എംഎസ്എംഇ മേഖലയ്ക്കു വായ്പ വര്‍ധിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ
Monday, December 9, 2024 11:57 PM IST
കൊച്ചി: ബറോഡ മഹിളാ സ്വാവലംബന്‍, ബറോഡ സ്മാര്‍ട്ട് ഒഡി എന്നീ പുതിയ പദ്ധതികളിലൂടെ എംഎസ്എംഇകള്‍ക്കുള്ള വായ്പ വര്‍ധിപ്പിച്ച് ബാങ്ക് ഓഫ് ബറോഡ.
വനിതാ സംരംഭകര്‍ക്ക് ലോണ്‍ നല്കുന്ന പദ്ധതിയാണു ബറോഡ മഹിളാ സ്വാവലംബന്‍. ജിഎസ്ടിയില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ദ്രുത-ഹ്രസ്വകാല പ്രവര്‍ത്തന മൂലധന ധനസഹായം നല്കുന്ന നൂതന ഡിജിറ്റല്‍ ഓവര്‍ ഡ്രാഫ്റ്റ് സൗകര്യമാണു ബറോഡ സ്മാര്‍ട്ട് ഒഡി.
എംഎസ്എംഇക്ക് (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) ധനസഹായം സുഗമമാക്കാനുള്ള സര്‍ക്കാർ തീരുമാനപ്രകാരമാണ് ഈ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്. ബറോഡ മഹിളാ സ്വാവലംബന്‍ മുഖേന വനിതകള്‍ക്ക് 20 ലക്ഷം മുതല്‍ 7.5കോടി രൂപ വരെ വായ്പയായി ലഭിക്കും.
സംരംഭകരായ ബാങ്ക് ഉപഭോക്താക്കള്‍ക്ക് അരലക്ഷം മുതല്‍ 25 ലക്ഷം വരെ ബറോഡ സ്മാര്‍ട്ട് ഒഡി പദ്ധതിയിലൂടെ ഓവര്‍ ഡ്രാഫ്റ്റായി നല്‍കും. എംഎസ്എംഇകളുടെ സാമ്പത്തിക ആവശ്യങ്ങള്‍, സ്ത്രീകളുടെ സംരംഭങ്ങള്‍, യുവാക്കള്‍ ആരംഭിക്കുന്ന ബിസിനസുകള്‍ എന്നിവയെ ശക്തീകരിക്കാൻ ബാങ്ക് ഓഫ് ബറോഡ പ്രതിജ്ഞാബദ്ധരാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ലാല്‍ സിംഗ് പറഞ്ഞു.