ആർബിഐ പ്രഖ്യാപനം: കർഷകർക്ക് ആശ്വാസം
Saturday, December 7, 2024 11:39 PM IST
ന്യൂഡൽഹി: ഈട് രഹിത കാർഷിക വായ്പയുടെ പരിധി റിസർവ് ബാങ്ക് ഉയർത്തിയത് കർഷകർക്ക് ആശ്വാസമാകും. ഈട് നൽകാതെ തന്നെ കർഷകർക്ക് ഇനി രണ്ടുലക്ഷം രൂപ വരെ വായ്പ എടുക്കാം. നിലവിൽ പരിധി 1.6 ലക്ഷം രൂപയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന പണ നയ നിർണയ സമിതി യോഗത്തിലാണ് തീരുമാനമെടുത്തത്. പണപ്പെരുപ്പവും കാർഷിക ചെലവ് വർധിച്ചതും കണക്കിലെടുത്താണ് കർഷകർക്ക് അനുകൂലമായ തീരുമാനം ആർബിഐ സ്വീകരിച്ചത്.
ആർബിഐയുടെ പുതിയ തീരുമാനം കാർഷിക മേഖലയിൽ ശക്തിപ്പെടുത്തും. ചെറുകിട കർഷകർക്ക് ഈ നീക്കം വളർച്ചയ്ക്കും വികസനത്തിനും ആവശ്യമായ ഫണ്ട് ലഭ്യമാക്കുന്നതിന് സാഹ ചര്യമൊരുക്കും.
നിലവിൽ ബാങ്കുകൾ ഈടില്ലാതെ 1.6 ലക്ഷം രൂപ വരെ കാർഷിക വായ്പയായി നൽകുന്നുണ്ട്. 2010ൽ നിശ്ചയിച്ച ഒരു ലക്ഷം രൂപയിൽ നിന്ന് 2019ലാണ് 1.6 ലക്ഷം രൂപയായി പരിധി ഉയർത്തിയത്. പുതിയ തീരുമാനം അംഗീകൃത വായ്പാ സംവിധാനത്തിൽ ചെറുകിട നാമമാത്ര കർഷകരുടെ പരിരക്ഷ വർധിപ്പിക്കുമെന്നും ശക്തികാന്ത ദാസ് അറിയിച്ചു.