ഇന്ത്യ മൂന്നിലേക്കു വീണു
Monday, December 9, 2024 1:40 AM IST
അഡ്ലെയ്ഡ്: ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നിൽനിന്നു മൂന്നിലേക്കു പതിച്ചു. അഡ്ലെയ്ഡ് ഓവൽ ടെസ്റ്റിൽ 10 വിക്കറ്റിന് ഇന്ത്യയെ കീഴടക്കിയ ഓസ്ട്രേലിയ പോയിന്റ് ശതമാനത്തിൽ ഒന്നാം സ്ഥാനത്തെത്തി. ഓസ്ട്രേലിയയ്ക്ക് നിലവിൽ 60.71 പോയിന്റ് ശതമാനമാണ്. 57.29 പോയിന്റ് ശതമാനവുമായാണ് ഇന്ത്യ മൂന്നാമതുള്ളത്. ദക്ഷിണാഫ്രിക്കയാണ് (59.26) രണ്ടാം സ്ഥാനത്ത്.
ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സര പരന്പരയിലെ ആദ്യ രണ്ടു മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരുടീമും ഓരോ ജയം വീതം നേടി. പരന്പരയിൽ ശേഷിക്കുന്ന മൂന്നു മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ കളിക്കാം.
രണ്ടു ജയവും ഒരു സമനിലയാണെങ്കിലും ഇന്ത്യക്കു സാധ്യതയുണ്ട്. അത്തരം സാഹചര്യത്തിൽ ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിലും ശ്രീലങ്കയെ കീഴടക്കണം എന്നുമാത്രം.
ഇനി ഒരു തോൽവികൂടി വഴങ്ങിയാൽ ദക്ഷിണാഫ്രിക്ക x ശ്രീലങ്ക, ഓസ്ട്രേലിയ x ശ്രീലങ്ക പരന്പരകളുടെ ഫലം ആശ്രയിച്ചു മാത്രമേ ഇന്ത്യക്കു ഫൈനൽ വഴി തുറന്നു കിട്ടുകയുള്ളൂ.