യുപിഐ ലൈറ്റ് പരിധി ഉയർത്തി
Thursday, December 5, 2024 11:09 PM IST
ന്യൂഡൽഹി: ഡിജിറ്റൽ പണമിടപാടുകൾ സുഗമമായി നടത്താൻ യുപിഐ ലൈറ്റ് വാലറ്റ് പരിധി റിസർവ് ബാങ്ക് ഉയർത്തി.
ഒരു ദിവസം മൊത്തത്തിൽ നടത്താൻ കഴിയുന്ന ഇടപാട് പരിധി രണ്ടായിരം രൂപയിൽ നിന്ന് 5000 രൂപയായും ഒരു ഇടപാടിന്റെ പരിധി 500 രൂപയിൽ നിന്ന് ആയിരം രൂപയുമായും ഉയർത്തി റിസർവ് പുതിയ മാർഗനിർദേശം പുറത്തിറക്കി. ഇതോടെ ഇത് ഉടൻ തന്നെ വിവിധ യുപിഐ പ്ലാറ്റ്ഫോമുകളിൽ പ്രാബല്യത്തിൽ വരും. ഒക്ടോബറിലാണ് ഇതുസംബന്ധിച്ച് റിസർവ് ബാങ്ക് പ്രഖ്യാപനം നടത്തിയത്.
എന്താണ് യുപിഐ ലൈറ്റ്
കൂടുതലായി ഉപയോഗിക്കുന്ന യൂണിഫൈഡ് പേമെന്റ് ഇന്റർഫേസിന്റെ (യുപിഐ) ചെറിയ പതിപ്പാണ് യുപിഐ ലൈറ്റ്. പിൻ ഇല്ലാതെ ചെറിയ പേയ്മെന്റുകൾ നടത്താനുള്ള സൗകര്യം നൽകുന്ന വാലറ്റാണ് യുപിഐ ലൈറ്റ്. ഇതിന് ഇന്റർനെറ്റിന്റെയോ ടെലികോം കണക്ടിവിറ്റിയുടെയോ ആവശ്യമില്ല. ഇത് റൂറൽ ഏരിയകളിലും നെറ്റ് വർക്ക് ഇല്ലാത്ത അവസരങ്ങളിലും ഉപയോഗിക്കാനാകുന്നതാണ്.
നിലവിൽ 500 രൂപയായിരുന്നു ഓഫ് ലൈൻ ഇടപാടിന്റെ പരിധി. ഒരു ദിവസം നടത്താൻ കഴിയുന്ന പരമാവധി ഇടപാടു പരിധി 2000 രൂപയുമായിരുന്നു. ഇതിലാണ് മാറ്റം വരുത്തിയത്. ഒരു ദിവസം മൊത്തത്തിൽ നടത്താൻ കഴിയുന്ന ഇടപാട് പരിധി 5000 രൂപയായി ഉയർത്തുന്നതു വഴി ഓഫ്ലൈൻ ഇടപാട് കൂടുതൽ സുഗമമായി നടത്താൻ സഹായിക്കും.
ഒരു ഇടപാടിന്റെ പരിധി 500 രൂപയിൽ നിന്ന് ആയിരം രൂപയായി ഉയർത്തുന്നതും ഉപയോക്താവിന് സൗകര്യമാകും. ഇനിമുതൽ യുപിഐ ലൈറ്റ് ഉപയോഗിച്ച് ആയിരം രൂപയിൽ താഴെ വരുന്ന ഇടപാടുകൾ പിൻ ലെസ് ഫോർമാറ്റിൽ ഒരു ദിവസം നിരവധി തവണ ചെയ്യാം. ഒരു ദിവസത്തെ മൊത്തത്തിലുള്ള പരിധി 5000രൂപ വരെയാകാം.
യുപിഐ ലൈറ്റ് ഇടപാടുകൾ ഓഫ്ലൈൻ മോഡിലാണ്. അഡീഷണൽ ഫാക്ടർ ഓതന്റിക്കേഷൻ (എഎഫ്എ) ആവശ്യമില്ല. കൂടാതെ ഇടപാട് അലർട്ടുകൾ തത്സമയം അയക്കുകയുമില്ല.
യുപിഐ 123 പേ ഇടപാടുകളിലെ പരിധികളിലും ആർബിഐ മാറ്റം വരുത്തിയിരുന്നു. 5000 രൂപയിൽനിന്ന് 10000 രൂപയിലേക്കാണ് ഓരോ ഇടപാടിന്റെയും പരിധി ഉയർത്തിയത്. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെതന്നെ ഫീച്ചർ ഫോണ് ഉപയോക്താക്കൾക്ക് യുപിഐ ഇടപാടുകൾ നടത്താൻ അനുവദിക്കുന്ന സേവനമാണ് യുപിഐ123 പേ. സ്മാർട്ട്ഫോണോ ഇന്റർനെറ്റ് കണക്ഷനോ ഇല്ലാതെകൂടുതൽ ആൾക്കാർക്ക് ഡിജിറ്റൽ പണമിടപാട് നടത്താനാകും.