുമെന്ന് കെസിഎ വൃത്തങ്ങൾ സൂചിപ്പിച്ചു.
ചിന്നസ്വാമിയിലെ മത്സരങ്ങള്‍
ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് എത്തിയേക്കുമെന്നാണ് വിവരം. 2025 സീസണ് ഐപിഎല്‍ കിരീടം നേടിയ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെ (ആര്‍സിബി) ആഘോഷ പരിപാടിക്കിടെ ദുരന്തം സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണിത്. ബിസിസിഐ അപെക്സ് കൗണ്‍സില്‍ യോഗത്തില്‍ തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയം പരിഗണിച്ചിരുന്നതായാണ് സൂചന.
ബംഗളൂരുവില്‍ നടത്താനിരുന്ന മത്സരങ്ങള്‍ പൂര്‍ണമായി കാര്യവട്ടത്തേക്ക് എത്തിയാല്‍ ലോകകപ്പിന്റെ ഉദ്ഘാടനത്തിനുള്ള അവസരവും ലഭിക്കും. സെപ്റ്റംബര്‍ 30ന് ആരംഭിക്കുന്ന 2025 ഐസിസി വനിതാ ലോകകപ്പിലെ ഉദ്ഘാടനമത്സരം ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ബംഗളൂരുവില്‍ നടത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനു പുറമേ, ഇംഗ്ലണ്ട് x ദക്ഷിണാഫ്രിക്ക (ഒക്ടോബര്‍ 3), ഇന്ത്യ x ബംഗ്ലാദേശ് (ഒക്ടോബര്‍ 26), രണ്ടാം സെമി ഫൈനല്‍ (ഒക്ടോബര്‍ 30), പാക്കിസ്ഥാന് ഫൈനലില്‍ വന്നില്ലെങ്കില്‍ നവംബര്‍ രണ്ടിലെ ഫൈനല്‍ എന്നിങ്ങനെ അഞ്ച് മത്സരങ്ങളുടെ വേദിയായി ബംഗളൂരുവിനെ നിശ്ചയിച്ചിരുന്നു.
ചിന്നസ്വാമി ഫിറ്റല്ല
പതിനൊന്നു പേരുടെ മരണം നടന്ന ആര്‍സിബി ദുരന്തത്തിനുശേഷം കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ജോണ്‍ മൈക്കല്‍ ഡി. കുന്‍ഹ കമ്മീഷന്റെ കണ്ടെത്തലനുസരിച്ച് വലിയ തോതിലുള്ള പരിപാടികള്‍ക്ക് ചിന്നസ്വാമി സ്റ്റേഡിയം സുരക്ഷിതമല്ല. മാത്രമല്ല, ഓഗസ്റ്റ് 10നുള്ളില്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനുള്ള പോലീസ് ക്ലിയറന്‍സ് നേടണമെന്ന ബിസിസിഐയുടെ ആവശ്യം സാധ്യമാക്കാന്‍ കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷന് (കെഎസ്സിഎ) ഇതുവരെ സാധിച്ചിട്ടില്ലെന്നതും ശ്രദ്ധേയം.
പ്രവേശന, എക്സിറ്റ് പോയിന്റുകളുടെ അപര്യാപ്തത, പൊതുഗതാഗതത്തിലേക്കുള്ള മോശം കണക്റ്റിവിറ്റി, ക്യൂ ഏരിയകളുടെ അഭാവം, അടിയന്തര ഒഴിപ്പിക്കല്‍ പദ്ധതികളുടെ കുറവ്, പാര്‍ക്കിംഗ് സ്ഥലം തുടങ്ങിയവയും വലിയ പരിപാടികള്‍ സംഘടിപ്പിക്കുന്നത് പൊതുജന സുരക്ഷയ്ക്ക് അപകടസാധ്യതകള്‍ സൃഷ്ടിക്കുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കി.
പോലീസ് അനുമതി നല്കാത്തതിനാല് ഓഗസ്റ്റ് 11 മുതല്‍ 28 വരെ നടക്കുന്ന കര്‍ണാടകത്തിലെ പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റുകളിലൊന്നായ മഹാരാജാസ് ട്രോഫി ട്വന്റി-20 മൈസൂരുവിലേക്കു മാറ്റിയിരുന്നു.
കാര്യവട്ടത്തിന്റെ സാധ്യത
ഓഗസ്റ്റ് 21 മുതല്‍ സെപ്റ്റംബര്‍ രണ്ടുവരെ രണ്ടാം കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി-20 നടത്താനുള്ള ഒരുക്കത്തിലാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം. ഫ്ളഡ്ലൈറ്റ്, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ കെസിഎല്ലിനായി കേരള ക്രിക്കറ്റ് അസോസിയേഷന് നവീകരിച്ചിരുന്നു.
ഐസിസി വനിതാ ലോകകപ്പിന് ആതിഥേയത്വം വഹിക്കണമെങ്കില്‍ കെസിഎല്‍ രണ്ടാം സീസണ് കാര്യവട്ടത്തിനു പുറത്തേക്കു കൊണ്ടുപോകേണ്ടിവരും. കാരണം, ലോകകപ്പ് പോലുള്ള ടൂര്‍ണമെന്റുകള്‍ ആരംഭിക്കുന്നതിന് ഒരു മാസം മുമ്പ് സ്റ്റേഡിയം വിട്ടുനല്‍കേണ്ടതുണ്ട്.
അതായത്, ബിസിസിഐയും ഐസിസിയും ഒരാഴ്ചയ്ക്കുള്ളില്‍ വേദി സംബന്ധിച്ച അന്തിമ തീരുമാനം കൈക്കൊള്ളേണ്ടിവരും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും മോതിരം മാറി
ജിദ്ദ: ഒമ്പതു വര്‍ഷത്തെ ബന്ധത്തിനുശേഷം പോര്‍ച്ചുഗല്‍ സൂപ്പര്‍ ഫുട്ബോളര് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും അദ്ദേഹത്തിന്റെ പ്രണയിനി അര്‍ജന്റീനയില്‍ ജനിച്ച സ്പാനിഷ് മോഡല്‍ ജോര്‍ജിന റോഡ്രിഗസും തമ്മില്‍ മോതിരമാറ്റം നടന്നു.
സോഷ്യല്‍ മീഡിയയിലൂടെ ജോര്‍ജിനയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്. മോതിരമണിഞ്ഞ കൈയുടെ ചിത്രം പങ്കുവച്ചായിരുന്നു ജോര്‍ജിന ജീവിതത്തിലെ പുതിയ സന്തോഷം പങ്കുവച്ചത്.
40കാരനായ ക്രിസ്റ്റ്യാനോ നിലവില്‍ സൗദി പ്രൊ ലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയിലാണ്. അര്‍ജന്റൈന്‍ തലസ്ഥാനമായ ബുവാനോസ് ആരീസിലാണ് ജോര്‍ജിനയുടെ ജനനം.
ഗുച്ചി ഷോപ്പിലെ പരിചയം
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡില്‍ ആയിരിക്കുമ്പോഴാണ് ജോര്‍ജിനയെ കണ്ടത്. 2016ല്‍ മാഡ്രിഡിലെ ഗുച്ചി സ്റ്റോറില്വച്ചായിരുന്നു ഇരുവരുടെയും ആദ്യകാഴ്ച. ഇറ്റാലിയന്‍ ആഡംബര ബ്രാന്‍ഡായ ഗുച്ചിയിലെ സെയില്‍സ് അസിസ്റ്റന്റായിരുന്നു അക്കാലത്ത് ജോര്‍ജിന. 2022ല്‍ നെറ്റ്ഫ്ളിക്സ് ഐ ആം ജോര്‍ജിന എന്ന സീരീസ് പുറത്തിറക്കിയിരുന്നു.
2017ല്‍ ഇരുവര്‍ക്കും ആദ്യകുഞ്ഞുണ്ടായി. 2022 ഏപ്രിലില്‍ ഇരട്ട കുട്ടികളുണ്ടായെങ്കിലും അതിലെ ആണ്‍കുഞ്ഞ് മരണമടഞ്ഞു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്, പോര്‍ച്ചുഗല്‍ അണ്ടര്‍ 15 ടീമില്‍ കളിക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂണിയര്‍ അടക്കം മൂന്നു കുട്ടികള്‍ വേറെയുമുണ്ട്. 2010ല്‍ അമേരിക്കയില്‍ ജനിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ജൂണിയറിന്റെ അമ്മയെക്കുറിച്ചുള്ള വിവരം ഇന്നും റൊണാള്‍ഡോ രഹസ്യമാക്കി വച്ചിരിക്കുകയാണ്.
42 കോടിയുടെ മോതിരം!
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കൈയുടെ മുകളിലായി എന്‍ഗേജ്മെന്റ് റിംഗ് അണിഞ്ഞ കൈവച്ചുള്ള ചിത്രമാണ് ജോര്‍ജിന റോഡ്രിഗസ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്. 275 മില്യണ്‍ ഡോളര്‍ (2,409 കോടി രൂപയിലധികം) ആസ്തിയുള്ള, ലോകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനമുള്ള കായികതാരമായ റൊണാള്‍ഡോ, പങ്കാളിക്കു നല്കിയ എന്‍ഗേജ്മെന്റ് മോതിരത്തിന്റെ വില സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകളും ഇതിനോടകം തരംഗമായി.
അഞ്ച് സെന്റിമീറ്റര്‍ നീളമുള്ള ഓവല്‍ ഷെയ്പിലുള്ളതാണ് മോതിരം. 25-30 കാരറ്റ് ഡയമണ്ട് ഉണ്ടെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പ്രീമിയം ക്വാളിറ്റിയിലുള്ള ഈ മോതിരത്തിന്റെ വില രണ്ട് മുതല്‍ അഞ്ച് മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (16.8 മുതല്‍ 42 കോടി രൂപവരെ) വരുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
സിൻസിനാറ്റി: ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നർ സിൻസിനാറ്റി ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് പ്രീക്വാർട്ടറിൽ. ഗബ്രിയേൽ ഡിയാല്ലോയ്ക്കെതിരേ 6-2, 7-6നായിരുന്നു സിന്നറിന്റെ ജയം.
നാലാം സീഡ് ടെയ്ലർ ഫ്രിറ്റ്സ് 7-6, 7-5 സകോറിന് ലോറൻസോ സോനെഗൊയെ പരാജയപ്പെടുത്തി പ്രീക്വാർട്ടറിൽ പ്രവേശിച്ചു. അഡ്രെയ്ൻ മന്നാരിനോ, ടെറൻസ് അറ്റ്മാനെ, ബെഞ്ചമിൻ ബോൻസി എന്നിവരും പ്രീക്വാർട്ടറിൽ കടന്നു.
വനിതാ സിംഗിൾസിൽ വാക്കോവർ ലഭിച്ച് മൂന്നാം നന്പർ താരം ഇഗ ഷാങ്ടെക് പ്രീക്വാർട്ടറിൽ കടന്നപ്പോൾ മാഡിസൻ കീസ് 6-4, 6-0 സ്കോറിന് അയിൽ എൽറ്റോയെയും എലീന റെബാക്കിന 4-6, 6-3, 7-5 സ്കോറിന് എലിസി മേർട്ടൻസിനെയും അന്ന കലിൻസക്യാ 7-5, 6-4 സ്കോറിന് അമാൻഡ അനിസിമോവയെയും പരാജയപ്പെടുത്തി പ്രീക്വാർട്ടർ യോഗ്യത നേടി.
റാഡുകാനുവിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലൂടെ തോൽപ്പിച്ച് ഒന്നാം നന്പറായ അരീന സബലെങ്കയും പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
ഇന്ത്യക്കു നിരാശ
പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ, ഏദൻ ക്വിൻ സഖ്യം 7-5, 3-6, 10-6 സ്കോറിന് മാർസെലോ മെലോ - അലക്സാണ്ടർ സ്വരേവ് സഖ്യത്തോട് പരാജയപ്പെട്ട് പുറത്തായി. മറ്റൊരു ഇന്ത്യൻ സഖ്യം അനിരുദ്ധ് ചന്ദ്രശേഖർ - രാംകുമാർ രാമനാഥൻ 6-7, 6-4 സ്കോറിന് മാറ്റെ പവിക് - മാർസെലോ അരെവാലോ സഖ്യത്തോടും തോറ്റു പുറത്തായി.
കരുനീക്കത്തില്‍ ബോധനചരിതം...
ലിവര്‍പൂള്‍: ഇന്ത്യന്‍ വംശജയായ ബ്രിട്ടീഷ് ചെസ് വിസ്മയം ബോധന ശിവനന്ദന് ചരിത്രനേട്ടത്തില്‍. ഒരു ഗ്രാന്ഡ്മാസ്റ്ററിനെ കീഴടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വനിതാ ചെസ് താരമെന്ന ചരിത്രം 10 വയസുകാരിയായ ബോധന സ്വന്തമാക്കി.
60കാരനായ ഗ്രാന്‍ഡ്മാസ്റ്റര്‍ പീറ്റര്‍ വെല്‍സിനെ തോല്‍പ്പിച്ചാണ് 10 വര്‍ഷവും അഞ്ച് മാസവും ഒരു ദിനവും മാത്രം പ്രായമുള്ള ബോധന ചരിത്രത്താളില്‍ ഇടംപിടിച്ചത്. ലിവര്‍പൂളില്‍ നടന്ന ബ്രിട്ടീഷ് ചെസ് ചാമ്പ്യന്‍ഷിപ്പിലാണ് ബോധനയുടെ ചരിത്രജയം.
2019ല്‍ അമേരിക്കയുടെ കാരിസ യിപ്പ് 10 വര്‍ഷവും 11 മാസവും 20 ദിനവും പ്രായമുള്ളപ്പോള്‍ കുറിച്ച റിക്കാര്‍ഡാണ് ബോധന ശിവനന്ദന് തിരുത്തിയത്. മാത്രമല്ല, പീറ്റര്‍ വെല്സിന് എതിരായ ജയത്തിലൂടെ വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ (ഡബ്ല്യുഐഎം) പദവിയും വനിതാ ഗ്രാന്‍ഡ്മാസ്റ്റര്‍ നോമും ബോധന സ്വന്തമാക്കി.
വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി ഈ കുഞ്ഞുമിടുക്കി. ഈ വര്‍ഷം ഫെബ്രുവരിയില്‍, 12 വര്‍ഷവും അഞ്ച് മാസവും പ്രായമുള്ള ശ്രീലലങ്കയുടെ ദേവിന്ദ്യ ഓഷിനി ഗുണവര്‍ധന കുറിച്ച റിക്കാര്‍ഡാണ് ബോധന തിരുത്തിയത്.
ഇന്ത്യക്കും ദേവഗിരിക്കും അഭിമാനമായി ശുഭാംഗി
കോഴിക്കോട്: “മ്യാൻമറിനെതിരായ മത്സരത്തിൽ സമ്മർദത്തിലാക്കാൻ അവരുടെ കാണികൾ പരമാവധി ശ്രമിച്ചു. പക്ഷേ, ഞങ്ങൾ തളർന്നില്ല. ടീമെന്ന നിലയിൽ കരുത്തോടെ നിന്നതാണ് വിജയരഹസ്യം.
വിശേഷിച്ചും, മ്യാൻമറിനെതിരായ മത്സരത്തിന്റെ രണ്ടാം പകുതിയിൽ’’- അണ്ടർ-20 വനിതാ ഏഷ്യൻ കപ്പ് ഫുട്ബോളിനു യോഗ്യത നേടിയ ഇന്ത്യൻ അണ്ടർ-20 ടീം ക്യാപ്റ്റൻ ശുഭാംഗി സിംഗിന് ആവേശവും സന്തോഷവും അടക്കാനാകുന്നില്ല.
“ ഇന്ത്യതന്നെയായിരുന്നു മെച്ചപ്പെട്ട ടീം. പക്ഷേ അവർ നന്നായി പൊരുതി. ജയം അനിവാര്യമായിരുന്നു. മനസും ശരീരവും കൊടുത്തു ഞങ്ങൾ കളിച്ചു. അതിന്റെ ഫലം കിട്ടി’’- കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജ് വിദ്യാർഥിനിയായ ശുഭാംഗി ക്യാപ്റ്റന്റെ പക്വതയോടെ വിലയിരുത്തുന്നു.
നിർണായക മത്സരത്തിൽ മ്യാൻമറിനെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കിയാണ് ഇന്ത്യ തായ്ലൻഡിൽ അടുത്തവർഷം ഏപ്രിലിൽ നടക്കുന്ന അണ്ടർ-20 ഏഷ്യൻ കപ്പ് വനിതാ ഫുട്ബോളിന് യോഗ്യത നേടിയത്. 20 വർഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നതെന്നതും ശ്രദ്ധേയം.
ദേവഗിരി കോളജിലെ അവസാനവർഷ ബാച്ച്ലർ ഓഫ് സ്പോർട്സ് മാനേജ്മെന്റ് വിഭാഗം വിദ്യാർഥിനിയായ ശുഭാംഗി ഗുജറാത്തിലെ ടപീ ജില്ലയിലെ സോൻഗഡ് സ്വദേശിനിയാണ്. സതീഷ് സിംഗിന്റെയും ഗ്യാൻമതി സിംഗിന്റെയും ഇളയ മകൾ. ഇന്ത്യൻ വിമൻ ലീഗിൽ കളിക്കുന്ന താരം ഗോകുലം ഫുട്ബോൾ ക്ലബ് അംഗമാണ്.
അഡാർ പ്രോട്ടീസ്
ഡാർവിൻ (ഓസ്ട്രേലിയ): തകർപ്പൻ അടിയും തകർപ്പൻ ബൗളിംഗും, ഓസ്ട്രേലിയയെ ചാന്പലാക്കി രണ്ടാം ട്വന്റി-20 ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് 53 റണ്‍സ് ജയം.
218 എന്ന കൂറ്റൻ സ്കോർ അടിച്ചെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മറുപടി നൽകാൻ ഓസീസ് ബാറ്റർമാർക്ക് സാധിച്ചില്ല. 165 റണ്‍സിൽ അവരുടെ ഇന്നിംഗ്സ് അവസാനിച്ചു.
ഡെവാൾഡ് ബ്രെവിസിന്റെ (56 പന്തിൽ 125 നോട്ടൗട്ട്) സെഞ്ചുറി മികവിലാണ് പ്രോട്ടീസ് 200 കടന്നത്. വിജയശിൽപിയും ബ്രെവിസാണ്. ജയത്തോടെ മൂന്നു മത്സര പരന്പര 1-1 ഒപ്പത്തിനൊപ്പമെത്തി. സ്കോർ: ദക്ഷിണാഫ്രിക്ക: 20 ഓവറിൽ 218/7. ഓസ്ട്രേലിയ: 17.4 ഓവറിൽ 165.
ദക്ഷിണാഫ്രിക്ക വന്പൻ ജയം കുറിച്ചെങ്കിലും ബാറ്റിംഗിൽ ഡിവാൾഡ് ബ്രെവിസിനെ കൂടാതെ മറ്റാർക്കും കരുത്തുറ്റ പോരാട്ടം കാഴ്ചവയ്ക്കാനായില്ല. ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ വേഗമേറിയ ട്വന്റി-20 സെഞ്ചുറിയിൽ രണ്ടാം സ്ഥാനത്ത് എത്താനും ബ്രെവിസിന് സാധിച്ചു.
പ്രോട്ടീസ് താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ, ട്വന്റി-20ൽ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കൻ താരം എന്നീ റിക്കാർഡുകളും 22കാരനായ ബ്രെവിസ് സ്വന്തമാക്കി. ട്രിസ്റ്റൻ സ്റ്റബ്സ് (31) മാത്രമാണ് ബ്രെവിസിനെ കൂടാതെ ചെറുത്തുനിന്നത്. 41 പന്തിലാണ് ബ്രെവിസ് സെഞ്ചുറി തികച്ചത്.
മറുപടിയിൽ ഓസീസിന് തുടക്കം മുതൽ വിക്കറ്റ് നഷ്ടമായി. 16 റണ്‍സിൽ ആദ്യവിക്കറ്റ് വീണു. ടിം ഡേവിഡ് (50), അലക്സ് കാരെ (26), മിച്ചൽ മാർഷ് (22) എന്നിവർ മാത്രമാണ് ചെറുത്തുനിന്നത്.
ധോണിയുടെ മാനനഷ്ട കേസ്: വിചാരണ ആരംഭിക്കാന്‍ ഉത്തരവ്
ചെന്നൈ: ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റിലെ വാതുവയ്പുമായി ബന്ധപ്പെട്ട് തന്റെ പേര് കളങ്കപ്പെടുത്തിയതിനെതിരേ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി നല്കിയ മാനനഷ്ടക്കേസില്‍ വിചാരണ ആരംഭിക്കാന്‍ മദ്രാസ് കോടതി ഉത്തരവിട്ടു. ജസ്റ്റീസ് സി.വി. കാര്‍ത്തികേയന്റേതാണ് ഉത്തരവ്.
സീ മീഡിയ കോര്പറേഷന്, പത്രപ്രവര്ത്തകന് സുധീര്‍ ചൗധരി, വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന് ജി. സമ്പത്ത് കുമാര്‍, ന്യൂസ് നേഷന്‍ നെറ്റ്വര്‍ക്ക് എന്നിവയില്‍ നിന്ന് 100 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ധോണി 10 വര്‍ഷം മുമ്പ് മാനനഷ്ടക്കേസ് നല്‍കിയത്.
ചെന്നൈ: ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് 2025 ചെസില്‍ ഇന്ത്യയുടെ മലയാളി താരം നിഹാല്‍ സരിന് ആറാം റൗണ്ടില്‍ തോല്‍വി.
അമേരിക്കയുടെ അവോണ്ടര് ലിയാംഗാണ് നിഹാലിനെ തോല്‍പ്പിച്ചത്. ജര്‍മനിയുടെ വിന്‍സെന്റ് കീമര്‍, ഇന്ത്യയുടെ അര്ജുന് എറിഗയ്സി, നെതര്‍ലന്‍ഡ്സിന്റെ ഇന്ത്യന്‍ വംശജന് അനിഷ് ഗിരി എന്നിവര്‍ സമനിലയില്‍ പിരിഞ്ഞു.
ആറ് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ കീമറാണ് (4.5 പോയിന്റ്) ഒന്നാമത്. 3.5 പോയിന്റുമായി അര്ജുന് എറിഗയ്സി, ലിയാംഗ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.
ദേശീയ കായിക ബില്‍ ഇന്നലെ ലോക്സഭയില്‍ പാസായി
പണത്തിനു മുകളില്‍ പരുന്തും പറക്കില്ലെന്ന പഴമൊഴിപോലെ, ലോകത്തിലെതന്നെ ഏറ്റവും സാമ്പത്തിക കരുത്തുള്ള കായികസംഘടനയായ ബിസിസിഐ (ബോര്‍ഡ് ഫോര്‍ കണ്ട്രോള് ഓഫ് ക്രിക്കറ്റ് ഇന്‍ ഇന്ത്യ) പകുതി അകത്തും പുറത്തുമായുള്ള ദേശീയ കായിക ബില്‍ കോലാഹലങ്ങള്‍ക്കിടെ ഇന്നലെ പാര്‍ലമെന്റില്‍ പാസാക്കി.
18,760 കോടി രൂപ ആസ്തിയുള്ള, ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡായ ബിസിസിഐയെ പൂര്‍ണമായി ജനങ്ങള്‍ക്കു മുന്നില്‍ തുറന്നിടാതെയുള്ള ബില്ലാണ് പാസാക്കിയിരിക്കുന്നത്. അതായത്, ജനങ്ങള്‍ക്ക് കാര്യങ്ങള്‍ അറിയാനുള്ള ഏകമാര്‍ഗമായ ‘വിവരാവകാശ’ പരിധിക്കു പുറത്താണ് ഇപ്പോഴും ബിസിസിഐ.
അതേസമയം, ബിസിസിഐ അടക്കമുള്ള രാജ്യത്തെ കായിക സംഘടനകള്‍ക്കു സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങളായി തുടരാമെങ്കിലും ഭരണസമിതിയംഗങ്ങളുടെ തെരഞ്ഞെടുപ്പ്, ഭരണപരമായ തീരുമാനങ്ങള്‍, കായിക താരങ്ങളുടെ ക്ഷേമം, പരാതിപരിഹാരം തുടങ്ങിയ കാര്യങ്ങള്‍ കേന്ദ്ര കായിക ബില്ലിന്റെ പരിധിയിലാണ്. ഇതുവരെ ഒറ്റയാനായി തുടര്‍ന്ന സാമ്പത്തിക ശക്തിയായ ബിസിസിഐക്കും കേന്ദ്രസര്‍ക്കാര്‍ ചെറിയ മൂക്കുകയര്‍ ഇട്ടെന്നു ചുരുക്കം.
പ്രതിഷേധത്തിനിടെ പാസാക്കി
വോട്ട് കൊള്ളയ്ക്കെതിരായ പ്രതിപക്ഷ പ്രക്ഷോഭത്തിനിടെ നാഷണല്‍ സ്പോര്‍ട്സ് ഗവേണന്‍സ് ബില്‍, 2025 ആന്‍ഡ് ആന്റി-ഡോപ്പിംഗ് (അമൻഡ്മെന്റ്) ബില്‍ കേന്ദ്ര സര്‍ക്കാര്‍ പാസാക്കി.
കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡ്യവ്യയാണ് ബില്‍ അവതരിപ്പിച്ചത്.
ഒളിമ്പിക്സ് അടക്കമുള്ള ലോകകായിക ഭൂപടത്തില്‍ ഇടംനേടാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന ഇന്ത്യയുടെ കായിക ലോകം ഉടച്ചുവാര്‍ക്കുകയെന്ന ലക്ഷ്യവുമായാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ ദേശീയ കായിക ഭരണ ബില്‍ പാസാക്കിയത്. രാജ്യത്തെ കായിക സംവിധാനങ്ങളില്‍ സമൂലമായ പൊളിച്ചെഴുത്തെന്ന് ഇതിലൂടെ ലക്ഷ്യംവയ്ക്കുന്നത്.
കായിക സംഘാടനത്തില്‍ സുതാര്യത, കായികതാരങ്ങളുടെ ക്ഷേമം, തര്‍ക്കപരിഹാരങ്ങള്‍ക്ക് ദേശീയ സ്പോര്‍ട്സ് ട്രൈബ്യൂണല്‍ തുടങ്ങിയവ ഇതിലൂടെ ഫലത്തിലെത്തി.
എല്ലാം കേന്ദ്രത്തിന്റെ കീഴില്‍
ദേശീയ കായിക ബോര്‍ഡിലെ (എന്‍എസ്ബി) ചെയര്‍പേഴ്സണ്‍, അംഗങ്ങള്‍, സ്പോര്‍ട്സ് ട്രൈബ്യൂണല്‍ ചെയര്മാന്, അംഗങ്ങള്‍ തുടങ്ങിയവരുടെ നിയമനവും നിയന്ത്രണവും കേന്ദ്രസര്‍ക്കാറിന്റെ കീഴില്‍. ഫെഡറേഷനുകള്‍ക്ക് അംഗീകാരം നല്കല്, റദ്ദാക്കല്‍, സസ്പെന്‍ഡ് ചെയ്യല്‍ തുടങ്ങിയ അധികാരങ്ങളുള്ള എന്‍എസ്ബിയില്‍ കേന്ദ്രം രൂപീകരിക്കുന്ന സെര്‍ച്ച് കമ്മിറ്റിയാണ് നിയമനങ്ങള്‍ നടത്തുക.
സുപ്രീംകോടതിയില്‍
സ്പോര്‍ട്സ് ട്രൈബ്യൂണലിന്റെ ഉത്തരവുകളെ സുപ്രീംകോടതിയില്‍ മാത്രമേ ചോദ്യം ചെയ്യാന്‍ കഴിയൂ. രാജ്യാന്തര കായിക തര്‍ക്കപരിഹാര കോടതിയുടെ മാതൃകയിലാണ് സ്പോര്‍ട്സ് ട്രൈബ്യൂണല്‍ രൂപീകരിച്ചത്. മൂന്നംഗ ട്രൈബ്യൂണലിന്റെ അധ്യക്ഷനാന്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയായിരിക്കും.
പ്രായപരിധി 70-75
ദേശീയ ഫെഡറേഷന് ഭാരവാഹികള്‍ക്ക് പ്രായത്തിലും ടേമിലും നിയന്ത്രണങ്ങള്‍. പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ പദവികളില്‍ തുടര്‍ച്ചയായി മൂന്നു തവണ മാത്രമേ അധികാരത്തിലിരിക്കാന്‍ കഴിയൂ. ഒരു ടേം നാലു വര്‍ഷം നീണ്ടതാകും.
കൂളിംഗ് ഓഫ് പിരീഡിനു ശേഷം വീണ്ടും സ്ഥാനമേല്‍ക്കാം. പ്രായപരിധി 70 വയസ്. എന്നാല്‍, സ്ഥാനമേറ്റ ശേഷമാണ് 70ലെത്തുന്നതെങ്കില് കാലാവധി പൂര്‍ത്തിയാക്കാം. കായിക ഫെഡറേഷനുകളുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്ക് 75 വയസുവരെ തുടരാം.
ഹൈലൈറ്റ്സ്
►ഒരു കായിക ഇനത്തിന് ഒരു ഭരണസമിതി. ഭാരവാഹികള്‍ക്കു പരമാവധി മൂന്നു തവണ തുടര്‍ച്ചയായി സ്ഥാനം വഹിക്കാം.
►കായിക സംഘടനകളിലെ തര്‍ക്ക പരിഹാരത്തിനും അംഗീകാരം നല്‍കാനും റദ്ദാക്കാനും നാഷനല്‍ സ്പോര്‍ട്സ് ബോര്‍ഡ്. ഫെഡറേഷനുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ട് പരിശോധിക്കാനും ക്രമക്കേടുകളുണ്ടെങ്കില്‍ നടപടിയെടുക്കാനും ബോര്‍ഡിന് അധികാരം.
►എല്ലാ ഫെഡറേഷനുകളും കോഡ് ഓഫ് എത്തിക്സ് പുറത്തിറക്കണം.
►കായികമത്സരങ്ങളില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ക്കും പ്രായപൂര്‍ത്തിയാകാത്ത താരങ്ങള്‍ക്കും സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാന്‍ സേഫ് സ്പോര്‍ട്സ് പോളിസി.
►ദേശീയ കായിക സംഘടനകളില്‍ സുതാര്യമായും സമയബന്ധിതമായും തെരഞ്ഞെടുപ്പിനു കേന്ദ്രം നിയോഗിക്കുന്ന സമിതി.
►ദേശീയ കായിക സംഘടനകള്‍ പേരിലും ലോഗോയിലും ഇന്ത്യ, ഇന്ത്യന്‍, നാഷണല്‍ ഉപയോഗിക്കാന്‍ കേന്ദ്ര അനുമതി ആവശ്യം.
വിമര്‍ശനം
ഭരണഘടനയില്‍ സംസ്ഥാനങ്ങളുടെ വിഷയമാണ് കായിക ഭരണം. ഇതിനെ പൂര്‍ണമായി കൈപ്പിടിയില്‍ ഒതുന്നതാണ് കേന്ദ്രം പാസാക്കിയ കായിക ബില്‍. ബില്‍ പാസായതോടെ, വിവിധ സംസ്ഥാനങ്ങളും നിരവധി ഫെഡറേഷനുകളുമായി വികേന്ദ്രീകൃത സ്വഭാവമുള്ള കായിക ഭരണം ഏതാണ്ട് പൂര്‍ണമായി കേന്ദ്രത്തിന്റെ വരുതിയിലായി.
ബില്‍ പ്രകാരം രൂപീകരിക്കുന്ന, നാഷണല്‍ സ്പോര്‍ട്സ് ബോര്‍ഡ് (എന്‍എസ്ബി), തര്‍ക്കപരിഹാരത്തിന് അര്‍ധ ജുഡീഷല്‍ സ്വഭാവമുള്ള സ്പോര്‍ട്സ് ട്രൈബ്യൂണല്‍ എന്നിവ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ പൂര്‍ണമായും ഇല്ലാതാക്കും.
സംസ്ഥാനങ്ങളിലെ കായികവകുപ്പ് (കേരളത്തിലെ സ്പോര്‍ട്സ് കൗണ്‍സില്‍) അപ്രസക്തമാക്കപ്പെടുകയും സ്പോര്‍ട്സ് ഫെഡറേഷനുകളുടെ സ്വയം ഭരണാധികാരം അവസാനിക്കുകയും ചെയ്യും. ടീം തെരഞ്ഞെടുപ്പില്‍പോലും ഇടപെടാനുള്ള അധികാരം കേന്ദ്രത്തിനു നല്‍കുന്നതാണ് പുതിയ ബില്‍.
വിവരാവകാശത്തിനു പുറത്തെ ബിസിസിഐ
ജൂലൈ 23നാണ് ദേശീയ കായിക ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. ബില്ലിന്റെ മൂലരൂപത്തില്‍ എല്ലാ കായികസംഘടനകളും പൊതു അഥോറിറ്റിയായി കണക്കാക്കി വിവരാവകാശ നിയമത്തിന്റെ പരിധിയിലാക്കിയിരുന്നു. ബിസിസിഐ എതിര്‍പ്പ് ഉയര്‍ത്തിയതോടെ ഭേദഗതി വരുത്തി.
സര്‍ക്കാരില്‍നിന്നു ഗണ്യമായ ധനസഹായം കൈപ്പറ്റുന്ന സ്ഥാപനങ്ങളെമാത്രമേ പൊതു അഥോറിറ്റിയായി കണക്കാക്കി വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ പെടുത്താനാവൂവെന്ന് കായികമന്ത്രാലയവൃത്തങ്ങള്‍ അറിയിച്ചു. ബിസിസിഐ സര്‍ക്കാരില്‍നിന്ന് സഹായധനം കൈപ്പറ്റുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എതിര്‍പ്പുയര്‍ത്തിയത്.
പുതിയ വ്യവസ്ഥ
കേന്ദ്ര സര്‍ക്കാരില്‍നിന്ന് ധനസഹായം കൈപ്പറ്റുന്ന ഏതൊരു കായിക സംഘടനയും പൊതു അഥോറിറ്റിയായി കണക്കാക്കും. സഹായധനത്തിന്റെ വിനിയോഗം സംബന്ധിച്ചുള്ള കാര്യങ്ങള്‍ വിവരാവകാശനിയമപ്രകാരം മറുപടി നല്‍കണം.
നിയമത്തിന്റെ പരിധിയില്‍വരുന്ന കായിക സംഘടനകള്‍ ഫണ്ട് വിനിയോഗം സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മാത്രം ഉത്തരം നല്കിയാന് മതി. കായിക ഫെഡറേഷന്റെ ചുമതല, അധികാരം തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ട.
ബിസിസിഐക്കു മൂക്കുകയര്‍
സാമ്പത്തിക ശക്തിയായ ബിസിസിഐക്കും അതിന്റെ സംസ്ഥാനങ്ങളിലെ കീഴ്ഘടകങ്ങള്‍ക്കും വാര്‍ഷിക അംഗീകാരത്തിനായി മറ്റു കായിക സംഘടനകളെപ്പോലെ അപേക്ഷ സമര്‍പ്പിക്കണം. തര്‍ക്ക പരിഹാരങ്ങള്‍ക്കു കോടതിയെ നേരിട്ട് സമീപിക്കാന്‍ സാധിക്കില്ല. ദേശീയ സ്പോര്‍ട്സ് ട്രൈബ്യൂണലിനെയാണ് ഇനിമുതല്‍ സമീപിക്കേണ്ടത്.
സ്വാതന്ത്ര്യത്തിനുശേഷമുള്ള ഇന്ത്യന്‍ കായിക രംഗത്തെ ഏറ്റവും വലിയ പരിഷ്കാരമായാണ് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് കായിക ബില്ലിനെ വിശേഷിപ്പിച്ചത്.
മെസിയില്ലാ മയാമിക്കു തോൽവി
ന്യൂയോർക്ക്: ലയണൽ മെസിയില്ലാതെ ഇറങ്ങിയ ഇന്റർ മയാമിക്ക് വൻ തോൽവി. മേജർ ലീഗ് സോക്കർ (എംഎൽഎസ്) ഫുട്ബോളിൽ ഇന്റർ മിയാമിയെ 1-4ന് ഓർലാന്റോ സിറ്റി പരാജയപ്പെടുത്തി.
മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ ലൂയിസ് മറിയൽ ഒർലാന്റോ സിറ്റിക്കായി ഗോളടിച്ച് ലീഡ് നേടി. മൂന്നു മിനിറ്റിനുള്ളിൽ യാനിക് ബ്രൈറ്റ് കരിയറിലെ ആദ്യ ഗോൾ നേടി മയാമിയെ സമനിലയിൽ എത്തിച്ചു. രണ്ടാം പകുതിയുടെ 50-ാം മിനിറ്റിൽ ലൂയിസ് മറിയൽ വീണ്ടും സ്കോർ ചെയ്ത് സിറ്റിയെ മുന്നിലെത്തിച്ചു.
പിന്നീട് മയാമി പൂർണമായും മത്സരം കൈവിട്ടു. 58-ാം മിനിറ്റിൽ മാർട്ടിൻ ഒഡേജ സിറ്റിക്കായി മൂന്നാം ഗോൾ നേടി സുരക്ഷിത ലീഡ് ഉറപ്പിച്ചു. 88-ാം മിനിറ്റിൽ മാർക്കോ പസാലിച്ച് സിറ്റിയുടെ നാലാം ഗോൾ നേടി വൻ ജയമൊരുക്കി. സീസണിലെ പസാലിച്ചിന്റെ പത്താമത്തെ ഗോളായിരുന്നു ഇത്.
ജയത്തോടെ ഈസ്റ്റേണ്‍ കോണ്‍ഫറൻസിൽ ഒർലാന്റോ സിറ്റി നാലാം സ്ഥാനത്തേക്ക് കുതിച്ചു. മയാമി ആറാം സ്ഥാനത്താണ് നിലവിൽ. എന്നാൽ, അഞ്ചു മത്സരങ്ങൾ ബാക്കിനിൽപ്പുണ്ട്.
സൂപ്പർ താരം മെസിയില്ലാതെയിറങ്ങിയത് മയാമിക്ക് വലിയ തിരിച്ചടിയായി.
ലീഗ്സ് കപ്പിൽ നെകാസയ്ക്കതിരേയുള്ള മത്സരത്തിൽ വലതു കാലിന് പരിക്കേറ്റതിനെത്തുടർന്നാണ് മെസിക്ക് മത്സരം നഷ്ടമായത്. 18 ഗോളുകളാണ് മെസി മയാമിക്കുവേണ്ടി സീസണിൽ ഇതുവരെ അടിച്ചുകൂട്ടിയത്.
സിൻസിനാറ്റി: സിൻസിനാറ്റി ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ, സ്പെയിനിന്റെ കാർലോസ് അൽകരാസ്, അമേരിക്കയുടെ ബെൻ ഷെൽട്ടൺ, ജർമനിയുടെ അലക്സാണ്ടർ സ്വരേവ് തുടങ്ങിയവർ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
അല്‍കരാസ് ബോസ്നിയന്‍ താരമായ ദാമിര്‍ ജുമഹറിനെ മൂന്നു സെറ്റ് നീണ്ട പോരാട്ടത്തില്‍ കീഴടക്കിയാണ് രണ്ടാം റൗണ്ടില്‍ പ്രവേശിച്ചത്; 6-1, 2-6, 6-3.
വിംബിൾഡണ്‍ ജേതാവ് പോളണ്ടിന്റെ ഇഗ ഷാങ്ടെക് നാലാം റൗണ്ടിൽ പ്രവേശിച്ചു. എതിരാളിയായ യുക്രയിന്റെ 27-ാം റാങ്കുകാരി മാർട്ട കോസ്റ്റ്യുക്ക് പരിക്കിനെത്തുടർന്ന് പിൻമാറിയതോടെ വാക്കോവർ ലഭിച്ചാണ് നാലാം റൗണ്ട് പ്രവേശനം.
ഫ്രഞ്ച് ഓപ്പണ്‍ ചാന്പ്യൻ കൊക്കോ ഗൗഫ് രണ്ടാം റൗണ്ട് പോരാട്ടത്തിൽ ചൈനയുടെ വാങ് സിൻയുവിനെ 6-3, 6-2ന് പരാജയപ്പെടുത്തി. മൂന്നാം സീഡ് ജെസീക്ക പെഗുല 6-4, 6-3 സ്കോറിന് കിംബർലി ബിറെലിനെ പരാജയപ്പെടുത്തി. ഏഴാം സീഡ് ജാസ്മിൻ പൗളിനി 7-6 (7-2), 7-6 (7-5)ന് ഗ്രീസിന്റെ മരിയ സക്കാരിയെ പരാജയപ്പെടുത്തി മുന്നേറി.
അര്‍ജുനെ വീഴ്ത്തി നിഹാല്‍
ചെന്നൈ: ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്സ് 2025 ചെസില്‍ ടോപ് സീഡായ ഇന്ത്യയുടെ അര്ജുന് എറിഗയ്സിയെ അട്ടിമറിച്ച് മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ നിഹാല്‍ സരിന്. നാലാം റൗണ്ടിലാണ് നിഹാല്‍ അട്ടിമറി ജയം സ്വന്തമാക്കിയത്.
ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്സില്‍ നിഹാലിന്റെ ആദ്യ ജയമാണ്. ആദ്യ മൂന്നു മത്സരങ്ങളില്‍ രണ്ടിലും നിഹാല്‍ പരാജയപ്പെട്ടിരുന്നു. നാലു മണിക്കൂറില്‍ അധികം നീണ്ട, 70 നീക്കങ്ങള്‍ നടന്ന മത്സരത്തിലാണ് അര്ജുന് എതിരേ നിഹാല്‍ ജയം സ്വന്തമാക്കിയത്.
അഞ്ചാം റൗണ്ടില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ താരമായ അര്ജുന് 18കാരനായ വി. പ്രണവിനു മുന്നില്‍ സമനിലയില്‍ കുടുങ്ങി. അഞ്ചാം റൗണ്ടില്‍ നിഹാല്‍ സരിന് അമേരിക്കയുടെ അവോണ്ടര് ലിയാങുമായി സമനിലയില്‍ പിരിഞ്ഞു. ജര്‍മനിയുടെ വിന്‍സെന്റ് കീമറാണ് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്ത്.
ഗാമ്പര്‍ ട്രോഫി ബാഴ്സയ്ക്ക്
ബാഴ്സലോണ: ജോവാന് ഗാമ്പര്‍ ട്രോഫി സ്പാനിഷ് കരുത്തരായ എഫ്സി ബാഴ്സലോണ നിലനിര്‍ത്തി.
ബാഴ്സലോണയുടെ ലാ ലിഗ സീസണ് മുന്നൊരുക്കത്തിന്റെ ഭാഗമായി നടത്തപ്പെടുന്നതാണ് ഗാമ്പര്‍ ട്രോഫി. ഇറ്റാലിയന്‍ ക്ലബ്ബായ കോമോയെ മറുപടിയില്ലാത്ത അഞ്ച് ഗോളിനു കീഴടക്കിയാണ് ബാഴ്സലോണ കിരീടം നിലനിര്‍ത്തിയത്.
സൂപ്പര്‍ താരം ലാമിന് യമാല്‍ (42’, 49’), ഫെര്‍മിന്‍ ലോപസ് (21’, 35’) എന്നിവര്‍ ഇരട്ട ഗോള്‍ സ്വന്തമാക്കി. റാഫീഞ്ഞയുടെ (37’) വകയായിരുന്നു ഒരു ഗോള്‍. മത്സരത്തില്‍ ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്നിന്നെത്തിയ മാര്‍കസ് റാഷ്ഫോഡ് സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ കളത്തിലിറങ്ങി.
ന്യൂഡൽഹി: ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ചതോടെ നിലവിൽ ഇന്ത്യൻ ആരാധകർക്ക് ഏകദിനത്തിൽമാത്രം കാണാൻ അവസരമുള്ള വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ സൂപ്പർതാരങ്ങൾ പൂർണമായും കളമൊഴിയുന്നു. ഒക്ടോബറിൽ ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന ഏകദിന പരന്പരയോടെ ഇരുവരും രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പൂർണമായും വിരമിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
2027ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവച്ചാണ് ഏകദിനത്തിൽ തുടരാൻ ഇരുവരും തീരുമാനിച്ചത്. എന്നാൽ ഇരുവരും ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2027ൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് ബിസിസിഐ ഇരുവരെയും പ്രതീക്ഷിക്കുന്നില്ലെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം
2027 ലോകകപ്പിൽ കളിക്കാൻ ഇവരും ആഗ്രഹിക്കുന്നപക്ഷം, ആഭ്യന്തര ക്രിക്കറ്റിൽ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രധാന ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി, ഈ വർഷം ഡിസംബറിലാണ് നടക്കുക. അതേസമയം കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമാകാൻ ഇരുവരും ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തെരഞ്ഞെടുക്കാൻ സാധ്യതയില്ലെന്ന് സെലക്ടർമാർ അറിയിച്ചതോടെയാണ് ഇരുവരും ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
ഇംഗ്ലണ്ടിനെതിരായ പരന്പരയ്ക്കു മുന്നോടിയായി കോഹ്ലിയും രോഹിത്തും ഉൾപ്പെടെയുള്ള താരങ്ങൾ രഞ്ജി ട്രോഫിയിൽ കളിക്കാൻ നിർബന്ധിതരായിരുന്നു. ഇതേത്തുടർന്ന് രോഹിത് മുംബൈയ്ക്കായും കോഹ്ലി ഡൽഹിക്കായും ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി കളിക്കാനിറങ്ങി.
എന്നാൽ, ഇതിനു പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഇരുവരും ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.
യുവതാരങ്ങളുമായി തുടരും
ഇംഗ്ലണ്ട് പരന്പരയിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ മികവ് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റനെന്ന നിലയിലെ സെലക്ഷൻ കമ്മിറ്റിയുടെ വിശ്വാസത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിരവധി യുവതാരങ്ങളും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാൽ 2027 ലോകകപ്പിന് യുവതാരങ്ങളുമായിത്തന്നെ തുടരാനാണ് സെലക്ടർമാരുടെ നീക്കം.
അതേസമയം ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന മത്സരങ്ങൾ ഒക്ടോബർ 19നാണ് ആരംഭിക്കുക. പെർത്ത്, അഡ്ലെയ്ഡ്, സിഡ്നി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഇതിനു ശേഷം ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടിലാണ് അടുത്ത ഏകദിന പരന്പര. 2026ൽ ന്യൂസിലൻഡ് (ജനുവരി), അഫ്ഗാനിസ്ഥാൻ (ജൂണ്‍), ഇംഗ്ലണ്ട് (ജൂലൈ), വെസ്റ്റിൻഡീസ് (സെപ്റ്റംബർ), ന്യൂസിലൻഡ് (ഒക്ടോബർ) എന്നീ ടീമുകൾക്കെതിരേയും ഇന്ത്യ ഏകദിന പരന്പര കളിക്കുന്നുണ്ട്.
എഎഫ്സി വനിതാ ഏഷ്യന്‍ കപ്പ് : മാറ്റുരയ്ക്കാന്‍ ഇന്ത്യയും
യാങ്കോണ്‍: ഇന്ത്യൻ അണ്ടർ20 വനിതാ ദേശീയ ഫുട്ബോൾ ടീം എഎഫ്സി അണ്ടർ20 വനിതാ ഏഷ്യൻ കപ്പിന് യോഗ്യത നേടി. ഇന്നലെ യാങ്കോണിലെ തുവുന്ന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആതിഥേയരായ മ്യാൻമറിനെ 1-0ന് പരാജയപ്പെടുത്തിയാണ് 20 വർഷത്തിനിടെ ആദ്യമായി ഇന്ത്യൻ വനിതകൾ ഏഷ്യൻ കപ്പ് യോഗ്യതാ നേട്ടം കൈവരിച്ചത്.
ഗ്രൂപ്പ് ഡി പോരാട്ടത്തിൽ മ്യാൻമറിനെ മറികടന്നതോടെ ഏഴ് പോയിന്റുമായി ഇന്ത്യൻ വനിതകൾ ഗ്രൂപ്പിൽ ഒന്നാമതെത്തി. അടുത്ത വർഷം തായ്ലൻഡിലാണ് മത്സരം. 27-ാം മിനിറ്റിൽ ഇന്ത്യയുടെ പൂജ മ്യാൻമർ ഗോൾ കീപ്പറെ നിസഹായയാക്കി സ്കോർ ചെയത് ഇന്ത്യയുടെ നീണ്ടകാലത്തെ കാത്തിരിപ്പിന് വിരാമമിടുകയായിരുന്നു.
ഹോം സപ്പോർട്ട്:
ആദ്യ പകുതിയിൽ 1-0ന് ലീഡ് നേടിയ ഇന്ത്യക്കുമേൽ ശക്തമായ ആക്രമണം രണ്ടാം പകുതിയിൽ മ്യാൻമർ നടത്തി. ഹോം ഗ്രൗണ്ടിൽ ആരാധക സപ്പോർട്ടിൽ നിന്ന് ഊർജംകൊണ്ട് മ്യാൻമർ അറ്റാക്കിംഗ് മത്സരം പുറത്തെടുത്തതോടെ തുടർച്ചയായി ഇന്ത്യൻ ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി പന്ത് പറന്നു. ഇന്ത്യൻ ഗോൾകീപ്പർ മൊണാലിഷ ദേവിയുടെ 48-ാം മിനിറ്റിലെ തകർപ്പൻ സേവ് ഇന്ത്യക്ക് രക്ഷയായി.
പ്രതിരോധം:
തുടർച്ചയായ മ്യാൻമർ ആക്രമണങ്ങൾക്ക് ഇന്ത്യ തടയിട്ടു. കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതിരുന്ന മൊണാലിഷ ഈ മത്സരത്തിലും രക്ഷകയായി. തുടർച്ചയായി ഗോൾ വലയ്ക്കുള്ളിലേക്കുള്ള ഷോട്ടുകൾ തട്ടിയകറ്റിയതേയാടെ മ്യാൻമർ പ്രതീക്ഷകൾ അസ്തമിച്ചു.
ഗ്രൂപ്പ് ഘട്ട ആദ്യ മത്സരത്തിൽ ഇന്തോനേഷ്യയോട് ഗോൾരഹിത സമനില വഴങ്ങിയ ഇന്ത്യ തുർക്ക്മെനിസ്ഥാനെ 7-0ന് പരാജയപ്പെടുത്തിയാണ് മ്യാൻമറിനെതിരേ കളിക്കാനിറങ്ങിയത്.
ഡാർവിൻ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി20യിൽ ഓസ്ട്രേലിയയ്ക്ക് 17 റണ്‍സ് ജയം. 179 റണ്‍സ് വിജലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ഒന്‍പത് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സെടുക്കാനാണ് സാധിച്ചത്.
തകർച്ചയിലേക്ക് നീങ്ങിയ ഓസീസിനെ ടിം ഡേവിഡിന്റെ (52 പന്തിൽ 83) ഒറ്റയാൾ പോരാട്ടമാണ് മികച്ച സ്കോറിലേക്ക് നയിച്ചത്. മൂന്നു മത്സരങ്ങളുടെ പരന്പരയിൽ ഓസീസ് മുന്നിലെത്തി.
സിന്‍സിനാറ്റി ഓപ്പണ്‍ 2025: സബലെങ്കയും സിന്നറും മൂന്നാം റൗണ്ടില്‍
മാസോണ്‍: സിൻസിനാറ്റി ഓപ്പണ്‍ 2025 വനിത ടെന്നീസ് മൂന്നാം റൗണ്ടിൽ കടന്ന് വനിത സിംഗിൾസ് ലോക ഒന്നാംനന്പർ താരം അരിന സബലെങ്കയും ഇറ്റലിയുടെ പുരുഷ സിംഗിൾസ് ലോക ഒന്നാം നന്പർ താരം യാന്നിക് സിന്നറും.
ചെക്ക് മാർക്കറ്റ വോൻഡ്രൗസോവയ്ക്കെതിരായ മത്സരത്തിൽ അരിന സബലെങ്ക 12 ബ്രേക്ക് പോയിന്റ് നേട്ടത്തോടെ 7-5, 6-1 ന് ജയം നേടി മൂന്നാം റൗണ്ടിൽ കടന്നു. പുരുഷ വിഭാഗത്തിൽ നിലവിലെ ചാന്പ്യൻ യാന്നിക് സിന്നർ കൊളംബിയൻ യോഗ്യതാ റൗണ്ടർ ഡാനിയേൽ ഗാലനെ 6-1, 6-1ന് പരാജയപ്പെടുത്തി.
വിംബിൾഡണ്‍ കിരീടനേട്ടത്തിനുശേഷം ഇടവേള എടുത്ത സിന്നർ മികച്ച ഫോമിലായിരുന്നു. 59 മിനിറ്റിനുള്ളിൽ എതിരാളി ഗാലനെ വീഴ്ത്തി.
കനേഡിയൻ താരം ഗബ്രിയേൽ ഡിയാല്ലോയുമായാണ് അടുത്ത മത്സരം.
പുതിയ പരിശീലകൻ ഫ്രാൻസിസ്കോ റോയിഗിന് കീഴിൽ ആദ്യമത്സരത്തിൽ സെർബിയയുടെ ഓൾഗ ഡാനിലോവിച്ചിനെ 6-3, 6-2 എന്ന സ്കോറിന് റഡുകാനു അനായാസം പരാജയപ്പെടുത്തി അടുത്ത റൗണ്ടിൽ കടന്നു.
മോണ്ട്രിയലിൽ അട്ടിമറിക്കപ്പെട്ട് പുറത്തായ മൂന്നാം സീഡ് ഇഗ ഷ്യാങ്ടെകും മൂന്നാം റൗണ്ടിൽ കടന്നു.
ജപ്പാൻ: ജപ്പാൻ ദേശീയ ഫുട്ബോൾ ടീമിലെ റിക്കാർഡ് ഗോൾ വേട്ടക്കാരനായ കുനിഷിഗെ കമാമോട്ടോ (81) അന്തരിച്ചു. കുനിഷിഗെ കുറച്ചുകാലമായി ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഇന്നലെ പുലർച്ചെ ഒസാക്ക ജില്ലയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യമെന്ന് ജാപ്പനീസ് ഫുട്ബോൾ അസോസിയേഷൻ പ്രസ്താവനയിൽ പറഞ്ഞു.
1968 ഒളിന്പിക്സിൽ ജപ്പാന് വെങ്കല മെഡൽ നേടാൻ കമാമോട്ടോയുടെ പ്രകടനം നിർണായകമായി. ഒളിന്പിക്സിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ താരവുമായി (ഏഴ് ഗോളുകൾ). പുരുഷ ഫുട്ബോളിൽ രാജ്യത്തിന്റെ ഏറ്റവും മികച്ച ഗോൾ സ്കോററുമായി.
ഫോർവേഡ് താരമായ കുനിഷിഗെ സമുറായ് ബ്ലൂവിനായി 13 വർഷം കളിച്ചു. പിന്നീട് സെറെസോ ഒസാക്ക എന്നറിയപ്പെടുന്ന യാൻമാർ ഡീസലിൽ ക്ലബ് കരിയർ ചെലവഴിച്ചു. ദേശീയ ടീമിനായി 76 മത്സരങ്ങളിൽ നിന്ന് 75 ഗോളുകൾ നേടി.
മാറ്റ്സുഷിത ഇലക്ട്രിക്, ഗാംബ ഒസാക്ക എന്നീ ടീമുകളെ പരിശീലിപ്പിക്കുകയും 1998 മുതൽ എട്ടുവർഷം ജപ്പാൻ ഫുട്ബോൾ അസോസിയേഷന്റെ വൈസ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു.
എഫ്എ കമ്യൂണിറ്റി ഷീൽഡ് ഫുട്ബോൾ: ക്രിസ്റ്റൽ പാലസിന് ജയം
ലണ്ടൻ: എഫ്എ കപ്പ് വിജയികളും പ്രീമിയർ ലീഗ് മുൻ ചാന്പ്യൻമാരും ഏറ്റുമുട്ടിയ എഫ്എ കമ്യൂണിറ്റി ഷീൽഡ് ഫുട്ബോൾ മത്സരത്തിൽ ക്രിസ്റ്റൽ പാലസിന് ജയം. മത്സരത്തിന്റെ നാലാം മിനിറ്റിൽ ഗോൾ വല കുലുങ്ങിയപ്പോൾ ആവേശം അവസാന മിനിറ്റുവരെ നീണ്ടു. ഒടുവിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ ജയം നിർണയിച്ചു.
നാലാം മിനിറ്റിൽ ഹ്യൂഗോ എക്വിറ്റ്കെ ലിവർപൂളിനായി സ്കോർ ചെയ്തു. പതിനേഴാം മിനിറ്റിൽ ജീൻ ഫിലിപ്പെ മറ്റെറ്റാ ക്രിസ്റ്റൽ പാലസിനായി തിരിച്ചടിച്ചു. എന്നാൽ 21-ാം മിനിറ്റിൽ ജെറേമി ഫ്രിംപോംഗ് ലിവർപൂളിന് വീണ്ടും ലീഡ് നേടിക്കൊടുത്തു. 77-ാം മിനിറ്റിൽ ഇസ്മൈലാ സാർ ക്രിസ്റ്റൽ പാലസിനെ വീണ്ടും ഒപ്പമെത്തിച്ചു. 2-2 സമനിലയിൽനിന്ന് ഷൂട്ടൗട്ടിൽ വിധി നിർണയിച്ചപ്പോൾ 3-2ന് ജയം ക്രിസ്റ്റൽ പാലസ് സ്വന്തമാക്കി.
ലിവർപൂൾ പതിനേഴാമത് കമ്മ്യൂണിറ്റി ഷീൽഡ് മത്സരത്തിനിറങ്ങിയപ്പോൾ ക്രിസ്റ്റൽ പാലസ് ചരിത്രത്തിൽ ആദ്യമായി ട്രോഫിക്കായി മത്സരിച്ചു. 2022ൽ ലെസ്റ്ററിലെ കിംഗ് പവർ സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയാണ് ലിവർപൂൾ പതിനാറാമത് കപ്പ് ഉയർത്തിയത്.
‘പലസ്തീന് പെലെ' എങ്ങനെ മരിച്ചു? വൈറലായി മുഹമ്മദ് സലയുടെ ചോദ്യം
ലണ്ടൻ: ‘പലസ്തീൻ പെലെ’ എന്നറിയപ്പെടുന്ന ഫുട്ബോൾ താരം സുലൈമാൻ അൽ ഉബൈദിന്റെ മരണത്തിൽ യുവേഫയോട് ചോദ്യങ്ങളുമായി ലിവർപൂൾ താരം മുഹമ്മദ് സല. ഗാസയിൽ ഇസ്രയേൽ ആക്രമണത്തിൽ സുലൈമാൻ അൽ ഉബൈദ് കൊല്ലപ്പെട്ടിരുന്നു.
തുടർന്ന് അൽ ഉബൈദിന് ആദരാഞ്ജലി അർപ്പിച്ച് യുവേഫ എക്സിൽ പോസ്റ്റ് പങ്കുവയ്ക്കുകയും ചെയ്തു. ഇത് റീപോസ്റ്റ് ചെയ്താണ് സല ചോദ്യങ്ങൾ ചോദിച്ചത്. പലസ്തീനെതിരേ നിരന്തരം ആക്രമണങ്ങൾ തുടരുന്ന ഇസ്രയേലിനോടുള്ള യുവേഫയുടെ മൗനത്തിൽ പ്രതിഷേധിച്ചായിരുന്നു സലയുടെ ചോദ്യങ്ങൾ.
പലസ്തീൻ ദേശീയ ടീമിനുവേണ്ടി കളിച്ച 41കാരൻ ഗാസയിലെ സഹായ വിതരണ കേന്ദ്രത്തിൽ ഭക്ഷണത്തിനായി മക്കൾക്കൊപ്പം വരിനിൽക്കുന്പോഴാണ് ഇസ്രയേൽ സൈന്യം ആക്രമിച്ച് കൊലപ്പെടുത്തിയത്.
ഫ്ലോറിയൻ വിർട്ട്സ് മികച്ച താരം
ലണ്ടൻ: ലിവർപൂളിന്റെ ക്ലബ് താരം ഫ്ലോറിയൻ വിർട്ട്സിനെ ജർമനിയുടെ ഈ വർഷത്തെ മികച്ച പുരുഷ ഫുട്ബോൾ താരമായി തെരഞ്ഞെടുത്തു.
ലോകത്തിലെ ഏറ്റവും മികച്ച അറ്റാക്കിംഗ് മിഡ്ഫീൽഡർമാരിൽ ഒരാളായ 22കാരൻ ഫ്ലോറിയൻ ജൂണിൽ ബയേർ ലെവർകൂസനിൽനിന്നാണ് ലിവർപൂളിലേക്ക് എത്തിയത്. 116 ദശലക്ഷം യൂറോയ്ക്കായിരുന്നു ഫ്ലോറിയൻ ലിവർപൂളുമായി അഞ്ചു വർഷത്തെ കരാറിലേർപ്പെട്ടത്.
ബെന്യമിന് ഷെഷ്കോ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍
ലണ്ടൻ: ഇംഗ്ലീഷ് പ്രിമിയർ ലീഗ് ഫുട്ബോൾ സീസണ് തുടങ്ങാൻ ഒരാഴ്ച മാത്രം ശേഷിക്കേ സ്ലൊവേനിയക്കാരൻ ഫോർവേഡ് ബെന്യമിൻ ഷെഷ്കോ മാഞ്ചസ്റ്റർ യുണൈറ്റഡിൽ.
ജർമൻ ക്ലബ് ലൈപ്സീഗിൽനിന്ന് 9.8 കോടി ഡോളറിനാണ് (ഏകദേശം 870 കോടി രൂപ) ഇരുപത്തിരണ്ടുകാരൻ താരവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചു വർഷത്തെ കരാർ ഒപ്പുവച്ചത്. ഈ സീസണിൽ ടീമിലെത്തിക്കുന്ന മൂന്നാമത്തെ സ്ട്രൈക്കറാണ് ഷെഷ്കോ.
രമേശ് ബുഡിഹാലിന് ചരിത്ര വെങ്കലം
മഹാബലിപുരം: ഏഷ്യൻ സർഫിംഗ് ചാന്പ്യൻഷിപ്പ് ഓപ്പണ്‍ പുരുഷ വിഭാഗത്തിൽ ചരിത്രനേട്ടവുമായി ഇന്ത്യയുടെ രമേശ് ബുഡിഹാൽ വെങ്കല മെഡൽ നേടി.
ഒരു ഇന്ത്യൻ താരത്തിന്റെ ആദ്യ വ്യക്തിഗത മെഡലായിരുന്നു മഹാബലിപുരത്ത് നടന്ന മത്സരത്തിൽ രമേശ് ബുഡിഹാൽ നേടിയത്. ഫൈനലിൽ അദ്ദേഹം 12.60 പോയിന്റുകൾ നേടി. ഇന്തോനേഷ്യയുടെ പജാർ അരിയാന (14.57), ദക്ഷിണ കൊറിയയുടെ കനോവ ഹീജേ (15.17) എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്തത്.
പ്രതീക്ഷയോടെ സണ്ണി കുമാർ
ഭുവനേശ്വർ: കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന വെങ്കല ലെവൽ കോണ്ടിനെന്റൽ ടൂറിൽ മത്സരിക്കാൻ ഇന്ത്യയുടെ ലോംഗ് ജന്പ് താരം സണ്ണി കുമാർ. മത്സരത്തിൽ പങ്കെടുക്കുന്ന ഏക ഇന്ത്യൻ അത്ലറ്റാണ് ബിഹാറിൽനിന്നുള്ളസണ്ണി കുമാർ.
ആദ്യ അന്താരാഷ്ട്ര മത്സരത്തിനുള്ള തയാറെടുപ്പിനൊരുങ്ങുന്ന 24കാരൻ ബംഗളൂരുവിൽ ജൂണിൽ നടന്ന ഇന്ത്യൻ ഓപ്പണ്‍ അത്ലറ്റിക് മീറ്റിൽ 7.90 മീറ്റർ ചാടിയിരുന്നു. എട്ട് മീറ്റർ മറികടക്കുകയാണ് സണ്ണി കുമാറിന്റെ ലക്ഷ്യം.
ഫിബ ഏഷ്യാ കപ്പ്: ഇന്ത്യ പുറത്ത്
ജിദ്ദ: സൗദി അറേബ്യയോട് പരാജയപ്പെട്ട് 2025 ഫിബ ഏഷ്യാ കപ്പ് ബാസ്കറ്റ്ബോളിൽ നിന്ന് ഇന്ത്യ പുറത്തായി. മത്സരത്തിൽ ആദ്യ പകുതിയിൽ ഇന്ത്യ 24-25 സ്കോറിന് മികച്ച പോരാട്ടം കാഴ്ചവച്ചു. പൽപ്രീത് സിംഗ് ബ്രാർ പ്രതിരോധത്തിൽ നിർണായക പ്രകടനം പുറത്തെടുത്തു.
എന്നാൽ രണ്ടാം പകുതിയിൽ സമ്മർദം ചെലുത്തി ആതിഥേയർ മിന്നി. സൗദിയുടെ സമ്മർദതന്ത്രത്തിൽ വീണ ഇന്ത്യക്ക് പാസുകൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ല.
പ്രോവിഡന്‍സും എഫ്രേസും ജേതാക്കള്‍
ആലപ്പുഴ: രണ്ടാം സ്റ്റാഗ് ഗ്ലോബൽ- കരിക്കംപള്ളിൽ അഡ്വ. കെ.ടി. മത്തായി മെമ്മോറിയൽ ഓൾ കേരള ഇൻവിറ്റേഷൻ ഇന്റർ-സ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റിൽ പെണ്‍കുട്ടികളിൽ കോഴിക്കോട് പ്രോവിഡൻസ് എച്ച്എസ്എസും ആണ്‍കുട്ടികളിൽ മാന്നാനം സെന്റ് എഫ്രേസ് എച്ച്എസ്എസും കിരീടം നേടി.
ആലപ്പുഴ വൈഎംസിഎയിലെ പിഒ ഫിലിപ്പ് ഇൻഡോർ ബാസ്കറ്റ്ബോൾ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പെണ്‍കുട്ടികളുടെ ഫൈനലിൽ പ്രോവിഡൻസ് ആലപ്പുഴ ജ്യോതിനികേതനെ 54-44ന് പരാജയപ്പെടുത്തി. ക്ലൗഡിയ ഒണ്ടൻ 14 പോയിന്റ് നേടി പ്രോവിഡൻസിന്റെ ടോപ്പ് സ്കോർ ആയി.
ആണ്‍കുട്ടികളുടെ ഫൈനലിൽ മാന്നാനം സെന്റ് എഫ്രേസും കുന്നംകുളം ഗവണ്മെന്റ് മോഡൽ എച്ച്എസ്എസിനെ 55-48ന് പരാജയപ്പെടുത്തി ജേതാക്കളായി.
മെഡലുകളും ട്രോഫികളും ആലപ്പുഴ എംഎൽഎ പി.പി. ചിത്തരഞ്ജൻ സമ്മാനിച്ചു.
മെസിയുടെ സന്ദര്‍ശനത്തില്‍ കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരെന്ന് അര്‍ജന്റൈൻ അസോസിയേഷന്
ബുവാനോസ് ആരീസ്: കളിക്കളം വിട്ട് രാഷ്ട്രീയ യുദ്ധമായ ലയണല്‍ മെസിയുടെ കേരള സന്ദര്‍ശന വിവാദത്തില്‍, കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി അര്‍ജന്റൈന്‍ ഫുട്ബോള്‍ അസോസിയേഷന് (എഎഫ്എ) പ്രതിനിധി രംഗത്ത്.
അര്‍ജന്റൈൻ ഫുട്ബോള്‍ ടീമിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കരാര്‍ ലംഘിച്ചത് കേരള സര്‍ക്കാരാണെന്ന വെളിപ്പെടുത്തലുമായി എഎഫ്എ കൊമേഷല് ആന്‍ഡ് മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്സ് രംഗത്തെത്തി.
2022 ഫിഫ ഖത്തല്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റൈന്‍ ദേശീയ ഫുട്ബോള്‍ ടീമിനെ കേരളത്തിലേക്കു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേരള കായികമന്ത്രി വി. അബ്ദുറഹ്മാന് കൂടിക്കാഴ്ച നടത്തിയത് പീറ്റേഴ്സനുമായാണ്.
ഒക്ടോബറില്‍ കേരളം സന്ദര്‍ശിക്കാന്‍ അര്‍ജന്റൈന്‍ അസോസിയേഷന് അനുമതി നല്‍കിയെന്ന തരത്തിലുള്ള വിവരങ്ങള്‍ പീറ്റേഴ്സന് തള്ളി. ഇതുമായി ബന്ധപ്പെട്ട കരാര്‍ പാലിക്കുന്നതില്‍ കേരള സര്‍ക്കാര്‍ വീഴ്ച വരുത്തിയെന്നാണ് പീറ്റേഴ്സന്റെ ആരോപണം. അതേസമയം, കരാര്‍ ലംഘനം ഏതു തരത്തിലുള്ളതെന്നു വിശദമാക്കാന്‍ പീറ്റേഴ്സന് തയാറായില്ല.
ഈ വര്‍ഷം ഒക്ടോബറില്‍ ടീം കേരളത്തിലെത്തുമെന്നായിരുന്നു രണ്ട് ഉപതെരഞ്ഞെടുപ്പുകള്‍ക്കു തൊട്ടുമുമ്പായി കായികമന്ത്രി നടത്തിയ വെളിപ്പെടുത്തല്‍. ഡിസംബറില്‍ മെസി ഇന്ത്യ സന്ദര്‍ശിക്കുമെന്നും കോല്‍ക്കത്ത, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കുമെന്നും ഈ മാസം ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ഇതിനു പിന്നാലെ, ഒക്ടോബറില്‍ വരാനാവില്ലെന്നാണ് അര്‍ജന്റൈൻ ഫുടബോള്‍ അസോസിയേഷന് പറയുന്നതെന്നും ഒക്ടോബറിലേ കളി നടത്താനാകൂ എന്നാണ് സ്പോണ്‍സറുടെ നിലപാടെന്നും മവി. അബ്ദുറഹ്മാന് വ്യക്തമാക്കി. ഇതോടെയാണ് കേരളത്തില്‍ മെസി രാഷ്ട്രീയവിഷയമായി ഉയര്‍ന്നത്.
സര്‍ക്കാര്‍ ചെലവ് 13 ലക്ഷം
മെസിയുടെ വരവുമായി ബന്ധപ്പെട്ട് ഒരു രൂപ പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ല എന്നാണ് മന്ത്രി പറഞ്ഞത്. എന്നാല്‍, മെസിയെ ക്ഷണിക്കുന്നതിനു വേണ്ടി മന്ത്രിയും സംഘവും സ്പെയിനിലെ മാഡ്രിഡിലേക്കു പോയതിന് 13,04,434 രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ചെലവാക്കി എന്നതാണ് യാഥാര്‍ഥ്യം.
സർക്കാരിനെതിരേ പ്രതിപക്ഷം
കൊച്ചി: മെസിയെയും അർജന്റൈൻ ടീമിനെയും കൊണ്ടുവരാനെന്ന പേരിൽ സർക്കാർ ചെലവഴിച്ച ലക്ഷക്കണക്കിന് രൂപയ്ക്ക് കായികമന്ത്രി മറുപടി പറയണമെന്നു കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആവശ്യപ്പെട്ടു.
മെസി വിഷയം സർക്കാർ തള്ളിമറിച്ചുണ്ടാക്കിയ അപകടമാണെന്ന് ഷാഫി പറമ്പിൽ എംപി കുറ്റപ്പെടുത്തി. ക്രെഡിറ്റ് അടിച്ചെടുക്കാനുള്ള അവസരമായാണു സർക്കാർ മെസി ക്ഷണത്തെ കണ്ടത്. വിഷയത്തിൽ വ്യക്തത വരുത്താൻ പറ്റുന്നില്ലെങ്കിൽ ചെലവഴിച്ച പണം തിരിച്ചടയ്ക്കണമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.
സ്പെയിനിൽ പോകാൻ ലക്ഷങ്ങൾ ചെലവഴിച്ച മന്ത്രി സ്വന്തം പോക്കറ്റിൽനിന്നു ഖജനാവിലേക്ക് ആ പണം തിരിച്ചടയ്ക്കണമെന്ന് ഹൈബി ഈഡൻ എംപി ആവശ്യപ്പെട്ടു.
വരില്ലെന്ന് അർജന്റീന അറിയിച്ചിട്ടില്ല: മന്ത്രി
തിരുവനന്തപുരം: തങ്ങളുടെ ദേശീയ ടീം കേരളത്തിൽ സൗഹൃദമത്സരത്തിനു വരില്ലെന്ന് അർജന്റൈൻ ഫുട്ബോൾ അസോസിയേഷൻ ഇതുവരെ അറിയിച്ചിട്ടില്ലെന്നു കായികമന്ത്രി വി. അബ്ദുറഹ്മാൻ. കരാർ പ്രകാരം ഈ വർഷം ഒക്ടോബറിലാണ് ടീം എത്തേണ്ടത്.
സർക്കാർ നിശ്ചയിച്ച സ്പോണ്സർ റിസർവ് ബാങ്ക് അനുമതിയോടെ മാച്ച് ഫീ എഎഫ്എയ്ക്ക് കൈമാറിയതായി അറിയിച്ചിട്ടുണ്ട്. സന്ദർശനം 2026ലേക്ക് മാറ്റണമെന്ന ആവശ്യം എഎഫ്എ മുന്നോട്ടുവച്ചു. അതു സമ്മതമല്ലെന്ന് അവരെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പത്രക്കുറിപ്പിൽ അറിയിച്ചു.
സർക്കാരിന്റെ ചെലവിൽ അല്ല ടീം വരുന്നതെന്ന് വ്യക്തമായപ്പോൾ മന്ത്രി വിദേശത്തു പോകാൻ 13 ലക്ഷം രൂപ ചെലവഴിച്ചു എന്നായി പ്രചാരണം. കേന്ദ്ര കായിക, വിദേശ, ധന മന്ത്രാലയങ്ങളുടെ അനുമതി വാങ്ങിയാണ് അർജന്റൈൻ ടീമിനെ കൊണ്ടുവരാൻ ശ്രമം തുടങ്ങിയത്.
അർജന്റൈൻ ഫുട്ബോൾ ടീമിനെ ക്ഷണിക്കാൻ മാത്രമായിരുന്നില്ല സന്ദർശനം. ലോക ക്ലബ് ഫുട്ബോളിൽ ഒന്നാമതുള്ള സ്പെയിനിലെ ലാ ലിഗ, സ്പെയിൻ ഹയർ സ്പോർട്സ് കൗണ്‍സിൽ എന്നിവരുമായി സഹകരിക്കുന്നതിനും സന്ദർശനത്തിൽ ചർച്ചകൾ നടത്തിയിട്ടുണ്ട്- മന്ത്രി അറിയിച്ചു.
ഐഎസ്എൽ 2025-26 സീസൺ; സുപ്രീംകോടതി തീരുമാനിക്കട്ടെ...
ന്യൂഡല്‍ഹി: രാജ്യത്തെ ഒന്നാം ഡിവിഷന് ഫുട്ബോളായ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) പ്രതിസന്ധി അനിശ്ചിതമായി തുടരുന്ന പശ്ചാത്തലത്തില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ക്ലബ്ബുകള്‍. റിലൈന്‍സിന്റെ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡാണ് (എഫ്എസ്ഡിഎല്‍) നിലവില്‍ ഐഎസ്എല്ലിന്റെ നടത്തിപ്പുകാര്‍.
ഓള് ഇന്ത്യ ഫുട്ബോള്‍ അസോസിയേഷനുമായുള്ള (എഐഎഫ്എഫ്) മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) പുതുക്കാത്തതാണ് 2025-26 സീസണ് ഐഎസ്എല്‍ എന്നു തുടങ്ങുമെന്നറിയാതെ ക്ലബ്ബുകള്‍ ഇരുട്ടിലാകാന്‍ കാരണം. അതുകൊണ്ടുതന്നെ ബംഗളൂരു എഫ്സി, ചെന്നൈയിന് എഫ്സി, ഒഡീഷ എഫ്സി തുടങ്ങിയ ക്ലബ്ബുകള്‍ കളിക്കാരുടെ സാലറി റദ്ദാക്കി. കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടക്കമുള്ള മറ്റു ക്ലബ്ബുകള്‍ പ്രീസീസണ് തയാറെടുപ്പുകള്‍ വേണ്ടെന്നും വച്ചു.
ഇതിനിടെ ഏഴിന് എഐഎഫ്എഫ്, ഐഎസ്എല്‍ ക്ലബ് പ്രതിനിധികളുടെ യോഗം വിളിക്കുകയും സൂപ്പര്‍ കപ്പ് നടത്താന്‍ ഉദ്ദേശിക്കുന്നതായി അറിയിക്കുകയും ചെയ്തു. ഐഎസ്എല്‍ സ്ലോട്ടില്‍, സെപ്റ്റംബര്‍-ഡിസംബറില്‍ സൂപ്പര്‍ കപ്പ് നടത്താമെന്നാണ് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെ അറിയിച്ചത്.
എഐഎഫ്എഫും എഫ്എസ്ഡിഎല്ലും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് 2025 ഡിസംബര്‍ എട്ടിന് അവസാനിക്കുന്നതുമാത്രമല്ല, എഐഎഫ്എഫ് ഭരണഘടന പരിഷ്കരണം സംബന്ധിച്ച സുപ്രീംകോടതി ഉത്തരവ് വൈകുന്നതുമാണ് ഐഎസ്എല്‍ 2025-26 സീസണ് നടക്കാതിരിക്കുന്നതിന്റെ കാരണമെന്നതും വാസ്തവം.
ഇങ്ങനെ പോയാല്‍ എങ്ങനാ?
ഏഴിന് ചര്‍ച്ച നടത്തിയതിന്റെ പിന്നാലെയാണ് ഐഎസ്എല്‍ ക്ലബ്ബുകള്‍, ഇന്ത്യന്‍ ഫുട്ബോള്‍ താളംതെറ്റിയിരിക്കുകയാണെന്നും അടിയന്തരമായി സുപ്രീംകോടതിയെ സമീപിക്കണമെന്നും ആവശ്യപ്പെട്ട് എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ്‍ ചൗബെയ്ക്ക് കത്തെഴുതിയത്. ഭാവി കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനോ ഇന്‍വെസ്റ്റ് ചെയ്യാനോ സാധിക്കുന്നില്ലെന്നും കളിക്കാര്‍, സ്റ്റാഫ്, സപ്പോര്‍ട്ടിംഗ് ആളുകള്‍ തുടങ്ങിയവരുടെ ജീവിതം പ്രതിസന്ധിയിലായിരിക്കുന്നെന്നും സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കല്യാണ്‍ ചൗബെയ്ക്ക് അയച്ച കത്തില്‍ ക്ലബ് പ്രതിനിധികള്‍ സൂചിപ്പിച്ചു.
ബഗാനും ബംഗാളും ഇല്ല!
ഐഎസ്എല്‍ ഫുട്ബോള്‍ പോരാട്ടരംഗത്തുള്ള 13 ക്ലബ്ബുകളില്‍ 11 എണ്ണം മാത്രമാണ് സുപ്രീംകോടതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് കല്യാണ്‍ ചൗബെയ്ക്ക് അയച്ച കത്തില്‍ ഒപ്പുവച്ചിരിക്കുന്നതെന്നതും ശ്രദ്ധേയം.
കോല്‍ക്കത്തന്‍ പാരമ്പര്യ ക്ലബ്ബുകളായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ്, ഈസ്റ്റ് ബംഗാള്‍ എന്നീ ടീമുകള്‍ കത്തില്‍ ഒപ്പുവച്ചിട്ടില്ല.
ബുലവായോ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രവിജയവുമായി പരന്പര സ്വന്തമാക്കി ന്യൂസിലൻഡ്. സിംബാബ്വെയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്നിംഗ്സിനും 359 റണ്‍സിനുമായിരുന്നു കീവികളുടെ റിക്കാർഡ് ജയം.
രണ്ടു മത്സര പരന്പര 2-0ന് ന്യൂസിലൻഡ് സ്വന്തമാക്കി. ന്യൂസിലൻഡിന്റെ കോണ്‍വെ കളിയിലെ താരമായപ്പോൾ രണ്ടു മത്സരങ്ങളിൽനിന്ന് 16 വിക്കറ്റുകൾ നേടിയ മാറ്റ് ഹെന്റി ആണ് പരന്പരയിലെ താരം.
ഡെവോണ്‍ കോണ്‍വേ (153), രചിൻ രവീന്ദ്ര (165*), ഹെൻറി നിക്കോൾസ് (150*) എന്നിവരുടെ തകർപ്പൻ സെഞ്ചുറികളുടെ ബലത്തിൽ ന്യൂസിലൻഡ് 601/3ന് ഡിക്ലയർ ചെയ്തു. സിംബാബ്വെയുടെ ആദ്യ ഇന്നിംഗ്സ് 125നും രണ്ടാം ഇന്നിംഗ്സ് 117നും അവസാനിച്ചു.
അടി + ഏറ് = റിക്കാർഡ്
കീവീസ് അരങ്ങേറ്റക്കാരൻ സക്കറി ഫൗൾക്സ് ആണ് സിംബാബ്വെയെ വന്പൻ തോൽവിയിലേക്ക് എറിഞ്ഞിട്ടത്. ആദ്യ ഇന്നിംഗ്സിൽ 38 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഫൗൾക്സ് രണ്ടാം ഇന്നിംഗ്സിൽ 37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് നേടി.
ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലൻഡിന്റെ ഏറ്റവും മികച്ച ജയമാണ്. ഇന്നിംഗ്സ് അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും മികച്ച മൂന്നാമത്തെ ജയവുമാണിത്. 1938ൽ ഓസ്ട്രേലിയയ്ക്കെതിരേ ഇംഗ്ലണ്ട് ഇന്നിംഗ്സിനും 579 റൺസിനും ജയിച്ചതാണ് റിക്കാർഡ്.
ഇന്ത്യ എയ്ക്ക് രണ്ടാം തോല്‍വി
മക്കെ (ഓസ്ട്രേലിയ): ഓസ്ട്രേലിയ എ വനിതകള്‍ക്ക് എതിരായ രണ്ടാം ട്വന്റി-20 ക്രിക്കറ്റില്‍ ഇന്ത്യ എയ്ക്കു ദയനീയ തോല്‍വി. 114 റണ്‍സിനാണ് ഓസ്ട്രേലിയ എ ജയിച്ചത്.
സ്കോര്‍: ഓസ്ട്രേലിയ എ 20 ഓവറില്‍ 187/4. ഇന്ത്യ എ 15.1 ഓവറില്‍ 73. വൃന്ദ ദിനേശ് (27 പന്തില്‍ 21), മലയാളി താരം മിന്നു മണി (15 പന്തില്‍ 20) എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍മാര്‍. ആദ്യമത്സരത്തില്‍ ഓസീസ് 13 റണ്‍സിനു ജയിച്ചിരുന്നു. മൂന്നു മത്സര പരമ്പര ഓസ്ട്രേലിയ എ വനിതകള്‍ സ്വന്തമാക്കി.
യുഎസ് ഓപ്പൺ: ബഡോസ ഇല്ല
ന്യൂയോര്‍ക്ക്: 2025 സീസണിലെ അവസാന ഗ്രാന്സ്ലാം ടെന്നീസ് ടൂര്‍ണമെന്റായ യുഎസ് ഓപ്പണില്‍നിന്ന് സ്പാനിഷ് വനിതാ സിംഗിള്‍സ് താരം പൗല ബഡോസ പിന്മാറി. പുറത്തിനേറ്റ പരിക്കിനെത്തുടര്‍ന്നാണ് മുന്‍ ലോക രണ്ടാം നമ്പറായ ബഡോസയുടെ പിന്മാറ്റം. നിലവില്‍ ലോക 12-ാം നമ്പറാണ്.
ഈ വര്‍ഷം ആദ്യം നടന്ന ഓസ്ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ എത്തിയിരുന്നു. ഈ മാസം 24നാണ് 2025 യുഎസ് ഓപ്പണ്‍ തുടങ്ങുക.