വിപണി ഉഷാറാണ്
ഓഹരി അവലോകനം / സോണിയ ഭാനു
Monday, December 9, 2024 1:04 AM IST
സാങ്കേതിക തിരുത്തലുകള്‍ക്ക് ശേഷം ഓഹരി വിപണി വീണ്ടും ബുള്ളിഷ് മനോഭാവം കാഴ്ചവച്ചു. ഏതാനും ആഴ്ചകളായി വ്യക്തമായ ദിശകണ്ടെത്താന്‍ സെന്‍സെക്സും നിഫ്റ്റിയും നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടു. തുടര്‍ച്ചയായ മൂന്നാം വാരത്തിലും വിപണി മികവ് കാണിച്ചു രണ്ട് ശതമാനം മുന്നേറി. സെന്‍സെക്സ് 1906 പോയിന്റും നിഫ്റ്റി സൂചിക 546 പോയിന്റും വര്‍ധിച്ചു.
ആഗോള ഓഹരി വിപണികളിലെ പോസിറ്റീവ് ട്രെൻഡും ക്രൂഡ് ഓയില്‍ വിലയിടിവും റിസര്‍വ് ബാങ്ക് പണ നയ അവലോകനത്തില്‍ പലിശ നിരക്കുകള്‍ സ്റ്റെഡിയായി നിലനിര്‍ത്തിയതും മികവിന് അവസരം ഒരുക്കി. പിന്നിട്ട ആറ് മാസത്തിനിടയിലെ ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലാണ് ഓഹരി ഇന്‍ഡെക്സുകള്‍.
വിദേശ ഫണ്ടുകള്‍ പടിപടിയായി വില്‍പ്പനത്തോത് കുറയ്ക്കുന്നതിനൊപ്പം വില്പനക്കാരുടെ മേലങ്കിയും അഴിച്ചുമാറ്റുകയാണ്. പിന്നിട്ടവാരം അവര്‍ രണ്ട് ദിവസം മാത്രമേ വില്പനയ്ക്ക് തയാറായുള്ളൂ. ശേഷിക്കുന്ന മൂന്ന് ദിവസം നിക്ഷപകരായത് ശുഭസൂചനയായി വിലയിരുത്താം. തൊട്ട് മുന്‍വാരത്തില്‍ അവര്‍ 2:2 എന്ന അനുപാതത്തിലാണ് വില്പനയും വാങ്ങലും നടത്തിയത്. അതേ വിദേശ ഓപ്പറേറ്റര്‍മാര്‍ ഇനി ക്രിസ്മസിന് മുന്നോടിയായി രംഗം വിടും വരെ വാങ്ങലുകാരായി തുടരാന്‍ സാധ്യത.
അതേസമയം ഈ അവസരത്തില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളുടെ നിലപാടില്‍ മാറ്റം കണ്ടുതുടങ്ങാം. പിന്നിട്ടവാരം ആഭ്യന്തര ഫണ്ടുകള്‍ മൂന്ന് ദിവസം വില്പനയ്ക്കായി മാറ്റിവച്ചു. അടുത്ത വാരം അവര്‍ സ്വീകരിക്കുന്ന നിലപാടിനെ മറികടക്കാന്‍ വിദേശ ഓപ്പറേറ്റര്‍മാര്‍ നീക്കം നടത്താനുളള സാധ്യതകള്‍ സൂചികയെ കൂടുതല്‍ മികവിറ്റതാക്കാം. വിദേശ ഇടപാടുകാര്‍ 2068.58 കോടി രൂപയുടെ ഓഹരി വില്‍പ്പനയും 14,002.18 കോടി രൂപയുടെ നിക്ഷേപവും നടത്തി, ആഭ്യന്തര ഫണ്ടുകള്‍ 5247.7 കോടി രൂപയുടെ നിക്ഷേപവും 3455.25 കോടി രൂപയുടെ വില്പനയും.
സാമ്പത്തിക മേഖലയെ ഞെട്ടിച്ച് രൂപയുടെ മൂല്യത്തില്‍ സര്‍വകാല റിക്കാര്‍ഡ് തകര്‍ച്ച. വിനിമയ നിരക്ക് 84.52ല്‍നിന്നു 84.74ലേക്ക് ദുര്‍ബലമായ ശേഷം വാരാന്ത്യം 84.65ലാണ്. നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയാല്‍ 85.20ലേക്ക് രൂപയുടെ മൂല്യം ദുര്‍ബലമാകാം.
നിഫ്റ്റി സൂചിക 24,131 പോയിന്റില്‍നിന്നു നേട്ടതോടെയാണ് ഇടപാടുകള്‍ തുടങ്ങിയത്. വാങ്ങല്‍ താത്പര്യം ശക്തമായതോടെ സൂചിക 24,857ലേക്ക് ഉയര്‍ന്നങ്കിലും മാര്‍ക്കറ്റ് ക്ലോസിംഗിലെ ലാഭമെടുപ്പില്‍ അല്പം തളര്‍ന്ന് 24,677 പോയിന്റിലാണ്. ഈവാരം 25,016ലേക്ക് മുന്നേറാനുള്ള ആദ്യശ്രമം വിജയിച്ചാല്‍ അടുത്ത ലക്ഷ്യം 25,355 പോയിന്റായി മാറും.
തിരുത്തലിന് മുതിര്‍ന്നാല്‍ 24,179 ല്‍ സപ്പോര്‍ട്ടുണ്ട്. മറ്റ് സാങ്കേതിക വശങ്ങള് വീക്ഷിച്ചാല്‍ എംഎസിഡി സിഗ്നല്‍ ലൈനിന് മുകളില്‍ ഇടം പിടിച്ച് ബുള്ളിഷായി. സൂപ്പര്‍ ട്രെൻഡും പാരാബോളിക്കും നിഷേപകര്‍ക്ക് മുന്നില്‍ പച്ചക്കൊടി ഉയര്‍ത്തിയപ്പോള്‍ മറ്റ് ചില ഇന്‍ഡിക്കേറ്ററുകള്‍ ഓവര്‍ ബോട്ടായി.
ഫണ്ടുകള്‍ നിഫ്റ്റി ഫ്യൂചറിലും ശക്തമായ വാങ്ങലിന് മത്സരിച്ചതോടെ 24,304ല്‍നിന്നു 24,783ലേക്ക് കയറിയെങ്കിലും മുന്‍വാരം സൂചിപ്പിച്ച 24,800 ലെ പ്രതിരോധം നേരിയ വ്യത്യാസത്തില്‍ തകര്‍ക്കാനായില്ല. ഓപ്പണ്‍ ഇന്ററസ്റ്റിലെ വര്‍ധന ശുഭസൂചനയായി നിക്ഷേപകര്‍ക്ക് വിലയിരുത്താമെങ്കിലും മറ്റ് ഘടകങ്ങള്‍ കണക്കിലെടുത്താല്‍ ചെറിയ തിരുത്തലുകള്‍ക്കും ഇടയുണ്ട്. മുന്‍വാരം സൂചിപ്പിച്ചപോലെ ബുള്‍ ഓപ്പറേറ്റര്‍മാരുടെ മികവില്‍ ക്രിസ്മസിന് മുന്നേ ഡിസംബര്‍ ഫ്യുച്ചര്‍ 24,800 - 25,225നെ ഉറ്റുനോക്കാം.
സെന്‍സെക്സ് 79,802 പോയിന്റില്‍ നിന്നുള്ള കുതിപ്പില്‍ മുന്‍വാരം വ്യക്തമാക്കിയ 80,522ലെ ആദ്യ തടസം മറികടന്ന് 81,242-81,725നെ കൈപിടിയില്‍ ഒതുക്കിയ ശേഷം 82,317 വരെ മുന്നേറി. അനുകൂല വാര്‍ത്തകള്‍ ഈ അവസരത്തില്‍ വിപണിയുടെ കുതിപ്പിന് വേഗത പകര്‍ന്നു. വാരാന്ത്യക്ലോസിംഗില് സെന്‍സെക്സ് 81,709 പോയിന്റിലാണ്. ഈ വാരം 80,786-83,863 പോയിന്റില്‍ പ്രതിരോധവും 80,163-78,617 റേഞ്ചില്‍ താങ്ങും പ്രതീക്ഷിക്കാം.
ആഗോള സ്വര്‍ണവില ചാഞ്ചാടി. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയ്ക്ക് അയവ് കണ്ടുതുടങ്ങുമെന്ന വിലയിരുത്തലുകള്‍ക്കിടയില്‍ 2650 ഡോളറില്‍നിന്നും സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2632 ഡോളറിലേയ്ക്ക് വീണ്ടും ഇടിഞ്ഞു. തൊട്ടു മുന്‍വാരത്തിലും ഇതേ റേഞ്ചില്‍ വിപണിക്ക് സപ്പോര്‍ട്ട് ലഭ്യമായത് കണക്കിലെടുത്താല്‍ 2700ലേക്ക് തിരിച്ചുവരവിന് ശ്രമം നടത്താം.