ടീമുമായി സഹകരിക്കില്ല; കട്ടക്കലിപ്പിൽ മഞ്ഞപ്പട
Monday, December 9, 2024 11:57 PM IST
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ മോശം ഫോം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സിനെതിരേ ഔദ്യോഗിക ആരാധകക്കൂട്ടായ്മയായ മഞ്ഞപ്പട.
മാനേജ്മെന്റിന്റെ നിലപാടിലും സീസണില്‍ ടീമിന്റെ പ്രകടനത്തിലുമുള്ള നിരാശയിലുമാണ് ബ്ലാസ്റ്റേഴ്സിനെതിരേ പരസ്യപ്രതികരണവുമായി മഞ്ഞപ്പട രംഗത്തെത്തിയത്. ഇനി ടീമുമായി സഹകരിക്കില്ലെന്നും ടിക്കറ്റുകള്‍ വാങ്ങില്ലെന്നും മഞ്ഞപ്പട സംസ്ഥാന കോര്‍ കമ്മിറ്റി തീരുമാനിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് മഞ്ഞപ്പട തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
അവസാന രണ്ടു മത്സരത്തിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടതോടെയാണ് ആരാധകരോഷം അണപൊട്ടിയത്. ടീമിന്റെ മോശം പ്രകടനത്തിനു കാരണം ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയാണെന്ന് മഞ്ഞപ്പട പറയുന്നു.
“മഞ്ഞപ്പട എന്നാല്‍ ആരാധക കൂട്ടായ്മയാണ്, ഉപഭോക്താക്കളല്ല. ഞങ്ങളുടെ ആത്മാര്‍ഥത ബിസിനസ് ആക്കാമെന്നു കരുതരുത്. വാഗ്ദാനങ്ങള്‍ ലംഘിക്കുന്ന ക്ലബ്ബിന്റെ ഭാവിയില്‍ ആശങ്കയുണ്ട്. എത്രനാള്‍ നിങ്ങള്‍ ഇങ്ങനെ നിശബ്ദമായിരിക്കു’’മെന്നും മഞ്ഞപ്പട സമൂഹമാധ്യമത്തില്‍ കുറിച്ചു.
ഇനി ഈ സീസണില്‍ മഞ്ഞപ്പട ടിക്കറ്റ് എടുക്കുന്നില്ലെന്ന തീരുമാനത്തിലേക്കാണ് എത്തിയിരിക്കുന്നതെന്ന് മഞ്ഞപ്പട ടീം അംഗങ്ങള്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കി. ടിക്കറ്റ് വില്പനയില്നിന്നു വിട്ടുനിന്ന് പ്രതിഷേധം അറിയിക്കുകയാണ്.
എന്നാല്‍ ഒരിക്കലും ടീമിനുള്ള പിന്തുണ പിന്‍വലിക്കുകയല്ല. ഈസ്റ്റ് ഗാലറിയില്‍ മഞ്ഞപ്പടയുടെ സാന്നിധ്യം ഉണ്ടായിരിക്കും. എങ്കില്‍ക്കൂടി മാനേജ്മെന്റിനെതിരേ സ്റ്റേഡിയത്തിനകത്തും പുറത്തും പ്രതിഷേധം അറിയിച്ചിരിക്കും.
മാറ്റങ്ങള്‍ വരാത്തിടത്തോളം ക്ലബ്ബുമായി യാതൊരുവിധ സഹകരണത്തിനും തയാറല്ല. മാറ്റങ്ങള്‍ ഇല്ലാത്തിടത്തോളം കാലം ഇനി വരുന്ന കളികളില്‍ സ്റ്റേഡിയത്തില്‍ പലവിധ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സന്ദേശത്തില്‍ പറയുന്നു.
സീസണ് തുടങ്ങും മുമ്പ് മികച്ച സൈനിംഗ് നടത്താത്തതിലും മഞ്ഞപ്പട പരസ്യമായി പ്രതികരിച്ചിരുന്നു.