കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ജർമനിയിൽ വർക് സ്പേസ്: ധാരണാപത്രം ഒപ്പിട്ടു
Friday, December 6, 2024 2:06 AM IST
തിരുവനന്തപുരം: കേരളത്തിലെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് ആഗോള ഐടി സേവന ദാതാവായ അഡെസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ ധാരണാപത്രം ഒപ്പുവച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷനു കീഴിലുള്ള സ്റ്റാർട്ടപ്പുകൾക്ക് ജർമനിയിലെ ബെർലിനിൽ വർക് സ്പേസും അനുബന്ധ സൗകര്യങ്ങളും ലഭിക്കാൻ കരാർ വഴിയൊരുക്കും. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ സിഇഒ അനൂപ് അംബികയും അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഐ.എൻ. പ്രമോദും ഒപ്പുവച്ചു. കോവളത്ത് നടന്ന ഹഡിൽ ഗ്ലോബൽ 2024 നോടനുബന്ധിച്ചാണ് ധാരണാപത്രം ഒപ്പുവച്ചത്.
വർക് സ്പേസ് നല്കുന്നതിനൊപ്പം സ്റ്റാർട്ടപ്പുകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ സഹായം, മീറ്റിംഗ് റൂമുകളുടെ ലഭ്യത, അതിവേഗ ഇന്റർനെറ്റ് മുതലായ സേവനങ്ങളും അഡെസോ ലഭ്യമാക്കും. തുടക്കത്തിൽ തുറസായ സ്ഥലത്ത് ആറു സീറ്റുകളും മുറിക്കുള്ളിൽ നാലു സീറ്റുകളുമാണ് ലഭ്യമാകുക.
ധാരണാപത്രം അനുസരിച്ച് കുറഞ്ഞത് ആറുമാസത്തേക്ക് ഇത്തരം വർക് സ്പേസുകൾ സ്റ്റാർട്ടപ്പുകൾക്ക് ഉപയോഗിക്കാനാകും. ആദ്യ മൂന്നു മാസത്തേക്ക് വർക് സ്പേസിന്റെ വാടക നിരക്കുകൾ സ്റ്റാർട്ടപ്പുകൾക്ക് ബാധകമല്ല.