ഡെഡ്ലോക്ക്
Saturday, December 7, 2024 11:59 PM IST
സോബിച്ചൻ തറപ്പേൽ
ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പിന്റെ 10-ാം റൗണ്ടിലും സമനിലയിൽ പിരിഞ്ഞ് ഇന്ത്യയുടെ ഡി. ഗുകേഷും നിലവിലെ ചാന്പ്യനായ ചൈനയുടെ ഡിങ് ലിറനും. നാലു ക്ലാസിക്കൽ ഗെയിമുകൾകൂടി ശേഷിക്കുന്ന 2024 ടൂർണമെന്റിൽ ആവേശ ക്ലൈമാക്സിലേക്ക് അടുക്കുകയാണ്. 14 റൗണ്ടു മത്സരങ്ങളും പൂർത്തിയാകുന്പോൾ സമനില തകർക്കപ്പെടാതെ വന്നാൽ റാപ്പിഡ് ഗെയിമുകളിലേക്ക് മത്സരം നീളും.
നിലയിൽ ഇരുവരും 5-5 എന്ന നിലയിൽ തുല്യത പാലിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിൽ ഇരുവർക്കും രണ്ടു തവണവീതം വെള്ളക്കരുക്കൾ ലഭിക്കും.
പത്താം റാണ്ടിൽ വെള്ള കരുക്കളുമായി മത്സരത്തിനിറങ്ങിയ ഡിങ് ലിറൻ ആദ്യ നീക്കത്തിനായി അല്പ സമയം ആലോചനയിലായത് കാതുകമുണർത്തി. ഡി4 ഓപ്പണിംഗിൽ തുടങ്ങി ലണ്ടൻ സിസ്റ്റത്തിലേക്കാണ് കളി നീങ്ങിയത്.
ആറാം നീക്കത്തോടെ സെന്ററിലെ പോണുകൾ വെട്ടിമാറ്റപ്പെട്ടു. ഏഴാം നീക്കത്തിൽ ഗുകേഷ് കിംഗ് സൈഡ് കാസലിഗ് നടത്തിയപ്പോൾ വൈറ്റും കിംഗ് സൈസ് കാസലിംഗ് തന്നെ തെരഞ്ഞെടുത്തു.
സി4 കളിച്ച വൈറ്റിന്റെ പോണിനെ ബ്ലാക്ക് വെട്ടിയെടുത്തു. പിന്നീട് കിംഗ് സൈഡിൽ കൂടുതൽ സഞ്ചാര സ്വാതന്ത്ര്യം നേടാൻ ബ്ലാക്ക് കുതിര കൊണ്ട് വൈറ്റിന്റെ എഫ്4ലെ ബിഷപ്പിനെ ആക്രമിച്ചു. അതേ ബിഷപ്പു കൊണ്ട് വൈറ്റ് ഗുകേഷിന്റെ ക്വീനിനു ഭീഷണി നല്കി. 14-ാം നീക്കത്തോടെ ക്വീനുകൾ പരസ്പരം വെട്ടിമാറ്റപ്പെട്ടു.
ഇരുവരും ഓരോ കുതിരകളെയും ആനകളെയും ബലി നല്കിയപ്പോൾ മത്സരം സമനിലയിലവസാനിക്കാനുള്ള സാധ്യതയേറി. തുടർന്ന് ഇരുവരുടെയും രണ്ടു തേരുകളെയും കുതിരകളെയും കളത്തിനു പുറത്തെത്തിച്ചപ്പോൾ കിംഗ് ബിഷപ് പോണ് എൻഡിംഗിലേക്ക് എത്തി.
കരു സ്ഥാനങ്ങളിൽ തുല്യത പുലർത്തിയ ഇരുവർക്കും വിജയവഴി കണ്ടെത്തുകയെന്നത് അസാധ്യമായിരുന്നു. 36-ാം നീക്കത്തോടെ ബിഷപ്പുകളുടെ ആവർത്തന നീക്കങ്ങളിലൂടെ ത്രീഫോൾസ് റെപ്പറ്റീഷൻ ബോർഡിൽ വരുത്തി അനിവാര്യമായ സമനില സമ്മതിച്ച് ഇരുവരും പിരിഞ്ഞു.