മൂല്യവർധിത ഉത്പന്നങ്ങളുമായി കുടുംബശ്രീ കേരള ചിക്കൻ
Monday, December 9, 2024 11:57 PM IST
തിരുവനന്തപുരം: കുടുംബശ്രീ കേരള ചിക്കന്റെ ഫ്രോസൺ മൂല്യവർധിത ഉത്പന്നങ്ങൾ വിപണിയിലേക്ക്. ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്സ്, ബോൺലെസ് ബ്രീസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളാണ് വിപണിയിലിറക്കുക.
തദ്ദേശ സ്വയംഭരണ എക്സൈസ് പാർലമെന്ററികാര്യ മന്ത്രി എം.ബി. രാജേഷ് ഇന്ന് സെക്രട്ടേറിയറ്റ് അനക്സ് 2-ലെ നവകൈരളി ഹാളിൽ വൈകുന്നേരം നാലിന് ഉത്പന്നങ്ങളുടെ ലോഞ്ചിംഗ് നിർവഹിക്കും. കുടുംബശ്രീ ഭരണനിർവഹണ സമിതി അംഗങ്ങൾ, എക്സിക്യൂട്ടീവ് ഡയറക്ടർ എച്ച്. ദിനേശൻ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർമാർ തുടങ്ങിയവർ പങ്കെടുക്കും.
ആദ്യഘട്ടത്തിൽ തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ഉത്പന്നങ്ങൾ ലഭിക്കുക. പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ആഭ്യന്തരവിപണിയിൽ ആവശ്യമായതിന്റെ പകുതിയെങ്കിലും ഉത്പാദിപ്പിക്കുന്നതിനൊപ്പം കർഷകർക്ക് വരുമാനവർധനയും ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായാണ് ചിക്കൻ മൂല്യവർധിത ഉത്പന്നങ്ങളുടെ ഉത്പാദനത്തിനും വിപണനത്തിനും തുടക്കമിടുന്നത്.