ഇന്ത്യ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ആഗോളതലത്തിൽ മൂന്നാമത്
Monday, December 9, 2024 11:57 PM IST
മുംബൈ: കഴിഞ്ഞ 10 വർഷത്തിനിടെ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം ഇരട്ടിയിലധികമായതായി കണക്കുകൾ.
2024 ഏപ്രിൽ വരെയുള്ള 10 വർഷത്തിനിടെ ഇന്ത്യൻ ശതകോടീശ്വരന്മാരുടെ എണ്ണം 185 ആയി വർധിച്ച് അമേരിക്കയ്ക്കും ചൈനയ്ക്കും തൊട്ടുതാഴെ മൂന്നാമതെത്തിയതായി റേറ്റിംഗ് ഏജൻസിയായ യുബിഎസിന്റെ റിപ്പോർട്ട് പറയുന്നു. 835 ശതകോടീശ്വരന്മാരുമായി അമേരിക്കയാണ് മുന്നിട്ടു നിൽക്കുന്നത്. 427 പേരുമായി രണ്ടാം സ്ഥാനത്താണ് ചൈന.
ഇന്ത്യയിൽ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 2024ൽ ദ്രുതഗതിയിലുള്ള വളർച്ചയാണ് ഉണ്ടായത്. ഒരു വർഷത്തിനുള്ളിൽ 32 പുതിയ പേരുകൾകൂടി ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടംപിടിച്ചു. അതായത്, ഏകദേശം 21% വാർഷികവളർച്ച കൈവരിച്ചു. 2015ലെ കണക്കുകളുമായി താരതമ്യപ്പെടുത്തുന്പോൾ ശതകോടീശ്വരന്മാരുടെ വളർച്ച 123% ആണ്.
ഈ കുതിപ്പിൽ കുടുംബ ബിസിനസ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നും ഈ റിപ്പോർട്ട് പറയുന്നു. ആഗോളതലത്തിൽ കുടുംബങ്ങളുടെ ഉടമസ്ഥതയിലുള്ള പൊതുവിൽ ലിസ്റ്റ് ചെയ്തിട്ടുള്ളവയിൽ ഏറ്റവും കൂടുതൽ ബിസിനസുകൾ ഇന്ത്യയിലാണ്. അവയിൽ പലതും തലമുറകളായി മുന്നേറിക്കൊണ്ടിരിക്കുകയാണ്.
രാജ്യത്തെ ഏറ്റവും വലിയ സന്പന്നൻ ആരെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ ഉള്ളൂ- റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. അദ്ദേഹം നിലവിൽ ഏഷ്യയിലെ അതിസന്പന്നനാണ്. അംബാനിക്കു തൊട്ടുപിന്നിൽ അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനിയാണ്. ആഗോളതലത്തിൽ ഇലോണ്‍ മസ്ക് ബഹുദൂരം മുന്നിലാണ്.
റിപ്പോർട്ടുകൾ പ്രകാരം യുഎസിൽ ഒരു വർഷത്തിനിടെ 84 പേർ ശതകോടീശ്വരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചു. സന്പത്ത് വിതരണ പ്രവണത പരിശോധിച്ചാൽ, യുഎസ് ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി 4.6 ട്രില്യണിൽനിന്ന് 5.8 ട്രില്യണ്‍ ഡോളറായി ഉയർന്നു.
എന്നാൽ, ചൈനയിൽ മൊത്തം സന്പത്ത് കുറഞ്ഞു. ചൈനയിലെ ശതകോടീശ്വരന്മാരുടെ മൊത്തം സന്പത്ത് 1.8 ട്രില്യൺ ഡോളറിൽനിന്ന് 1.4 ട്രില്യൺ ഡോളറായി കുറഞ്ഞു. ഇതിന്റെ ഫലമായി 93 പേർ ശതകോടീശ്വരന്മാരുടെ പട്ടികയിൽനിന്ന് പുറത്തായി.
2015നു ശേഷം ആഗോള തലത്തിൽ ശതകോടീശ്വരന്മാരുടെ സന്പത്ത് ഇരട്ടിയായിട്ടുണ്ട്. കൃത്യമായി പറഞ്ഞാൽ 2024ൽ ഇത് 121% വർധിച്ച് 14 ട്രില്യണ്‍ ഡോളറിലെത്തി. ആഗോള ശതകോടീശ്വരന്മാരുടെ എണ്ണം 1,757ൽനിന്ന് 2,682 ആയി ഉയർന്നു.
ഇന്ത്യ സാന്പത്തികവളർച്ച നിലനിർത്തുകയാണെങ്കിൽ, വരും വർഷങ്ങളിൽ രാജ്യത്തെ ശതകോടീശ്വര സംരംഭകരുടെ എണ്ണം ഇനിയും വർധിക്കും. അടുത്ത ദശകത്തിൽ ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായേക്കുമെന്ന് ഈ റിപ്പോർട്ടിൽ പറയുന്നു.