ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയിലൂടെ ഓസീസിനു ലീഡ്
Saturday, December 7, 2024 11:59 PM IST
അഡ്ലെയ്ഡ്: വെളിച്ചം ദുഃഖമാണെന്ന കവിതാശകലം പോലായിരുന്നു ഓസ്ട്രേലിയയിലെ അഡ്ലെയ്ഡിൽ രോഹിത് ശർമ നയിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ അവസ്ഥ.
ഫ്ളെഡ്ലിറ്റ് വെളിച്ചത്തിൽ പിങ്ക് ബോളിനെ നേരിട്ട ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിൽ തകർന്നു. ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 337ൽ അവസാനിപ്പിച്ചശേഷം ഡേ-നൈറ്റ് ടെസ്റ്റിന്റെ രണ്ടാംദിനത്തിലെ അവസാന രണ്ടു മണിക്കൂർ ക്രീസിലെത്തിയ ഇന്ത്യക്ക് അഞ്ചു വിക്കറ്റുകൾ നഷ്ടപ്പെട്ടു.
141 പന്തിൽ 140 റണ്‍സ് നേടിയ ട്രാവിസ് ഹെഡിന്റെ കരുത്തിൽ 157 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് ഓസ്ട്രേലിയ നേടിയിരുന്നു.
രണ്ടാംദിനത്തിലെ അവസാന രണ്ടു മണിക്കൂർ ഫ്ളെഡ്ലിറ്റ് വെളിച്ചതിൽ ക്രീസിലിറങ്ങിയ ഇന്ത്യ സ്റ്റംപ് എടുക്കുന്പോൾ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 128 എന്ന അവസ്ഥയിൽ, അഞ്ചു വിക്കറ്റ് കൈയിലുണ്ടെങ്കിലും 29 റണ്‍സ് പിന്നിലാണ് ഇന്ത്യ. ക്രീസിലെത്താൻ ഇനി പ്രമുഖ ബാറ്റർമാരില്ലെന്നതാണ് മൂന്നാംദിനത്തിൽ ഇന്ത്യ അഭിമുഖീകരിക്കുന്ന പ്രശ്നം.
28 റണ്‍സുമായി ഋഷഭ് പന്തും 15 റണ്‍സുമായി നിതീഷ് കുമാർ റെഡ്ഡിയുമാണ് ക്രീസിൽ. ഇവരുടെ ബാറ്റിംഗ് അദ്ഭുതത്തിനായാണ് ഇന്ത്യൻ ആരാധകർ അഡ്ലെയ്ഡ് ഓവലിലേക്ക് ഇന്നു നോക്കുക.
ഇന്ത്യക്കു ഹെഡേക്ക്
ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 180നു മറുപടിയായി ക്രീസിലെത്തിയ ഓസ്ട്രേലിയ ഒന്നാംദിനം അവസാനിപ്പിച്ചത് 86/1 എന്ന നിലയിൽ. രണ്ടാംദിനമായ ഇന്നലെ തുടക്കത്തിൽത്തന്നെ നഥാൻ മക്സ്വീനിയെ (39) പുറത്താക്കി ജസ്പ്രീത് ബുംറ ഇന്ത്യക്കു പ്രതീക്ഷ നൽകി. തലേദിവസത്തെ സ്കോറിനോട് ഒരു റണ്‍ ചേർക്കാൻ മാത്രമേ മക്സ്വീനിക്കു സാധിച്ചുള്ളൂ.
എന്നാൽ, നേരിട്ട 63-ാം പന്തിൽ അർധസെഞ്ചുറിയും 111-ാം പന്തിൽ സെഞ്ചുറിയും തികച്ച ട്രാവിസ് ഹെഡ് ഇന്ത്യക്കു ഹെഡേക്കായി. നാലു സിക്സും 17 ഫോറും അടക്കം 99.29 സ്ട്രൈക്ക് റേറ്റോടെയായിരുന്നു ഹെഡ് 140 റണ്‍സ് നേടിയത്.
ഡേ-നൈറ്റ് ടെസ്റ്റ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറിയാണ് ഹെഡ് കുറിച്ചത്. ഇന്ത്യക്കെതിരേ ടെസ്റ്റിൽ ഹെഡിന്റെ രണ്ടാം സെഞ്ചുറിയാണ്. ഹെഡിനെ പുറത്താക്കിയശേഷം മുഹമ്മദ് സിറാജ് ചൂടേറിയ വാക്കുകൾ ഓസീസ് താരത്തിനെതിരേ ഉപയോഗിച്ചതും ശ്രദ്ധേയം.
ദയനീയം രോഹിത്
ഓപ്പണിൽനിന്ന് മധ്യനിരയിലേക്കു മാറിയെങ്കിലും ഫോം കണ്ടെത്താൻ വിഷമിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ആറാം നന്പറായി ക്രീസിലെത്തിയ രോഹിത് രണ്ടാം ഇന്നിംഗ്സിൽ 15 പന്തിൽ ആറു റണ്‍സുമായി മടങ്ങി.
ശുഭ്മാൻ ഗില്ലിനെ (28) ബനാന ഇൻസ്വിംഗറിലൂടെ മിച്ചൽ സ്റ്റാർക്ക് ബൗൾഡാക്കിയതോടെയാണ് രോഹിത് ശർമ ക്രീസിലെത്തിയത്. നേരിട്ട രണ്ടാം പന്തിൽ സ്റ്റാർക്ക് രോഹിത്തിനെ വിക്കറ്റിനു മുന്നിൽ കുടുക്കിയിരുന്നു.
എന്നാൽ, നോ ബോൾ ആയതോടെ രക്ഷപ്പെട്ടു. തുടർന്ന് പാറ്റ് കമ്മിൻസിന്റെ പന്തിൽ വിക്കറ്റ് തെറിച്ച് രോഹിത് മടങ്ങി. അവസാന 12 ടെസ്റ്റ് ഇന്നിംഗ്സിൽ രോഹിത്തിന്റെ ശരാശരി വെറും 11.83 മാത്രമാണ്. 142 റണ്‍സ് മാത്രമാണ് അവസാന 12 ഇന്നിംഗ്സിൽനിന്ന് രോഹിത് നേടിയത്.
കമ്മിൻസിന്റെ ബൗണ്‍സറിനു മുന്നിൽ കെ.എൽ. രാഹുലും (7) ആദ്യ സ്പെല്ലിലെ ആദ്യ പന്തിൽ യശസ്വി ജയ്സ്വാളിനെയും (24) തുടർന്ന് വിരാട് കോഹ് ലിയെയും (11) സ്കോട്ട് ബോലണ്ടും പുറത്താക്കി.
സ്കോർബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: 180
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: ഖ്വാജ സി രോഹിത് ബി ബുംറ 13, മക്സ്വീനി സി പന്ത് ബി ബുംറ 39, ലബൂഷെയ്ൻ സി ജയ്സ്വാൾ ബി നിതീഷ് 64, സ്മിത്ത് സി പന്ത് ബി ബുംറ 2, ഹെഡ് ബി സിറാജ് 140, മാർഷ് സി പന്ത് ബി അശ്വിൻ 9, കാരെ സി പന്ത് ബി സിറാജ് 15, കമ്മിൻസ് ബി ബുംറ 12, സ്റ്റാർക്ക് സി ഹർഷിത് ബി സിറാജ് 18, ലിയോണ്‍ നോട്ടൗട്ട് 4, ബോലണ്ട് ബി സിറാജ് 0, എക്സ്ട്രാസ് 21, ആകെ 87.3 ഓവറിൽ 337.
വിക്കറ്റ് വീഴ്ച: 1-24, 2-91, 3-103, 4-168, 5-208, 6-282, 7-310, 8-33, 9-332, 10-337.
ബൗളിംഗ്: ബുംറ 23-5-61-4, സിറാജ് 24.3-5-98-4, ഹർഷിത് 16-2-86-0, നിതീഷ് 6-2-25-1, അശ്വിൻ 18-4-53-1.
ഇന്ത്യ രണ്ടാം ഇന്നിംഗ്സ്: ജയ്സ്വാൾ സി കാരെ ബി ബോലണ്ട് 24, രാഹുൽ സി കാരെ ബി കമ്മിൻസ് 7, ഗിൽ ബി സ്റ്റാർക്ക് 28, കോഹ്ലി സി കാരെ ബി ബോലണ്ട് 11, പന്ത് നോട്ടൗട്ട് 28, രോഹിത് ബി കമ്മിൻസ് 6, നിതീഷ് നോട്ടൗട്ട് 15, എക്സ്ട്രാസ് 9, ആകെ 24 ഓവറിൽ 128/5.
വിക്കറ്റ് വീഴ്ച: 1-12, 2-42, 3-66, 4-86, 5-105.
ബൗളിംഗ്: സ്റ്റാർക്ക് 9-0-49-1, കമ്മിൻസ് 8-0-33-2, ബോലണ്ട് 7-0-39-2.
ബേബി ഹാരിസണ്‍
ഓസ്ട്രേലിയൻ ഒന്നാം ഇന്നിംഗ്സിൽ സെഞ്ചുറി തികച്ചശേഷം ട്രാവിസ് ഹെഡ് ബാറ്റുവച്ച് താരാട്ടുനടത്തി. ഗാലറിയിലിരുന്ന് ഭാര്യ ജസീക്കയും ഒരു മാസം പ്രായമുള്ള മകൻ ഹാരിസണും ക്രിക്കറ്റ് ലോകവും ആ താരാട്ടിനു സാക്ഷ്യംവഹിച്ചു.
നവംബർ നാലിനാണ് ട്രാവിസിനും ജെസീക്കയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. 2023 ഏപ്രിൽ 15നായിരുന്നു ട്രാവിസിന്റെയും ജെസീക്കയുടെയും വിവാഹം. രണ്ടു വയസുകാരിയായ മില്ലയാണ് ഇവരുടെ ആദ്യ കുഞ്ഞ്.
ബനാന സ്വിംഗ്
ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിൽ ശുഭ്മാൻ ഗില്ലിനെ ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക് പുറത്താക്കിയത് അതിമനോഹരമായ ഒരു ബനാന ഇൻസ്വിംഗറിലൂടെ.
സ്റ്റാർക്കിന്റെ കൈയിൽനിന്നു പുറപ്പെട്ട പന്ത്, അകത്തേക്കു വളഞ്ഞ് ഓഫ് സ്റ്റംപിനു പുറത്തു പിച്ച് ചെയ്തു, തുടർന്ന് വീണ്ടും അകത്തേക്കു വളഞ്ഞ് ഗില്ലിന്റെ പ്രതിരോധം ഭേദിച്ച് വിക്കറ്റ് തെറിപ്പിച്ചു.