2025ലെ വിപണി സാധ്യതകളെക്കുറിച്ച് മാര്‍ക്കറ്റ് ഔട്ട്ലുക്ക് റിപ്പോർട്ട്
Thursday, December 5, 2024 11:09 PM IST
കൊച്ചി: മൂലധന നിക്ഷേപത്തിലെ വളര്‍ച്ചയും നിര്‍മിതബുദ്ധിയടക്കം സാങ്കേതികമേഖലയുടെ കുതിപ്പും ഗ്രാമീണ ഉപഭോഗവര്‍ധനയും അടുത്ത വര്‍ഷം ഇന്ത്യന്‍ വിപണിയെ നയിക്കുന്ന കാര്യങ്ങളാകുമെന്ന് പഠനറിപ്പോർട്ട്.
ധനകാര്യ സേവന മേഖലയുടെ വളര്‍ച്ചയും വര്‍ധിച്ചുവരുന്ന ആരോഗ്യസേവന ചെലവുകളും വിപണിയുടെ ശ്രദ്ധ ആകര്‍ഷിക്കുന്ന ഘടകങ്ങളാകുമെന്നും കൊട്ടക് മഹീന്ദ്ര അസറ്റ് മാനേജ്മെന്റ് കമ്പനി (കെഎംഎഎംസി) 2025ലെ വിപണിസാധ്യതകള്‍ സംബന്ധിച്ചു തയാറാക്കിയ മാര്‍ക്കറ്റ് ഔട്ട്ലുക്ക് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അടുത്ത വര്‍ഷം നിക്ഷേപകരുടെ ശ്രദ്ധയില്‍ വരേണ്ട നിക്ഷേപ ആശയങ്ങളും സാമ്പത്തിക പ്രവണതകളും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തെ വലിയ സാമ്പത്തിക പുരോഗതിയിലേക്കു നയിക്കുന്ന ഒരു മൂലധന നിക്ഷേപചക്രം ആരംഭിച്ചുകഴിഞ്ഞു. വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുന്നതാണിത്. കേന്ദ്രസര്‍ക്കാരും ലിസ്റ്റ് ചെയ്ത കമ്പനികളും നിക്ഷേപം വര്‍ധിപ്പിക്കും.
എന്നാല്‍ സംസ്ഥാനസര്‍ക്കാരുകള്‍ പിന്നാക്കം നില്ക്കാനാണു സാധ്യത. സ്വകാര്യമേഖലയുടെ പ്രോജക്ടുകള്‍ക്ക് മൊത്തം കണക്കാക്കുന്ന നിക്ഷേപം ഒരു ദശകത്തിലെ ഏറ്റവും ഉയര്‍ന്ന തുകയായ 55.12 ലക്ഷം കോടി രൂപയാണെന്നും റിപ്പോർട്ട് പറയുന്നു.
നിര്‍മിതബുദ്ധി, ബ്ലോക്ക് ചെയിന്‍, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ പുതുതലമുറ സേവനങ്ങള്‍ വിശാലമാക്കി, ആഗോള സാങ്കേതിക ഭൂമികയില്‍ ഇന്ത്യ നിര്‍ണായക ശക്തിയായി മാറുകയാണ്. ജനറേറ്റീവ് നിര്‍മിതബുദ്ധിയുടെ വളര്‍ച്ചയാണ് ഈ മേഖലയിലെ വളര്‍ച്ചയുടെ പ്രധാന ചാലകം.
ഇതുവരെ നഗരമേഖലകള്‍ ഉപഭോഗത്തില്‍ ഗ്രാമീണമേഖലയെ പിന്നിലാക്കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഗ്രാമീണമേഖല മികച്ച ഉണര്‍വ് കാണിക്കുന്നുണ്ട്. ആളോഹരി വരുമാനം കൂടുന്നത് ആരോഗ്യസേവനത്തിനു ചെലവഴിക്കുന്ന തുക വര്‍ധിപ്പിക്കുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.