അന്താരാഷ്ട്ര റബർ സമ്മേളനത്തിന് കൊച്ചിയിൽ ഇന്നു തുടക്കം
Wednesday, December 4, 2024 11:59 PM IST
കൊച്ചി: അന്താരാഷ്ട്ര റബർ സമ്മേളനം (റബർകോൺ 2024) ഇന്നു മുതൽ ഏഴു വരെ കൊച്ചി ഹോട്ടൽ ലെ മെറിഡിയനിൽ നടക്കും. നിഷ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ടെസി തോമസ് ഉദ്ഘാടനം ചെയ്യും. രഘുപതി സിംഗാനിയ വിശിഷ്ടാതിഥിയായിരിക്കും.
രാജ്യത്തെ റബർമേഖലയുടെ സുസ്ഥിര വികസനം എന്ന ആശയത്തിലൂന്നി ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ റബർ കോൺഫറൻസ് ഓർഗനൈസേഷന്റെ സഹകരണത്തോടെ ഇന്ത്യൻ റബർ ഇൻസ്റ്റിറ്റ്യൂട്ട് (ഐആർഐ ) ആണു സമ്മേളനം സംഘടിപ്പിക്കുന്നത്.
ഇന്ത്യ, ജർമനി, ഇറ്റലി, ഫ്രാൻസ്, പോളണ്ട്, യുകെ, യുഎസ്എ, കാനഡ, ബെൽജിയം, നെതർലാൻഡ്സ്, ചൈന, ശ്രീലങ്ക, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളെ പ്രതിനിധീകരിച്ച് 90 പേർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. 18 പോസ്റ്റർ അവതരണങ്ങളും ഉണ്ടാകും.
ഇതാദ്യമായിട്ടാണ് റബർകോൺ കേരളത്തിൽ സംഘടിപ്പിക്കുന്നതെന്ന് ഐആർഐ ചെയർമാൻ ഡോ. ആർ. മുഖോപാധ്യായ, വൈസ് ചെയർമാൻ വി.കെ. മിശ്ര, റബർകോൺ ചീഫ് കൺവീനർ പി.കെ. മുഹമ്മദ് എന്നിവർ അറിയിച്ചു.
റബർമേഖലയിലെ ആധുനിക മാറ്റങ്ങളും സാങ്കേതികവിദ്യയിലെ അത്യാധുനിക ഗവേഷണങ്ങളും വികാസങ്ങളും സമ്മളനത്തിൽ പ്രദർശിപ്പിക്കും. ‘റബർ വ്യവസായത്തിലെ സുസ്ഥിര വികസനം - വെല്ലുവിളികളും അവസരങ്ങളും’ എന്ന വിഷയത്തിൽ വിദഗ്ധർ പ്രസംഗിക്കും.