ദക്ഷിണാഫ്രിക്കയ്ക്കു ജയം
Monday, December 9, 2024 11:57 PM IST
ക്യുബേറ (ദക്ഷിണാഫ്രിക്ക): ശ്രീലങ്കയ്ക്കെതിരേയുള്ള ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ ദക്ഷിണാഫ്രിക്കയ്ക്കു സന്പൂർണ ജയം.
സെന്റ് ജോർജ്സ് പാർക്കിൽ നടന്ന രണ്ടാമത്തെയും അവസാനത്തെയും മത്സരത്തിൽ ദക്ഷിണാഫ്രിക്ക 109 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ഇതോടെ പരന്പര 2-0നു സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഓസ്ട്രേലിയയെ മറികടന്ന് ഒന്നാമതെത്തി.
സ്കോർ: ദക്ഷിണാഫ്രിക്ക 358&317. ശ്രീലങ്ക 328 & 238. ജയിക്കാൻ 348 റണ്‍സ് വേണ്ടിയിരുന്ന ശ്രീലങ്കയെ, അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ കേശവ് മഹാരാജാണ് തകർത്തത്. ടെസ്റ്റിൽ പത്താം തവണയാണ് ഇന്ത്യൻവംശജനായ മഹാരാജ് അഞ്ചു വിക്കറ്റ് പ്രകടനം നടത്തുന്നത്. അഞ്ചു വിക്കറ്റിന് 122 എന്ന നിലയിൽനിന്ന ലങ്കയെ ധനഞ്ജയ ഡിസിൽവയും (50), കുശാൽ മെൻഡിസും (46) ചേർന്ന് മുന്നോട്ടു നയിക്കുമെന്നു കരുതി. അഞ്ചാം ദിനത്തിന്റെ രാവിലെ തന്നെ മെൻഡിസിനെ എയ്ഡൻ മാർക്രത്തിന്റെ കൈകളിലെത്തിച്ച് മഹാരാജ് കൂട്ടുകെട്ട് പൊളിച്ചു. 97 റണ്‍സാണ് ഏഴാം വിക്കറ്റ് കൂട്ടുകെട്ടിൽ ഇരുവരും സ്ഥാപിച്ചത്.
പുറത്താക്കിയതിനു പിന്നാലെ ലങ്കയുടെ ശേഷിക്കുന്ന വിക്കറ്റുകൾ അതിവേഗം നിലംപൊത്തി. 14 പ ന്തുകൾക്കുശേഷം ഡിസിൽവയെ കാഗിസോ റബാദ വീഴ്ത്തി. 13 റണ്‍സ് എടുക്കുന്നതിനിടെ ശേഷിക്കുന്ന വിക്കറ്റുകൾകൂടി ലങ്കയ്ക്കു നഷ്ടമായി.
പരന്പരയിൽ ഒരു സെഞ്ചുറിയും മൂന്ന് അർധ സെഞ്ചുറിയും നേടിയ ടെംബ ബാവുമയാണ് പ്ലെയർ ഓഫ് ദ സീരീസ്. രണ്ടാം ടെസ്റ്റിൽ ഏഴു വിക്കറ്റുകൾ വീഴ്ത്തിയ ഡേൻ പീറ്റേഴ്സണാണ് പ്ലെയർ ഓഫ് ദ മാച്ച്.
അടുത്ത വർഷം നടക്കുന്ന ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനൽ ഉറപ്പിക്കുന്നതിനു ദക്ഷിണാഫ്രിക്ക ഒരു ജയം മാത്രം അകലെയാണ്. പാക്കിസ്ഥാനെതിരേയുള്ള രണ്ടു ഹോം ടെസ്റ്റുകളാണ് ഇനി ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. ദക്ഷിണാഫ്രിക്കയ്ക്ക് 63.33 പോയിന്റ് ശതമാനവും രണ്ടാമതുള്ള ഓസ്ട്രേലിയയ്ക്ക് 60.71 പോയിന്റ് ശതമാനവും മൂന്നാമതുള്ള ഇന്ത്യക്ക് 57.29 പോയിന്റ് ശതമാനവുമാണ്.