ആർഇസിക്ക് ഗോർഡൻ പീക്കോക്ക് അവാർഡ്
Friday, December 6, 2024 11:25 PM IST
ന്യൂഡൽഹി: കേന്ദ്ര പൊതുമേഖലാസ്ഥാപനവും മഹാരത്ന കന്പനിയുമായ ആർഇസിക്ക് കന്പനി ഭരണത്തിലെ മികവിന് ഗോർഡൻ പീക്കോക്ക് അവാർഡ് ലഭിച്ചു. കേന്ദ്ര ഊർജമന്ത്രാലയത്തിനു കീഴിലുള്ള ബാങ്കിതര ധനകാര്യ സ്ഥാപനമാണ് ആർഇസി.
ലണ്ടനിൽ നടന്ന ചടങ്ങിൽ ഗോൾഡൻ പീക്കോക്ക് അവാർഡ് സെക്രട്ടേറിയറ്റും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയറക്ടേഴ്സും ചേർന്നാണ് അവാർഡ് സമ്മാനിച്ചത്. വിവിധ വേഖലകളിലെ ഉന്നതർ അവാർഡ്ദാന ചടങ്ങിൽ പങ്കെടുത്തു.
ഊർജമേഖലയിലെ ധനകാര്യ വിഭാഗത്തിനുള്ള അവാർഡാണു ലഭിച്ചത്. അവാർഡ് ലഭിച്ചതിലൂടെ ആർഇസി അന്ത്യന്തം ബഹുമാനിതമായെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ വിവേക് കുമാർ ദേവാംഗൻ പറഞ്ഞു.
സദ്ഭരണ തത്വങ്ങൾ മുറുകെപ്പിടിക്കുന്നതിന്റെയും കന്പനിയുമായി ബന്ധപ്പെട്ടവർക്കുള്ള മൂല്യങ്ങൾ രൂപീകരിക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും ഫ്രതിഫലനമാണ് അവാർഡിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് എം.എൻ. വെങ്കിട ചെല്ലയ്യ അധ്യക്ഷനായ ജൂറിയാണ് അവാർഡിനായി ആർഇസിയെ തെരഞ്ഞെടുത്തത്. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് യു.യു. ലളിത്, സുപ്രീകോടതി ജഡ്ജി മെർവിൻ ഇ. കിംഗ് എന്നിവരായിരുന്നു ജൂറിയിലെ മറ്റ് അംഗങ്ങൾ.