ടൈകോണ്‍ കേരള 2024 സമാപിച്ചു
Thursday, December 5, 2024 11:09 PM IST
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ സംരംഭകത്വ സമ്മേളനമായ ടൈകോണ്‍ കേരള 2024 സമാപിച്ചു. ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന സമ്മേളനത്തിൽ ടൈ അവാര്‍ഡ് മന്ത്രി കെ. രാജന് വിതരണം ചെയ്തു. ആറു വിഭാഗങ്ങളിലായാണ് ടൈ കേരള അവാര്‍ഡുകള്‍ വിതരണം ചെയ്തത്.
എന്റര്‍പ്രണര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഇവിഎം ഗ്രൂപ്പ് ഓഫ് കമ്പനീസ് (ഓട്ടോമൊബൈല്‍ ഡിവിഷന്) മാനേജിംഗ് ഡയറക്ടര്‍ സാബു ജോണി, നെക്സ്റ്റ് ജെന്‍ എന്റര്‍പ്രണര്‍ അവാർഡ് മുത്തൂറ്റ് ഫിനാന്‍സ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് മുത്തൂറ്റ് ജേക്കബ്, ഇക്കോസിസ്റ്റം എനേബ്ലര്‍ അവാര്‍ഡ് കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റിയിലെ (കെഎയു) അഗ്രിബിസിനസ് ഇന്‍കുബേറ്റർ വിഭാഗം പ്രഫസറും മേധാവിയുമായ ഡോ. കെ.പി. സുധീർ, സ്റ്റാര്‍ട്ടപ്പ് എന്റര്‍പ്രണര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ഫ്ലെക്സിക്ലൗഡ് സഹസ്ഥാപകയും സിഇഒയുമായ അനൂജ ബഷീർ, സോഷ്യല്‍ ഇംപാക്ടര്‍ ഓഫ് ദ ഇയര്‍ പുരസ്കാരം ആക്രി ആപ് സ്ഥാപകനും സിഇഒയുമായ ജി. ചന്ദ്രശേഖർ, ഇന്നൊവേറ്റര്‍ ഓഫ് ദ ഇയര്‍ അവാർഡ് ഇന്‍ടോട്ട് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ രജിത്ത് നായർ എന്നിവർ ഏറ്റുവാങ്ങി.