കൊക്കോ കർഷകരെ ആശങ്കയിലാക്കി മഴ
വിപണിവിശേഷം / കെ.ബി. ഉദയഭാനു
Monday, December 9, 2024 1:04 AM IST
കാലാവസ്ഥാ വ്യതിയാനം മൂലം ഹൈറേഞ്ചില്‍ കുരുമുളക് വിളവെടുപ്പിന് കാലതാമസം നേരിടാം. തെക്കന്‍ കേരളത്തില്‍ പൊള്ള മുളക് ലഭ്യത കുറഞ്ഞു. റബറിനെ 200ലേക്ക് കയറ്റി വിടാന്‍ ടയര്‍ ലോബിക്ക് വിമുഖത. ഒസാക്ക ഡിസംബര്‍ അവധിയില്‍ വീണ്ടും മുന്നേറ്റം. അനവസരത്തിലെ മഴ അടുത്ത വര്‍ഷത്തെ കൊക്കോ ഉത്പാദനത്തെ ബാധിക്കും.
കുരുമുളക്
കേരളത്തിലെ കാലാവസ്ഥയില്‍ അടുത്ത കാലത്ത് സംഭവിച്ച വന്‍ വ്യതിയാനങ്ങള്‍ കാര്ഷികോദ്പാദനത്തില് വിള്ളലുളവാക്കുന്നു. പതിവില്‍നിന്നു വ്യത്യസ്തമായി അടുത്ത വര്‍ഷത്തെ വിളവെടുപ്പിന് നാലാഴ്ച വരെ വൈകുമെന്ന സൂചനയാണ് ഉത്പാദകരില്‍നിന്നു ലഭ്യമാവുന്നത്. കഴിഞ്ഞവാരം അനുഭവപ്പെട്ട ശക്തമായ മഴയില്‍ ഹൈറേഞ്ചിലെ പല തോട്ടങ്ങളിലും മുളകുമണികള്‍ അടന്നുവീണു.
കാലാവസ്ഥാമാറ്റം സൃഷ്ടിച്ച ആഘാതം മൂലം തെക്കന്‍ ജില്ലകളില്‍ പൊള്ള മുളകിന്റെ ലഭ്യതയിലും കുറവ് സംഭവിച്ചു. നവംബറില്‍ വില്പനയ്ക്ക് ഇറങ്ങാറുള്ള മൂപ്പ് കുറഞ്ഞ അച്ചാര്‍ വ്യവസായികള്‍ക്കുള്ള മുളക് മാത്രമല്ല സത്ത് നിര്‍മാതാക്കള്‍ക്ക് വേണ്ട ലൈറ്റ് പെപ്പറിന്റെയും വരവ് കുറഞ്ഞു.
മൂപ്പ് കുറഞ്ഞ മുളകിന്റെ ലഭ്യത ചുരുങ്ങിയെങ്കിലും അതിന് അനുസൃതമായി വില ഉയര്‍ന്നില്ല. കിലോ 170 രൂപയിലാണ് നീങ്ങുന്നത്. അണ്‍ഗാര്‍ബിള്‍ഡ് മുളക് വിലയുടെ മൂന്നില്‍ ഒന്ന് വിലയെങ്കിലും ഉറപ്പുവരുത്താനായാലേ ഉത്പാദകര്‍ക്ക് നേട്ടമുള്ളൂ.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഗ്രാമീണ മേഖലകളില്‍ പുതിയ മൂപ്പ് കുറഞ്ഞ മുളക് വരവ് കുറവാണ്. പിന്നിട്ട വാരം അന്തര്‍സംസ്ഥാന വാങ്ങലുകാരില്‍ നിന്നുള്ള ശക്തമായ വാങ്ങല്‍ അണ്‍ഗാര്‍ബിള്‍ഡ് കുരുമുളക് വില 62,900 രൂപയില്‍ നിന്നും 64,200ലേക്ക് ഉയര്‍ത്തി. വിപണിയുടെ പ്രതീക്ഷയ്ക്ക് ഒത്ത് നാടന്‍ ചരക്ക് ലഭ്യമല്ല, അതേസമയം ഇറക്കുമതി മുളകുമായി കലര്‍ത്തി പലരും വില്പനയ്ക്ക് ഇറക്കുന്നുണ്ട്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ഇന്ത്യന്‍ കുരുമുളക് വില ടണ്ണിന് 8000 ഡോളര്‍.
റബർ
നാലാം ഗ്രേഡ് റബറിനെ 200നു മുകളില്‍ എത്തിക്കാന്‍ കാര്‍ഷിക മേഖല സംഘടിതനീക്കം നടത്തുകയാണ്. അതേസമയം വിപണിയുടെ ഡബിള്‍ സെഞ്ചുറി മോഹത്തിന് തുരങ്കംവയ്ക്കാന്‍ ടയര്‍ ലോബി എല്ലാ അടവുകളും പയറ്റുന്നുണ്ട്. 194ല്‍ നിന്നും 198 വരെ കയറിയ നാലാം ഗ്രേഡ് 200നെ കൈപിടിയില്‍ ഒതുക്കുമെന്ന ഘട്ടത്തില്‍ വ്യവസായികള്‍ കൂട്ടത്തോടെ വാങ്ങല്‍ നിരക്ക് താഴ്ത്തിയത് സ്റ്റോക്കിസ്റ്റുകളില്‍ ഞെട്ടലുളവാക്കി. വിലയിടിവ് വില്പന സമ്മര്‍ദത്തിന് ഇടയാക്കുമെന്നാണ് വ്യവസായികള്‍ കണക്കുകൂട്ടിയതെങ്കിലും ഉത്പാദന മേഖല ഈ അവസരത്തില്‍ സംയമനം പാലിച്ചത് ടയര്‍ ലോബിയെ അസ്വസ്ഥരാക്കി.
ജപ്പാന് ഒസാക്ക എക്സ്ചേഞ്ചില്‍ റബര്‍ ഡിസംബര്‍ അവധി ബുള്ളിഷ് മൂഡില്‍ നീങ്ങുന്നതിനാല്‍ ഏഷ്യയിലെ മറ്റ് വിപണികളിലും റബറില്‍ നിക്ഷേപകര്‍ താത്പര്യം കാണിച്ചു. ചൈനയിലും സിംഗപ്പുരിലും റബര്‍ വിലയിലുണ്ടായ മുന്നേറ്റം മുഖ്യ കയറ്റുമതി വിപണിയായ ബാങ്കോക്കിലും ഷീറ്റ് വില ഉയര്‍ത്തി. തായ് മാര്‍ക്കറ്റില്‍ 20,593 രൂപയില്‍ നിന്നു 21,035 രൂപയിലേക്ക് ഷീറ്റ് വില ഉയര്‍ന്നു. മാര്‍ച്ച് വരെയുള്ള കാലയളവിലെ ആവശ്യങ്ങള്‍ക്ക് ചൈനീസ് ടയര്‍ വ്യവസായികള്‍ മുന്‍കൂര്‍ കച്ചവടങ്ങള്‍ക്ക് ഉത്സാഹിച്ചു.
കൊക്കോ
അനവസരത്തിലെ മഴ കൊക്കോ ഉത്പാദകരുടെ ഉറക്കം നഷ്ടപ്പെടുത്തി. ഹൈറേഞ്ചിലും മറ്റ് ഭാഗങ്ങളിലും വാരാരംഭത്തില്‍ അലയടിച്ച കനത്ത മഴ കൊക്കോ മരങ്ങളില്‍ വ്യാപകമായ തോതില്‍ പൂക്കള്‍ അടര്‍ന്നു വീഴാന്‍ ഇടയാക്കി. പിന്നീട് മഴയ്ക്ക് അല്പം ശമനം കണ്ടെങ്കിലും വരും ദിവസങ്ങളില്‍ കാലാവസ്ഥ തെളിഞ്ഞില്ലെങ്കില്‍ ഫെബ്രുവരി-മാര്‍ച്ച് സീസണില്‍ വിളവ് കുറയുമെന്ന ആശങ്കയിലാണ് ഉത്്പാദകര്. നേരത്തേ സെപ്റ്റംബറില്‍ അനുഭവപ്പെട്ട മഴ കൊക്കോയുടെ നവംബര്‍ വിളവ് ഗണ്യമായി കുറച്ചിരുന്നു.
ഹൈറേഞ്ചില്‍ ഉണക്ക കായ കിലോ 650-700 രൂപയിലാണ്. അന്താരാഷ്ട്ര വിപണിയില്‍ കൊക്കോ മാര്‍ച്ച് അവധി 9400 ഡോളറില്‍നിന്നു 10,092 ഡോളര്‍ വരെ ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം എപ്രിലില്‍ 2638 ഡോളറില്‍ ഇടപാടുകള്‍ക്ക് തുടക്കംകുറിച്ച മാര്‍ച്ച് അവധി വില 10,000 ഡോളറിലേക്ക് ഉയരുന്നത് ആദ്യമാണ്.