ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പ്: പോര് മുറുകി
Monday, December 9, 2024 11:57 PM IST
സോബിച്ചൻ തറപ്പേൽ
ഫിഡെ ലോക ചെസ് ചാന്പ്യൻഷിപ്പ് ആവേശകരമായ അന്ത്യത്തിലേക്ക്. ഇന്നലെ നടന്ന പന്ത്രണ്ടാം ഗെയിമിൽ ലോക ചാന്പ്യൻ ഡിങ് ലിറൻ ഇന്ത്യയുടെ ചലഞ്ചർ ഗുകേഷിനെ കീഴടക്കി.
പതിനൊന്നാം ഗെയിമിൽ വിജയിച്ചുകൊണ്ട് ഒരു പോയന്റിനു ലീഡ് ചെയ്തിരുന്ന ഗുകേഷിനെതിരേ നേടിയ ഈ വിജയം പോയിന്റ് നിലയിൽ ഗുകേഷിനോട് തുല്യത പാലിക്കാൻ ലിറന് സഹായകമായി.
ഈ റൗണ്ടിൽ സമനിലയെങ്കിലും പാലിക്കാൻ ഗുകേഷിനായിരുന്നെങ്കിൽ കിരീടം നിലനിർത്താനായി ടൈബ്രേക്കിൽ പോരാടാൻ ശേഷിക്കുന്ന രണ്ടു ഗെയിമിൽ ഒന്നി ലെങ്കിലും ഡിങിന് വിജയിക്കേണ്ടിവരുമായിരുന്നു. ഡു ഓർ ഡൈ എന്ന രീതിയിൽ മത്സരത്തിനിറങ്ങിയ ലിറന് ചാന്പ്യന്റെ പവറോടുകൂടിത്തന്നെ തിരിച്ചടിക്കാൻ സാധിച്ചു.
വെള്ള കരുക്കൾ നീക്കിയ ലിറൻ സി4 കളിച്ച് ഇംഗ്ലീഷ് ഓപ്പണിംഗാണ് സ്വീകരിച്ചത്. അഞ്ചാം നീക്കത്തിൽ തന്നെ വൈറ്റ് കിംഗ് സൈഡ് കാസിലിംഗ് നടത്തി. ഒൻപതാം നീക്കത്തിൽ ബ്ലാക്കും കാസിൽ ചെയ്തു. പിഴവുകളില്ലാത്ത നീക്കങ്ങളിലൂടെ സാവകാശം ചൈനീസ്താരം കരുക്കൾ നീക്കി മുന്നേറുന്പോൾ നേരിയ മുൻതൂക്കം വൈറ്റിനു നേടിയെടുക്കാനായി.
ഇരുപതു നീക്കങ്ങൾ പൂത്തിയാകുന്പോൾ തുടർന്നു വരുന്ന അത്രയും നീക്കങ്ങൾക്കായി ഗുകേഷിന് ഇരുപത്തിയഞ്ചു മിനിറ്റും ലിറന് മുപ്പതു മിനിറ്റുമാണുണ്ടായിരുന്നത്. പിന്നീട് പല നീക്കങ്ങളിലും ഗുകേഷിനു പിഴവു സംഭവിച്ചു. ഇരുപതിലും ഇരുപത്തിരണ്ടിലും പിന്നെ മുപ്പത്തിയാറാം നീക്കത്തിലും ഗുകേഷിന്റെ നീക്കങ്ങൾക്കു കൃത്യതയില്ലായിരുന്നു.
ഇരുപത്തിയൊൻപതാം നീക്കത്തിലും മുപ്പത്തിമൂന്നാം നീക്കത്തിലുമായി രണ്ടു കാലാളുകൾ ബ്ലാക്കിന് നഷ്ടപ്പെട്ടിരുന്നു. മുപ്പത്തിയെട്ടാം നീക്കത്തിൽ എഫ് 7 കോളംകൂടി തുറന്നുകൊടുത്തപ്പോൾ ഡിങ് തന്റെ റൂക്കിനെ ബലി നല്കികൊണ്ട് ബ്ലാക്കിന്റെ രാജാവിനു ചെക്കുവച്ചു. ക്വീൻ ബിഷപ് ആക്രമണത്തിൽ ചെക്മേറ്റ് മുന്നിൽകണ്ട ഗുകേഷ് തോൽവി സമ്മതിച്ചു.
ഇന്ന് വിശ്രമദിനമാണ്. നാളെ പതിമൂന്നാം റൗണ്ട് മത്സരത്തിനായി ഗുകേഷ് വെള്ള കരുക്കളുമായി കളത്തിലിറങ്ങും.