ചെൽസിക്കു ത്രില്ലിംഗ് ജയം
Monday, December 9, 2024 11:57 PM IST
ലണ്ടൻ: ലണ്ടൻ ഡെർബിയിൽ ചെൽസിക്കു ത്രില്ലിംഗ് ജയം. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ടോട്ടൻഹാം ഹോട്സ്പറിനെതിരേ ആദ്യ പതിനൊന്ന് മിനിറ്റിൽത്തന്നെ രണ്ടു ഗോൾ വഴങ്ങിയ ചെൽസി തിരിച്ചടിച്ച് 4-3ന് ജയം സ്വന്തമാക്കി.
രണ്ടാം പകുതിയിൽ രണ്ടു പെനാൽറ്റികൾ വലയിലാക്കിയ കോൾ പാമർ ചെൽസിയെ ജയത്തിലെത്താൻ സഹായിച്ചു. 31 പോയിന്റുമായി ചെൽസി രണ്ടാം സ്ഥാനതെത്തി.
ഡൊമിനിക് സൊളെങ്കോ (5’), ഡെയാൻ കുലുസെവ്സ്കി (11’) എന്നിവരുടെ ഗോളുകളിൽ ടോട്ടൻഹാം തുടക്കത്തിലേ മുന്നിലെത്തി. 17-ാം മിനിറ്റിൻ ജേഡൻ സാഞ്ചോ ചെൽസിക്കായി ഒരു ഗോൾ മടക്കി. 61-ാം മിനിറ്റിൽ പെനാൽറ്റി വലയിലാക്കി പാമർ ചെൽസിയെ ഒപ്പമെത്തിച്ചു. 73-ാം മിനിറ്റിൽ എൻസോ ഫെർണാണ്ടസ് നീലക്കുപ്പായക്കാരെ മുന്നിലെത്തിച്ചു.
84-ാം മിനിറ്റിൽ വീണ്ടും പെനാൽറ്റിയിലൂടെ പാമർ ചെൽസിയുടെ ലീഡ് ഉയർത്തി. 90+6-ാം മിനിറ്റിൽ സണ്‍ ഹ്യൂഗ് മിൻ ഒരു ഗോൾ മടക്കി. സമനിലയ്ക്കായി ടോട്ടൻഹാം പൊരുതിയെങ്കിലും ചെൽസിയുടെ ജയത്തെ തടയാനായില്ല.