ഫാഷൻലോകത്ത് ടാറ്റ x റിലയൻസ് പോരാട്ടം
Saturday, December 7, 2024 11:39 PM IST
ഇന്ത്യൻ വ്യവസായ ഭീമൻമാരായ റിലയൻസും ടാറ്റയും വീണ്ടും നേർക്കുനേർ. ഇന്ത്യൻ ഫാഷൻ ലോകത്താണ് ഇരുവരും മത്സരിക്കുന്നത്. ഈ മത്സരം ഇന്ത്യൻ ഉപഭോക്താക്കൾക്ക് കാര്യമായ നേട്ടങ്ങൾ നൽകുമെന്നാണ് വിലയിരുത്തൽ.
സ്റ്റൈലും താങ്ങാനാവുന്ന വിലയും ഒത്തുചേർന്ന ടാറ്റ ഗ്രൂപ്പിന്റെ ബ്രാൻഡായ ‘സൂഡിയോ’യുടെ വിജയത്തിനു മറുപടി റിലയൻസ് റീട്ടെയിൽ ‘യൂസ്റ്റ’യിലൂടെ ഒരുങ്ങുന്നു.
സൂഡിയോയ്ക്കു വെല്ലുവിളിയായി 2023ൽ തുടങ്ങിയ യൂസ്റ്റ ആദ്യ വർഷം തന്നെ 50 സ്റ്റോറുകൾ തുറന്നു. സൂഡിയോയ്ക്കു സമാനമായ ഒരു മോഡലാണ് യൂസ്റ്റയിലും. യൂസ്റ്റയിലെ എല്ലാ സാധനങ്ങൾക്കും 999 രൂപയിൽ താഴെയാണ് വില. ഭൂരിപക്ഷ സാധനങ്ങൾക്കും 499ൽ താഴെ.
2018 സാന്പത്തികവർഷത്തിലാണ് നോയൽ ടാറ്റയുടെ നേതൃത്വത്തിലുള്ള ട്രെന്റ് സ്വതന്ത്രമായ ആദ്യ സൂഡിയോ സ്റ്റോർ ആരംഭിക്കുന്നത്. ഇതിന്റെ വളർച്ച പെട്ടെന്നായിരുന്നു. സൂഡിയോ വരുമാനം ഇപ്പോൾ ട്രെന്റിന്റെ ആകെ വരുമാനത്തിന്റെ മൂന്നിലൊന്ന് വരും. സ്റ്റോറുകളുടെ എണ്ണത്തിലും വരുമാനത്തിലും ട്രെന്റിന്റെ വെസ്റ്റ്സൈഡിനെയും സൂഡിയോ കടത്തിവെട്ടി. 228 വെസ്റ്റ്സൈഡ് സ്റ്റോറുകളും 559 സുഡിയോ സ്റ്റോറുകളുമാണുള്ളത്.
ട്രെന്റിന്റെ 2023-24 ലെ വിൽപ്പനയിൽ 50% വർധന രേഖപ്പെടുത്തി 12,375 കോടി രൂപയായും അറ്റാദായം നാലിരട്ടി വർധിച്ച് 1,477 കോടി രൂപയായും ഉയർന്നു. ട്രെന്റിന്റെ മൊത്ത വരുമാനം അഞ്ച് വർഷത്തെ സംയുക്ത വാർഷിക വളർച്ചാ നിരക്കായ 45 ശതമാനം ഉയർന്നു. അതിൽ ഭൂരിഭാഗവും സൂഡിയോയുടെ സംഭാവനയാണ്.
ചെറുപട്ടണങ്ങളിൽ ഉയർന്നുവന്ന ഇന്ത്യയുടെ പുതിയ ഉപഭോക്തൃ വിഭാഗത്തെ കൈയിലെടുത്താണ് സൂഡിയോ മുന്നേറിയത്. ഇന്റർനെറ്റിന്റെയും സോഷ്യൽ മീഡിയയുടെയും വ്യാപനത്തോടെ ഇവിടത്തെ ഫാഷൻ സംസ്കാരം മാറി. ഈ വിപണി സുഡിയോ നേടിയെടുത്തു. കൂടാതെ ടാറ്റയുടെ സ്ഥാപനമാണെന്ന പേരും ബ്രാൻഡിനെ വളർത്തി. എക്സ്ക്യൂസിവ് ഡിസൈൻ പോർട്ട്ഫോളിയോയും കുറഞ്ഞ ഗ്രോസ് മാർജിനും സൂഡിയോയ്ക്കു ഗുണകരമായി.
യൂസ്റ്റയുമായി റിലയൻസ്
റിലയൻസ് ഇൻഡസ്ട്രീസിന്റെ റീട്ടെയിൽ വിഭാഗം ഈ സാന്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ 76302 കോടി രൂപയുടെ വരുമാനമാണ് രേഖപ്പെടുത്തിയത്. ഒരു വർഷം മുന്പുള്ളതിനെക്കാൾ 1.1 ശതമാനം കുറവ്. ഫാഷൻ ആൻഡ് ലൈഫ്സ്റ്റൈൽ വിഭാഗത്തിലുണ്ടായ ദുർബലമായ ആവശ്യകതയും മാർജിൻ നിർണയിക്കുന്നതിലുള്ള പോരായ്മകളുമാണ് കാരണമായത്.
സൂഡിയോയിലൂടെ ടാറ്റ നേടിയ വിജയം യൂസ്റ്റയിലൂടെ ആർജിക്കുകയാണ് റിലയൻസിന്റെ ലക്ഷ്യം. യൂസ്റ്റയ്ക്കൊപ്പം, എല്ലാ ആഴ്ചയും പുതിയ ശേഖരങ്ങൾ അവതരിപ്പിച്ചുകൊണ്ട് അതിന്റെ പോർട്ട്ഫോളിയോ വിപുലീകരിക്കാൻ റിലയൻസ് റീട്ടെയ്ൽ ലക്ഷ്യമിടുന്നു. ഫാഷനിലെ പുതുമ അവതരിപ്പിക്കുന്നത് വാങ്ങാനെത്തുന്നവരെ ആകർഷിക്കുന്നുണ്ട്. ഫ്രാഞ്ചൈസി മോഡൽ സംവിധാനം മൂലധന ചെലവ് കുറയ്ക്കാൻ സഹായിച്ചു.