ആർബിഐ ഗവർണായി സഞ്ജയ് മൽഹോത്ര ഇന്ന് സ്ഥാനമേൽക്കും
Wednesday, December 11, 2024 12:19 AM IST
രാജ്യം സാന്പത്തികവെല്ലുവിളികളെ നേരിടുന്ന ഘട്ടത്തിലാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി സഞ്ജയ് മൽഹോത്ര സ്ഥാനമേൽക്കുന്നത്.
ഡോളറിനെതിരേ രൂപയുടെ മൂല്യത്തിലെ ഇടിവ്, പണപ്പെരുപ്പ നിയന്ത്രണം, സാന്പത്തിക വളർച്ചയുടെ മാന്ദ്യം തുടങ്ങിയ വെല്ലുവിളികളെ രാജ്യം നേരിടുന്ന ഘട്ടത്തിലാണ് റവന്യു സെക്രട്ടറി സഞ്ജയ് മൽഹോത്രയുടെ നിയമനം. ആർബിഐ ഗവർണായി ഇന്ന് അദ്ദേഹം ചുമതലയേൽക്കും. മൂന്നു വർഷത്തേക്കാണ് നിയമനം. നിലവിലെ ഗവർണർ ശക്തികാന്ത ദാസ് ഇന്നലെ സ്ഥാനമൊഴിഞ്ഞു.
കംപ്യൂട്ടർ എൻജിനിയറിംഗിൽനിന്ന് ആർബിഐ ഗവർണറിലേക്ക്
1968 ഫെബ്രുവരി 14ന് ബിക്കനേറിലാണ് സഞ്ജയ് മൽഹോത്ര ജനിച്ചത്.1990 ബാച്ച് രാജസ്ഥാൻ കേഡർ ഐഎഎസ് ഓഫീസറാണ് മൽഹോത്ര. 26-ാമത് ആർബിഐ ഗവർണറാകുന്ന മൽഹോത്ര കാൺപൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്നാണ് കംപ്യൂട്ടർ സയൻസിൽ എൻജിനിയറിംഗ് ബിരുദം നേടി. യുഎസിലെ പ്രിൻസ്റ്റണ് യൂണിവേഴ്സിറ്റിയിൽനിന്ന് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
33 വർഷത്തെ തന്റെ കരിയറിൽ, വൈദ്യുതി, ധനകാര്യം, നികുതി, ഇൻഫർമേഷൻ ടെക്നോളജി, ഖനികൾ തുടങ്ങി വിവിധ മേഖലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
2022 ഒക്ടോബർ മുതൽ ധനമന്ത്രാലയത്തിൽ റവന്യു സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. മുൻപ് ധനകാര്യ മന്ത്രാലയത്തിന് കീഴിൽ തന്നെയുള്ള ഫിനാൻഷൽ സർവീസസ് വകുപ്പിൽ സെക്രട്ടറി പദവി വഹിച്ചിരുന്നു.
എല്ലാവർക്കും നന്ദിയെന്ന് ശക്തികാന്ത ദാസ്
“ആർബിഐ ടീമിന് മുഴുവൻ നന്ദി. അഭൂതപൂർവമായ ആഗോള ആഘാതങ്ങളുടെ അസാധാരണമായ ഒരു കാലഘട്ടം നമ്മൾ ഒരുമിച്ച് വിജയകരമായി തരണം ചെയ്തു. വിശ്വാസത്തിന്റെയും വിശ്വാസ്യതയുടെയും സ്ഥാപനമെന്ന നിലയിൽ ആർബിഐ ഇനിയും ഉയരത്തിൽ വളരട്ടെ. നിങ്ങൾ ഓരോരുത്തർക്കും എന്റെ ആശംസകൾ”. ശക്തികാന്ത ദാസ് വിടവാങ്ങൽ സന്ദേശമായി എക്സിൽ കുറിച്ചു.
ശക്തികാന്ത ദാസിന്റെ കാലാവധി നീട്ടുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് പുതിയ നിയമനമുണ്ടായത്. 2018 ഡിസംബർ 12 ന് ആർബിഐയുടെ 25-ാമത് ഗവർണറായി നിയമിതനായ ശക്തികാന്ത ദാസിന് മൂന്നു വർഷത്തിനുശേഷവും കാലവധി നീട്ടിനൽകുകയായിരുന്നു. നിലവിൽ അഞ്ചുവർഷം എന്ന കാലാവധി കഴിഞ്ഞും സർവീസിൽ തുടരുകയായിരുന്നു ശക്തികാന്ത ദാസ്.
ആർബിഐ ഗവർണറായി സേവനമനുഷ്ഠിച്ച ആറു വർഷക്കാലം നേട്ടങ്ങളും വെല്ലുവിളികളും നിറഞ്ഞതായിരുന്നു. പുതിയ സാങ്കേതികവിദ്യയെ സ്വീകരിക്കാൻ ആർബിഐ തയാറായി. ഇക്കാലത്താണ് ആർബിഐ ഇന്നവേഷൻ ഹബ് ബംഗളൂരുവിൽ സ്ഥാപിക്കുന്നത്. സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി, സാന്പത്തിക മേഖലയിലുടനീളം നവീകരണത്തെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതിന്റെ സ്ഥാപനം.
കോവിഡ് മഹാമാരി, റഷ്യ-യുക്രെയ്ൻ യുദ്ധം, പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ തുടങ്ങി ലോകമെന്പാടുമുള്ള സാന്പത്തിക അസ്ഥിരതയും ഉൾപ്പെടെയുള്ള വെല്ലുവിളികൾ നിറഞ്ഞതായിരുന്നു ഈ ആറു വർഷം. ഈ കാലഘട്ടത്തിൽ ഇന്ത്യൻ സന്പദ്വ്യവസ്ഥയെ വലിയ കോട്ടം തട്ടാതെ നയിക്കാൻ ശക്തികാന്ത ദാസിനായി.
ഭക്ഷ്യ വിലക്കയറ്റം, ഇന്ത്യയുടെ ജിഡിപി വളർച്ച സെപ്റ്റംബർ പാദത്തിൽ രണ്ടു വർഷത്തെ താഴ്ചയായ 5.4 ശതമാനത്തിലേക്കു കൂപ്പുകുത്തിയപ്പോൾ പലിശ നിരക്ക് കുറയ്ക്കണമെന്ന് കേന്ദ്രമന്ത്രിമാർ ആർബിഐയിൽ സമ്മർദമുയർത്തിയെങ്കിലും ശക്തികാന്ത ദാസിന്റെ അധ്യക്ഷതയിൽ ചേർന്ന പണ നയ നിർണയ സമിതി പലിശ നിരക്കിൽ മാറ്റം വരുത്തിയില്ല.