മിച്ചൽ സ്റ്റാർക്കിന് ആറു വിക്കറ്റ് ; ഇന്ത്യ 180നു പുറത്ത്, ഓസ്ട്രേലിയ 86/1
Saturday, December 7, 2024 12:29 AM IST
അഡ്ലെയ്ഡ്: പിങ്ക് ബോൾ ടെസ്റ്റിലെ സ്റ്റാറാണ് താനെന്ന് അടിവരയിട്ട് ഓസീസ് പേസർ മിച്ചൽ സ്റ്റാർക്ക്. 14.1 ഓവറിൽ 48 റണ്‍സ് വഴങ്ങി ആറു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിനു മുന്നിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് തകർന്നു.
ഓസ്ട്രേലിയയ്ക്കെതിരായ പിങ്ക് ബോൾ (ഡേ-നൈറ്റ്) ടെസ്റ്റിൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 44.1 ഓവറിൽ 180ന് അവസാനിച്ചു. മറുപടിക്കു ക്രീസിലെത്തിയ ഓസ്ട്രേലിയ ആദ്യദിനം അവസാനിക്കുന്പോൾ 33 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റണ്‍സ് നേടി. ലീഡിലേക്ക് ആതിഥേയർക്ക് 95 റണ്‍സിന്റെ അകലം മാത്രമാണുള്ളത്. നഥാൻ മക്സ്വീനി (38), മാർനസ് ലബൂഷെയ്ൻ (20) എന്നിവരാണ് ക്രീസിൽ.
സൂപ്പർ സ്റ്റാർക്ക്
പിങ്ക് ബോൾ ടെസ്റ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ഇന്നിംഗ്സിലെ ആദ്യ പന്തിൽത്തന്നെ വിക്കറ്റ് വീഴ്ത്തിയാണ് തുടങ്ങിയത്. ടോസ് നേടി ക്രീസിലെത്തിയ ഇന്ത്യക്ക് അക്കൗണ്ട് തുറക്കും മുന്‍പ് വിക്കറ്റ് നഷ്ടമായി. ടെസ്റ്റിന്റെ ആദ്യ പന്തിൽ യശസ്വി ജയ്സ്വാൾ ഡക്കായി പുറത്ത്. സ്റ്റാർക്കിന്റെ പന്തിൽ വിക്കറ്റിനു മുന്നിൽ കുടുങ്ങുകയായിരുന്നു. ഇത്തരം പുറത്താകലിനെ പ്ലാറ്റിനം/റോയൽ ഡക്ക് എന്നാണ് വിശേഷിപ്പിക്കുന്നത്.
കെ.എൽ. രാഹുൽ (37) മൂന്നാം നന്പറായെത്തിയ ശുഭ്മാൻ ഗില്ലിനൊപ്പം (31) ചേർന്നു രണ്ടാം വിക്കറ്റിൽ 69 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യൻ ഇന്നിംഗ്സിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. രാഹുലിനെ പുറത്താക്കി സ്റ്റാർക്ക് ഈ കൂട്ടുകെട്ടും പൊളിച്ചു.
ഗില്ലിനെയും ക്യാപ്റ്റൻ രോഹിത് ശർമയെയും (3) സ്കോട്ട് ബോലണ്ട് മടക്കി. ആറാം നന്പറായി ആയിരുന്നു രോഹിത് ക്രീസിലെത്തിയത്. അഞ്ചാം നന്പറായെത്തിയ ഋഷഭ് പന്ത് (21) പൊരുതാൻ ശ്രമിച്ചെങ്കിലും മിച്ചൽ സ്റ്റാർക്കിന്റെ ഷോർട്ട്പിച്ച് ആക്രമണത്തിൽ പുറത്ത്.
വിരാട് കോഹ്ലി (7), നിതീഷ് കുമാർ റെഡ്ഡി (42), ആർ. അശ്വിൻ (22) എന്നിവരുടെ വിക്കറ്റുകളും സ്റ്റാർക്കിനായിരുന്നു. പെർത്ത് ടെസ്റ്റിലൂടെ ഇന്ത്യക്കുവേണ്ടി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ യുവ താരം നിതീഷ് കുമാർ റെഡ്ഡിയാണ് ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ. 54 പന്ത് നേരിട്ട നിതീഷ് മൂന്നു സിക്സും മൂന്നു ഫോറും അടക്കം 42 റണ്‍സ് നേടി.
13 പിങ്ക് ബോൾ ടെസ്റ്റിലെ 24 ഇന്നിംഗ്സിൽനിന്ന് സ്റ്റാർക്കിന്റെ വിക്കറ്റ് നേട്ടം 72 ആയി. പിങ്ക് ബോൾ ടെസ്റ്റ് ക്രിക്കറ്റ് വിക്കറ്റ് വേട്ട ചരിത്രത്തിൽ രണ്ടാം സ്ഥാനത്തുള്ള നഥാൻ ലിയോണിന്, 43 വിക്കറ്റ് മാത്രമാണുള്ളതെന്നതും ശ്രദ്ധേയം. ഡേ-നൈറ്റ് ടെസ്റ്റിൽ സ്റ്റാർക്കിന്റെ നാലാമത് 5+ വിക്കറ്റ് നേട്ടമാണ്. സ്റ്റാർക്കിന്റെ ടെസ്റ്റ് കരിയറിലെ മികച്ച ബൗളിംഗാണിത്.
ബുംറ @50
ഇന്ത്യൻ ഇന്നിംഗ്സ് 180ൽ ഒതുക്കിയശേഷം ക്രീസിലെത്തിയ ഓസ്ട്രേലിയയുടെ ആദ്യ വിക്കറ്റ് ജസ്പ്രീത് ബുംറ സ്വന്തമാക്കി. 13 റണ്‍സ് നേടിയ ഉസ്മാൻ ഖ്വായെ ബുംറ രോഹിത് ശർമയുടെ കൈകളിലെത്തിച്ചു.
2024 കലണ്ടർ വർഷത്തിൽ ബുംറയുടെ 50-ാം വിക്കറ്റാണ്. 2024ൽ 50 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ബൗളറുമായി ബുംറ.
ഒരു കലണ്ടർ വർഷത്തിൽ 50 വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത് ഇന്ത്യൻ ബൗളറാണ് ബുംറ. കപിൽ ദേവ് (1979, 1983) രണ്ടു തവണയും സഹീർ ഖാൻ (2002) ഒരു തവണയും കലണ്ടർ വർഷത്തിൽ 50 വിക്കറ്റ് നേട്ടം മുന്‍പ് സ്വന്തമാക്കിയിരുന്നു.
സ്കോർ ബോർഡ്
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്: ജയ്സ്വാൾ എൽബിഡബ്ല്യു ബി സ്റ്റാർക്ക് 0, രാഹുൽ സി മക്സ്വീനി ബി സ്റ്റാർക്ക് 37, ഗിൽ എൽബിഡബ്ല്യു ബി ബോലണ്ട് 31, കോഹ്ലി സി സ്മിത്ത് ബി സ്റ്റാർക്ക് 7, പന്ത് സി ലബൂഷെയ്ൻ ബി കമ്മിൻസ് 21, രോഹിത് എൽബിഡബ്ല്യു ബി ബോലണ്ട് 3, നിതീഷ് കുമാർ സി ഹെഡ് ബി സ്റ്റാർക്ക് 42, അശ്വിൻ എൽബിഡബ്ല്യു ബി സ്റ്റാർക്ക് 22, ഹർഷിത് ബി സ്റ്റാർക്ക് 0, ബുംറ സി ഖ്വാജ ബി കമ്മിൻസ് 0, സിറാജ് നോട്ടൗട്ട് 4, എക്സ്ട്രാസ് 13, ആകെ 44.1 ഓവരിൽ 180.
വിക്കറ്റ് വീഴ്ച: 1-0, 2-69, 3-77, 4-81, 5-87, 6-109, 7-141, 8-141, 9-176, 10-180.
ബൗളിംഗ്: സ്റ്റാർക്ക് 14.1-2-48-6, കമ്മിൻസ് 12-4-41-2, ബോലണ്ട് 13-0-54-2, ലിയോണ്‍ 1-0-6-0, മാർഷ് 4-0-26-0.
ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സ്: ഖ്വാജ സി രോഹിത് ബി ബുംറ 13, മക്സ്വീനി നോട്ടൗട്ട് 38, ലബൂഷെയ്ൻ നോട്ടൗട്ട് 20, എക്സ്ട്രാസ് 15, ആകെ 33 ഓവറിൽ 86/1.
വിക്കറ്റ് വീഴ്ച: 1-24.
ബൗളിംഗ്: ബുംറ 11-4-13-1, സിറാജ് 10-3-29-0, ഹർഷിത് 8-2-18-0, നിതീഷ് 3-1-12-0, അശ്വിൻ 1-1-0-0.
കറുത്ത ആംബാൻഡ് അണിഞ്ഞ് ഓസ്ട്രേലിയൻ കളിക്കാർ അഡ്ലെയ്ഡ് ടെസ്റ്റിൽ ഇറങ്ങി. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിനിടെ തലയിൽ പന്തുകൊണ്ട് മരണമടഞ്ഞ ഫിലിപ് ഹ്യൂസിന്റെ 10-ാം ചരമവാർഷികത്തോടനുബന്ധിച്ചായിരുന്നു ഇത്.
2014 നവംബർ 27നായിരുന്നു ഹ്യൂസിന്റെ ദാരുണാന്ത്യം. ഇന്ത്യക്കെതിരായ ഡേ-നൈറ്റ് ടെസ്റ്റിൽ അദ്ദേഹത്തിന് ആദരമർപ്പിക്കാൻ ഓസ്ട്രേലിയ ക്രിക്കറ്റ് (സിഎ) തീരുമാനിച്ചതോടെയാണ് കറുത്ത ആംബാൻഡ് അണിഞ്ഞ് കളിക്കാർ മൈതാനത്തെത്തിയത്.