ഇന്ത്യക്കു മുന്നിൽ വഴികൾ 5
Wednesday, December 11, 2024 12:18 AM IST
ബ്രിസ്ബെയ്ൻ: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ടെസ്റ്റ് ക്രിക്കറ്റിനായുള്ള ഒരുക്കത്തിലാണ് ടീം ഇന്ത്യ. ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കണമെങ്കിൽ ഇന്ത്യക്കു മുന്നിൽ ശേഷിക്കുന്നത് അഞ്ചു വഴികൾ മാത്രം. ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര പരന്പര ദക്ഷിണാഫ്രിക്ക 2-0നു സ്വന്തമാക്കിയതിനുശേഷമുള്ള സാഹചര്യമാണിത്.
ഇന്ത്യക്കു മുന്നിലെ വഴികൾ...
1:ഓസ്ട്രേലിയയ്ക്കെതിരായ അഞ്ചു മത്സര പരന്പരയിൽ ശേഷിക്കുന്ന മൂന്നും ജയിക്കുക. അല്ലെങ്കിൽ ശേഷിക്കുന്ന രണ്ട് എണ്ണത്തിൽ ജയിക്കുകയും ഒരെണ്ണം സമനിലയിൽ എത്തിക്കുകയും ചെയ്യണം. അങ്ങനെ 3-1നോ 4-1നോ ബോർഡർ-ഗാവസ്കർ ട്രോഫി പരന്പര സ്വന്തമാക്കുക. അതോടെ ശ്രീലങ്കയ്ക്ക് എതിരായ പരന്പര 2-0നു നേടിയാലും ഓസ്ട്രേലിയയ്ക്ക് ഇന്ത്യയെ മറികടന്നു ഫൈനലിൽ എത്താൻ സാധിക്കില്ല.
2: ഓസ്ട്രേലിയയ്ക്കെതിരേ 3-2നും ജയിച്ചാൽ ഇന്ത്യക്കു ചെറിയ സാധ്യതയുണ്ട്. ശ്രീലങ്കയ്ക്ക് എതിരായ രണ്ടു മത്സര പരന്പരയിൽ ഒരെണ്ണത്തിൽ ഓസ്ട്രേലിയ സമനില വഴങ്ങണം.
3: ഇന്ത്യ 2-1നു പരന്പര നേടുകയോ ശേഷിക്കുന്ന മൂന്നു മത്സരങ്ങളും സമനിലയിൽ കലാശിച്ച് 1-1 നു പിരിയുകയോ ചെയ്താൽ മറ്റു ടീമുകളുടെ മത്സര ഫലങ്ങൾ ആശ്രയിച്ച് ഇന്ത്യക്കു മുന്നേറാം. അത്തരം സന്ദർഭത്തിൽ ഇംഗ്ലണ്ട് 3-0നോ അല്ലെങ്കിൽ 2-1നോ ന്യൂസിലൻഡിനെ കീഴടക്കണം. ശ്രീലങ്ക ഓസ്ട്രേലിയയ്ക്കെതിരായ രണ്ടു മത്സര പരന്പരയിൽ ഒരെണ്ണമെങ്കിലും സമനിലയിൽ എത്തിക്കണം.
4: ഇന്ത്യ-ഓസ്ട്രേലിയ പരന്പര 2-2 സമനിലയിൽ കലാശിക്കുകയാണെങ്കിൽ, ശ്രീലങ്ക 1-0/2-0ന് ഓസ്ട്രേലിയയെ തോൽപ്പിക്കണം.
5: ഓസ്ട്രേലിയയ്ക്കെതിരേ 2-3നു പരാജയപ്പെട്ടാൽ പാക്കിസ്ഥാൻ, ശ്രീലങ്ക ടീമുകളുടെ മത്സര ഫലങ്ങളെ ആശ്രയിച്ചു മാത്രമേ ഇന്ത്യയുടെ ഫൈനൽ സ്വപ്നം സഫലമാകൂ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ രണ്ടു മത്സര പരന്പര പാക്കിസ്ഥാൻ 2-0നും ഓസ്ട്രേലിയയ്ക്കെതിരായ പരന്പര ശ്രീലങ്ക ചുരുങ്ങിയത് 1-0നും ജയിക്കണം.