jiohotstar.com റിലയൻസിനു സ്വന്തം
Wednesday, December 4, 2024 11:59 PM IST
മുംബൈ: റിലയൻസ് ഇൻഡസ്ട്രീസിന്റെ സബ്സിഡിയറിയായ വയാകോം18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ജിയോഹോട്സ്റ്റാർഡോട്കോം (jiohotstar.com) ഔദ്യോഗികമായി സ്വന്തമാക്കി. മാസങ്ങളായി നീണ്ട ചർച്ചകൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിലാണ് ഡൊമെയ്ൻ വയാകോം18 മീഡിയ സ്വന്തമാക്കിയത്.
റിലയൻസിന്റെ വയാകോം 18 മീഡിയ പ്രൈവറ്റ് ലിമിറ്റഡും ഡിസ്നി ഹോട്സ്റ്റാറും തമ്മിലുള്ള ലയനത്തിനിടെ ഈ ഡൊമെയ്ൻ ഡൽഹിയിലെ ഒരു എൻജിനിയർ സ്വന്തമാക്കി. പിന്നീട് അദ്ദേഹം ഡൊമെയ്ന്റെ ഉടമസ്ഥാവകാശം ദുബായി ആസ്ഥാനമാ യുള്ള സഹോദരങ്ങളായ ജൈനത്തിനും, ജീവികയ്ക്കും നൽകി.
കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ തനിക്കു പഠിക്കുന്നതിനുള്ള സാന്പത്തിക സഹായം നല്കിയാൽ ഡൊമെയ്ൻ തരാമെന്ന് ഡൽഹിയിലെ എൻജിനിയർ ആദ്യം പറഞ്ഞു. ഇത് റിലയൻസ് തള്ളിക്കളഞ്ഞു.
ഇതിനുശേഷം ഉടസ്ഥാവകാശം ദുബായിയിലുള്ള സഹോരങ്ങൾക്കു നൽകുകയായിരുന്നു. ഇവര് പിന്നീട് കഴിഞ്ഞ മാസം ഡൊമെയ്ന്റെ അവകാശം റിലൻസിന് നൽകുകയായിരുന്നു. റിലയൻസിന് ഡൊമെയ്ന്റെ ഉടമസ്ഥാവകാശം സൗജന്യമായി നൽകുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.