കോമ്പൗണ്ട് റബര്‍ : തീരുവ ഉയര്‍ത്തുന്നതില്‍ കേന്ദ്രത്തിന് നിസംഗത
Wednesday, December 11, 2024 12:19 AM IST
റെജി ജോസഫ്
കോട്ടയം: കോമ്പൗണ്ട് റബര്‍ ഇറക്കുമതിക്ക് നിലവിലുള്ള അഞ്ചു ശതമാനം തീരുവ സ്വാഭാവിക റബറിനു തുല്യമായ 25 ശതമാനത്തിലേക്ക് വര്‍ധിപ്പിക്കാന്‍ കേന്ദ്രം നടപടിയെടുക്കാതെ ഷീറ്റ് റബര്‍ വില മെച്ചപ്പെടില്ല.
മഴ ശമിച്ച് റബര്‍ ഉത്പാദനം കൂടുതൽ ലഭിക്കുന്ന ഡിസംബര്‍- ഫെബ്രുവരി മാസങ്ങളില്‍ വന്‍തോതില്‍ ക്രംബും കോമ്പൗണ്ട് റബറും ഇറക്കുമതി ചെയ്ത് ഷീറ്റിന് വിലയിടിക്കാനുള്ള നീക്കത്തിലാണ് വ്യവസായികള്‍.
ഈ സാമ്പത്തികവര്‍ഷം ഏപ്രില്‍ മുതല്‍ നവംബര്‍ വരെ ടയര്‍ കമ്പനികള്‍ ഇറക്കുമതി ചെയ്തത് 1.25 ലക്ഷം ടണ്‍ കോമ്പൗണ്ട് റബര്‍. പോയവര്‍ഷം ഇതേസമയത്ത് ഇറക്കുമതി 90,000 ടണ്‍ മാത്രമായിരുന്നു.
പ്രകൃതിദത്ത റബറില്‍ കൃത്രിമ റബര്‍, കാര്‍ബണ്‍ ബ്ലാക്ക്, രാസവസ്തുക്കള്‍, സ്റ്റീല്‍ തുടങ്ങിയവ ചേര്‍ത്ത് തയാറാക്കുന്നതാണ് കോമ്പൗണ്ട് റബര്‍. സ്വാഭാവിക റബറിനൊപ്പം ഇതും ടയര്‍ ഉത്പാദനത്തില്‍ കൂടിയ തോതില്‍ ഉപയോഗിക്കുന്നു.
ആസിയാന്‍ സഖ്യരാഷ്ട്രങ്ങളില്നിന്ന് കോമ്പൗണ്ട് ഇറക്കുമതിക്ക് അഞ്ചു ശതമാനം നികുതി അടച്ചാല്‍ മതി. മറ്റ് രാജ്യങ്ങളില്‍ നിന്ന് 25 ശതമാനമാണ് തീരുവ. കൂടുതല്‍ നേട്ടമുണ്ടാക്കന്‍ അന്‍പതിനായിരം ടണ്‍ കോമ്പൗണ്ട് റബര്‍ കൂടി ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് ഈ മാസം കൊണ്ടുവരാനുള്ള നീക്കത്തിലാണ് ടയര്‍ കമ്പനികള്‍.
ആസിയാന്‍ രാജ്യങ്ങളില്‍നിന്നുള്ള കോമ്പൗണ്ട് റബറിനും 25 ശതമാനം തീരുവ ഏര്‍പ്പെടുത്തണമെന്ന് റബര്‍ ബോര്‍ഡ് കേന്ദ്ര വാണിജ്യമന്ത്രാലയത്തിന് ശിപാര്‍ശ നല്‍കിയെങ്കിലും കോമ്പൗണ്ട് റബര്‍ അസംസ്കൃത വസ്തുവല്ല, മറിച്ച് ഒരു ഉത്പന്നമാണെന്ന നിലപാടിലാണ് കേന്ദ്രം.
കോമ്പൗണ്ട് റബറും ക്രംബ് റബറും വലിയ തോതില്‍ എത്തിയതോടെയാണ് ഓഗസ്റ്റില്‍ 250 രൂപയിലെത്തിയ ഷീറ്റ് കഴിഞ്ഞ മാസം 165 രൂപയിലേക്ക് താഴ്ന്നത്. പിന്നീട് 200 രൂപയിലേക്ക് കയറി. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍ മഴ ശക്തമായത് അന്താരാഷ്ട്ര ഉത്പാദനത്തില്‍ നേരിയ ഇടിവുണ്ടാക്കി. എന്നാല്‍ ഈ ഉയർച്ചയുടെ നേട്ടം ഷീറ്റ് സ്റ്റോക്ക് ചെയ്തിരുന്ന വന്‍കിട ഡീലര്‍മാര്‍ക്കു മാത്രമാണ്.
ആസിയാന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കോമ്പൗണ്ട് റബറിന്റെ തീരുവ വര്‍ധിപ്പിക്കണമെന്ന ആവശ്യവുമായി കേരളത്തില്‍നിന്നുള്ള എംപിമാര്‍ വാണിജ്യ മന്ത്രാലയ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും ഉറപ്പ് ലഭിച്ചില്ല.
തീരുവ ഉയര്‍ത്താന്‍ ബജറ്റില്‍ തീരുമാനിച്ചെങ്കിലും സ്വതന്ത്ര വ്യാപാര കരാര്‍ നിലവിലുള്ള ആസിയാന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്കും അതു ബാധകമാക്കണമെന്നാണു കേരളത്തിന്റെ ആവശ്യം. നിലവില്‍ കോമ്പൗണ്ട് റബറിന്റെ 55 ശതമാനത്തോളം ഇറക്കുമതി ചെയ്യുന്നത് ആസിയാന്‍ രാജ്യങ്ങളില്‍ നിന്നാണ്. ബാക്കി 45 ശതമാനത്തോളം യുഎസ്എ, ജര്‍മനി, ദക്ഷിണ കൊറിയ, ഇറ്റലി, ഫ്രാന്‍സ്, യുകെ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ്.
കോമ്പൗണ്ട് റബറില്‍ മാത്രമല്ല, സ്വാഭാവിക റബറിന്റെ ഇറക്കുമതിയിലും 25 ശതമാനം വര്‍ധന ഇക്കൊല്ലമുണ്ട്. കഴിഞ്ഞ മൂന്നു മാസങ്ങളിലായി 1.10 ലക്ഷം ടണ്‍ റബറാണ് കമ്പനികള്‍ ഇറക്കിയത്. കപ്പല്‍, കണ്ടെയ്നര്‍ നിയന്ത്രണം വരുന്നതിനുമുന്പ് ബുക്ക് ചെയ്തിരുന്ന ചരക്ക്, നിയന്ത്രണം മാറിയതോടെ ഒന്നിച്ചെത്തിയെന്നാണ് ടയര്‍ കമ്പനികളുടെ വിശദീകരണം.
കോമ്പൗണ്ട് റബറും സ്വാഭാവിക റബറും വന്‍തോതില്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ ഷീറ്റ് വിലയില്‍ വലിയ കുതിപ്പിന് സാധ്യതയില്ല. സംസ്ഥാന സര്‍ക്കാര്‍ 200 രൂപ ഉറപ്പാക്കി ഷീറ്റ് സഹകരണ ഏജന്സികള്മഖേന സംഭരിക്കാന്‍ നീക്കമുണ്ടായാല്‍ വില കുറെക്കൂടി മെച്ചപ്പെടാം.
വില താഴുന്ന സാഹചര്യത്തില്‍ ടാപ്പിംഗ് നിറുത്താന്‍ ആലോചിക്കുന്ന കര്‍ഷകരുമുണ്ട്. ഇന്നലെ ആര്‍എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 193 രൂപയും ഗ്രേഡ് അഞ്ചിന് 189 രൂപയുമായി വില ഇടിഞ്ഞു.