ഗുകേഷ്, ഭേഷ്... ലോക ചെസ് ചാന്പ്യൻഷിപ് 11-ാം ഗെയിമിൽ ഇന്ത്യയുടെ ഗുകേഷിനു ജയം
സോബിച്ചൻ തറപ്പേൽ
Monday, December 9, 2024 1:40 AM IST
ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ആരാധകർക്ക് ആഹ്ലാദദിനം... തുടർച്ചയായ ഏഴു സമനിലകൾക്കു ശേഷം 11-ാം റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ ഗ്രാൻഡ് മാസ്റ്റർ ഡി. ഗുകേഷിന് ലോകചാന്പ്യൻ ഡിങ് ലിറനു മേൽ അട്ടിമറിവിജയം. ഒന്നാം റൗണ്ടിൽ വിജയിച്ച് ലീഡു ചെയ്ത ഡിങ് ലിറനെ മൂന്നാം റൗണ്ടിൽ പരാജയപ്പെടുത്തിക്കൊണ്ട് ഗുകേഷ് ഒപ്പമെത്തിയിരുന്നു.
പിന്നീട് തുടർച്ചയായ ഏഴു ഗയിമുകളിൽ സമനില പാലിച്ച ഇരുവർക്കും 11-ാം ഗെയിം നിർണായകമായി. ഗുകേഷിന് ലോക ചാന്പ്യൻ പട്ടമണിയാൻ ശേഷിക്കുന്ന മൂന്നു ഗെയിമുകളിൽ സമനില നേടിയാൽ മതിയാകും. ജേതാവാകാൻ ഏഴര പോയിന്റ് നേടണമെന്നിരിക്കെ ആറു പോയിന്റുമായി അഞ്ചു പോയിന്റുള്ള ഡിങിനു മേൽ വ്യക്തമായ അധിപത്യം ഇപ്പോൾ ഗുകേഷിനുണ്ട്. ഡിങിനു ചാന്പ്യൻ പദവി നിലനിർത്താൻ രണ്ടു വിജയവും ഒരു സമനിലയുയെങ്കിലും അനിവാര്യമായി. അല്ലെങ്കിൽ ഒരു വിജയവും രണ്ടു സമനിലയെങ്കിലും നേടി ടൈ ബ്രേക്കിൽ കളിയെത്തിക്കണം.
വെള്ള കരുക്കളുമായി 11-ാം റാണ്ട് മത്സരത്തിനിറങ്ങിയ ഗുകേഷ് എൻഎഫ്3 കളിച്ച് റെട്ടി ഓപ്പണിംഗിലാണ് കളിയാരംഭിച്ചത്. റെട്ടി ഗാംബിറ്റ് ഡിക്ലെൻഡ് വേരിയേഷനിലൂടെ കളി മുന്നോട്ടു നീങ്ങി. നാലാം നീക്കത്തിനായ മുപ്പത്തിയെട്ട് മിനിറ്റാണ് ഡിങ് ചിന്തിച്ചിരുന്നത്. അഞ്ചാം നീക്കം എ3 കളിച്ചുകൊണ്ട് പുതിയ വേരിയേഷൻ കണ്ടെത്തിയ ഗുകേഷിന് മറുപടി നൽകാൻ ഡിങിന് 22 മിനിറ്റ് ചെലവിടേണ്ടിവന്നു.
ആദ്യ എട്ടു നീക്കങ്ങൾക്കായി ഗുകേഷ് വെറും ഒരു മിനിറ്റു സമയം മാത്രം എടുത്തപ്പോൾ അത്രയും നീക്കങ്ങൾക്ക് ബ്ലാക്ക് എടുത്തത് ഒരു മണിക്കൂറും എട്ടു മിനിറ്റുമാണ്. എന്നാൽ, 11-ാം നീക്കത്തിന് ഗുകേഷ് ഒരു മണിക്കൂർ സമയമെടുത്തു. അതാകട്ടെ കംപ്യൂട്ടർ വിശകലനത്തിൽ എറ്റവും മികച്ച നീക്കം തന്നെയായിരുന്നു. ഈ ടൂർണമെന്റിൽ ഒരു നീക്കത്തിനായി ഏറ്റവും കൂടുതൽ സമയമെടുത്ത നീക്കമായിരുന്നു അത്. 13-ാം നീക്കത്തിൽ വൈറ്റ് കാസിലിംഗ് നടത്തി. 14-ാം നീക്കത്തോടെ ബ്ലാക്കിന്റെ രണ്ടു കുതിരകളും സെന്ററിൽ നിലയുറപ്പിച്ചു.
15-ാം നീക്കത്തിൽ ബ്ലാക്ക് ജി6 കളിച്ചത് മോശം നീക്കമായിരുന്നു. 16-ാം നീക്കത്തിൽ വൈറ്റ് എ4 കളിച്ചതും മികച്ച നീക്കം തന്നെയായിരുന്നു. 40 നീക്കങ്ങൾക്കായി നല്കപ്പെട്ടിരുന്ന രണ്ടു മണിക്കൂറിനായി, ഈ നീക്കത്തിനു ശേഷം വൈറ്റിന് 23 മിനിറ്റും ബ്ലാക്കിന് 31 മിനിറ്റും ശേഷിച്ചു. ഈ സമയത്തിനുള്ളിൽ 24 നീക്കങ്ങൾ നടത്തേണ്ട ഇരുവരും സമയ സമ്മർദത്തിലകപ്പെടുമെന്ന തോന്നലുളവാക്കി.
എന്നാൽ, 21-ാം നീക്കത്തിൽ വൈറ്റിന്റെ കുതിരകൂടി പോർക്കളത്തിലേക്കു നീങ്ങിയതോടെ ബ്ലാക്കിനു കൂടുതൽ സമ്മർദം നേരിട്ടു. 24-ാം നീക്കത്തിലാണ് ബ്ലാക്കിന് കാസലിംഗിനുള്ള അവസരം പോലും ലഭിച്ചത്. 26-ാം നീക്കത്തിലെ ബ്ലാക്കിന്റെ ഇ6 നീക്കവും കൃത്യതയുള്ളതായിരുന്നില്ല.
ക്വീനിനൊപ്പം കുതിരയും രണ്ടു തേരുകളും ആക്രമണമുഖത്ത് അണിനിരന്നപ്പോൾ ബ്ലാക്ക് പ്രതിരോധത്തിലായി. വൈറ്റിന്റെ ഒരു പോണിനെ നേടാൻ കഴിഞ്ഞെങ്കിലും വൈറ്റിന്റെ കരുക്കൾ ശക്തമായ നിലയിലെത്തിയിരുന്നു. 28-ാം നീക്കത്തിൽ എൻബി 4 കളിച്ചു പ്രതിരോധിച്ചുനിൽക്കാൻ സാധിക്കുമായിരുന്നുവെങ്കിലും ഡിങിനു പിഴച്ചു. സമയ സമ്മർദമുണ്ടായിരുന്നതിനാൽ പെട്ടന്ന് ഡിങ് ക്വീനിനെ സി8 ലേക്ക് നീങ്ങിയതുമൂലം ഒരു കുതിരയെ നഷ്ടപ്പെട്ട ലിറൻ ഗുകേഷിനു മുൻപിൽ കീഴടങ്ങുകയായിരുന്നു.