കാറുകൾക്കു വില കൂടും
Saturday, December 7, 2024 11:39 PM IST
മുംബൈ: 2025 ജനുവരി ഒന്നു മുതൽ ഇന്ത്യയിൽ കാറുകൾക്ക് വില ഉയരും. മാരുതി സുസുക്കി, ഹ്യൂണ്ടായ് മോട്ടോർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ, മെഴ്സിഡസ് ബെൻസ് ഇന്ത്യ, ബിഎംഡബ്ല്യു ഇന്ത്യ എന്നി കന്പനികളുടെ കാറുകൾക്ക് മൂന്നു മുതൽ നാലു ശതമാനം വരെ വില ഉയരും.
അസംസ്കൃതവസ്തുക്കളുടെ വിലവർധന, ചരക്കുഗതാഗതവുമായി ബന്ധപ്പെട്ട ഉയർന്ന ചെലവുകൾ, പ്രവർത്തന ചെലവുകൾ, പ്രതികൂലമായ എക്സ്ചേഞ്ച് റേറ്റുകൾ എന്നീ ഘടകങ്ങളും വില കൂട്ടാൻ കന്പനികളെ പ്രേരിപ്പിച്ചത്.
ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ വിലവർധിപ്പിക്കാൻ തീരുമാനിച്ചതിനു പിന്നാലെയാണ് മറ്റ് വാഹന നിർമാതാക്കളും വില കൂട്ടുന്നതായി പ്രഖ്യാപിച്ചത്. ഹ്യൂണ്ടായിയുടെ വാഹനങ്ങൾക്ക് ജനുവരി മുതൽ 25,000 രൂപ വരെ വിലവർധിക്കും.
മാരുതി മോഡലുകൾക്ക് നാല് ശതമാനവും മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എംജി മോട്ടോർ എന്നിവയുടെ മോഡലുകൾക്ക് മൂന്നു ശതമാനവും വില കൂടും. ആഡംബര കാർ നിർമാതാക്കളായ ഒൗഡി, മെഴ്സിഡസ് ബെൻസ്, ബിഎംഡബ്ല്യു എന്നിവയും തങ്ങളുടെ എല്ലാ മോഡലുകൾക്കും മൂന്നു ശതമാനം വരെ വില ഉയർത്തും. വിലവർധനവിന്റെ ഭാരം ഉപഭോക്താക്കളെ ബാധിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുന്നുമെന്നാണ് കന്പനികൾ അറിയിച്ചത്.
കാർ നിർമാണത്തിലെ അസംസ്കൃത വസ്തുക്കളായ അലുമിനിയം, സിങ്ക്, റബർ എന്നിവയുടെ വില ഉയർന്നതിനൊപ്പം ചരക്കു ഗതാഗതത്തിലെ വർധിച്ച ചെലവും ഉയർന്ന പ്രവർത്തന ചെലവുമാണ് കന്പനികളെ വിലകൂട്ടാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ വർഷത്തെക്കാൾ അലുമിനിയത്തിന്റെ വില 10.6 ശതമാനമായി ഉയർന്നു. റബറിന്റെ വില 26.8 ശതമാനവും വർധിച്ചു.
മാരുതി സുസുക്കി
2025 ജനുവരി മുതൽ മാരുതിയുടെ കാറുകൾക്ക് നാലു ശതമാനം വില ഉയരുമെന്നാണ് പ്രഖ്യാപിച്ചത്. ഈ വിലക്കയറ്റം ഓരോ മോഡലുകളെ അനുസരിച്ച് വ്യത്യാസപ്പെടുമെന്ന് കന്പനി അറിയിച്ചു.
ആൾട്ടോ കെ 10, എസ്പ്രെസോ, സെലേറിയോ, എക്കോ, വാഗണ്‍ആർ, സ്വിഫ്റ്റ്, ഡിസയർ, ബ്രെസ, എർട്ടിഗ, ഇഗ്നിസ്, സിയാസ്, ഗ്രാൻഡ് വിസ്ത, ജിമ്നി, എക്സ്എൽ 6, ഇൻവിക്റ്റോ എന്നിവയാണ് മാരുതി വില്‍ക്കുന്ന കാറുകൾ
ഹ്യൂണ്ടായി മോട്ടോർ
ഹ്യൂണ്ടായി എല്ലാ മോഡലുകൾക്കും വിലക്കയറ്റം ബാധിക്കും. ഉയർന്ന പ്രവർത്തന ചെലവുകളാണ് ചെറിയ തോതിലുള്ള വില വർധനവിനു പ്രേരിപ്പിച്ചതെന്ന് ഹ്യൂണ്ടായി ഇന്ത്യ ഹോൾ ടൈം ഡയറക്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ തരുണ്‍ ഗാർഗ് പറഞ്ഞു. എല്ലാ എംവൈ25 മോഡലുകൾക്ക് വില വർധനവുണ്ടാകും.
ഗ്രാൻഡ് ഐ10 നിയോസ്, ഐ20, ഐ20 എൻ ലൈൻ, ഒൗറ, വേർണ, എക്സ്റ്റർ, വെന്യൂ, വെന്യു എൻ ലൈൻ, ക്രെറ്റ്, ക്രെറ്റ എൻ ലൈൻ, അല്‍കസർ, ട്യൂക്സണ്‍, ഇനോക് 5 (ഇവി) എ്ന്നിവയാണ് ഹ്യൂണ്ടായിയു കാറുകൾ.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര
മഹീന്ദ്രയുടെ എസ്യുവികളായ ബൊലേറോ, ബൊലേറോ നിയോ, എക്സ്യുവി 3 എക്സ്ഒ, താർ, താർ റോക്സ്, സ്കോർപിയോ ക്ലാസിക്, സ്കോർപിയോ എൻ, എക്സ്യുവി700, എക്സ്യുവി400 (ഇവി), ബിഇ 6ഇ (ഇവി), എക്സ്ഇവി 9ഇ (ഇവി) എന്നീ എല്ലാ മോഡലുകൾക്കു വില വർധനയുണ്ടാകും.
എംജി മോട്ടോർ
എംജിയുടെ എല്ലാ മോഡലുകൾക്കും മൂന്നു ശതമാനം വിലക്കയറ്റമുണ്ടാകും. കോമറ്റ് ഇവി, ഇസഡ്എസ് ഇവി, വിൻഡ്സർ ഇവി, അസ്റ്റർ, ഹെക്ടർ, ഗ്ലോസ്റ്റർ എന്നിവയാണ് മോഡലുകൾ.
മെഴ്സിഡസ്-ബെൻസ്
മെഴ്സിഡസ് ബെൻസിന്റെ എല്ലാ മോഡലുകൾക്കും ജനുവരി ഒന്നു മുതൽ വിലക്കയറ്റമുണ്ടാകും. എന്നാൽ, നിലവിലുള്ളതും സ്റ്റോക്കിലില്ലാത്ത ബുക്ക് ചെയ്തിട്ടുള്ളതുമായ എല്ലാ കാറുകൾക്കും ഡിസംബർ 31 വരെ കന്പനി വില പരിരക്ഷ വാഗ്ദാനം ചെയ്യുന്നുണ്ട്. ജിഎൽസിക്ക് രണ്ടു ലക്ഷവും രൂപയും മെഴ്സിഡസ്-മെയ്ബാക്് എസ് 680 ലിമോസിന് ഒൻപത് ലക്ഷം രൂപയും വർധിക്കും.
ബിഎംഡബ്ല്യു
ബിഎംഡബ്ല്യുവിന്റെ എല്ലാ മോഡലുകൾക്കും ജനുവരി ഒന്നു മുതൽ വിലക്കയറ്റമുണ്ടാകും.