റിക്കാർഡ് പെറി
Monday, December 9, 2024 1:40 AM IST
ക്വീൻസ്ലാൻഡ്: വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്കെതിരേ ഓസ്ട്രേലിയയ്ക്കു മിന്നും ജയം. രണ്ടാം ഏകദിനത്തിൽ 122 റണ്‍സിനായിരുന്നു ഇന്ത്യൻ വനിതകളുടെ തോൽവി. സ്കോർ: ഓസ്ട്രേലിയ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 371. ഇന്ത്യ 44.5 ഓവറിൽ 249.
ഇന്ത്യക്കെതിരേ ഒരു താരത്തിന്റെ വേഗമേറിയ സെഞ്ചുറി എന്ന നേട്ടവുമായി ക്രീസിൽ തകർത്താടിയ എൽസി പെറിയാണ് പ്ലെയർ ഓഫ് ദ മാച്ച്. നേരിട്ട 72-ാം പന്തിൽ എൽസി സെഞ്ചുറിയിലെത്തി. 75 പന്തിൽ 105 റണ്‍സ് എൽസി പെറി സ്വന്തമാക്കി. ജോർജിയ വോളും (87 പന്തിൽ 101) ഓസ്ട്രേലിയയ്ക്കു വേണ്ടി സെഞ്ചുറി നേടി.
മിന്നു മിന്നിച്ചു
മലയാളി താരം മിന്നു മണിയുടെ കടന്നാക്രമണമാണ് ഇന്ത്യൻ സ്കോർ 249ൽ എത്തിച്ചത്. 45 പന്തിൽ നാലു ഫോറിന്റെ അകന്പടിയോടെ മിന്നു മണി 46 റണ്‍സുമായി പുറത്താകാതെ നിന്നു. റിച്ച ഘോഷാണ് (72 പന്തിൽ 54) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.